യൂനിഫോം തസ്തികകളിൽ നിയമനങ്ങൾ സ്തംഭിച്ചു; പൊലീസ് സേനയിലേക്ക് പി.എസ്.സി നിയമനം നടന്നിട്ട് ഒരുവർഷം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് യൂനിഫോം സേനാവിഭാഗങ്ങളിലേക്കുള്ള പി.എസ്.സി നിയമനങ്ങൾ സ്തംഭനാവസ്ഥയിൽ. പൊലീസ്, എക്സൈസ്, ഫയർഫോഴ്സ്, ജയിൽ വകുപ്പുകളിലേക്കുള്ള റാങ്കുപട്ടികകളുടെ കാലാവധി അവസാനിച്ചിട്ടും പുതിയ റാങ്ക് ലിസ്റ്റ് പുറത്തിറക്കുന്നതിൽ പി.എസ്.സിയുടെ മെല്ലപ്പോക്ക് ഉദ്യോഗാർഥികളെ വലക്കുന്നു.
എസ്.ഐ, സിവിൽ പൊലീസ് ഓഫിസർ, സിവിൽ എക്സൈസ് ഓഫിസർ, ഫയർമാൻ, എക്സൈസ് ഇൻസ്പെക്ടർ, അസി. ജയിലർ എന്നീ പ്രധാന തസ്തികകളിലെല്ലാം നിയമനം നിലച്ചിട്ട് വർഷങ്ങളായി.
പി.എസ്.സിയുടെ പുതിയ പരീക്ഷ പരിഷ്കാരത്തെതുടർന്ന് പ്ലസ് ടു, ബിരുദതല പൊതുപരീക്ഷകളിൽ ഉൾപ്പെടുത്തിയാണ് ഈ തസ്തികകളിലേക്ക് പരീക്ഷ നടത്തിയത്. ഒരു തസ്തികയിലും പ്രാഥമിക പരീക്ഷാഫലം പോലും പ്രസിദ്ധീകരിച്ചിട്ടില്ല. മെയിൻ പരീക്ഷ, കായികക്ഷമതാ പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങിയ കടമ്പകൾകൂടി പൂർത്തിയാക്കേണ്ടിവരുന്നതോടെ റാങ്ക് ലിസ്റ്റ് പുറത്തിറങ്ങാൻ ഇനിയും ഒരുവർഷംകൂടി വേണ്ടിവരും.
സംസ്ഥാന പൊലീസ് സേനയിലേക്ക് പി.എസ്.സി വഴി നിയമനം നടന്നിട്ട് ഒരുവർഷത്തിലേറെയായി. സിവിൽ എക്സൈസ് ഓഫിസർ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് റദ്ദായിട്ട് ഒന്നരവർഷം കഴിഞ്ഞു. ഫയർ ആൻഡ് റെസ്ക്യൂ സർവിസിൽ ഫയർമാൻ ഗ്രേഡ്-2 തസ്തികയിൽ നിയമനം നിലച്ചിട്ട് രണ്ടുവർഷമായി.
എക്സൈസ് ഇൻസ്പെക്ടർ, അസി. ജയിലർ തസ്തികകളുടെ റാങ്ക് ലിസ്റ്റും നിലവിലില്ല. എക്സൈസ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് 2020 മാർച്ച് 13നും അസി. ജയിലർ ലിസ്റ്റ് കഴിഞ്ഞ ഒക്ടോബർ 15നുമാണ് അവസാനിച്ചത്. ഫയർ വുമൺ നിയമനവും വൈകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.