ജൂനിയർ ഇൻസ്പെക്ടർ ഒഴിവുകൾ 500ന് മുകളിൽ; ചുരുക്കപ്പട്ടികയിൽ 400 എന്ന് ഉദ്യോഗാർഥികൾ
text_fieldsമലപ്പുറം: സഹകരണ വകുപ്പിൽ 500ന് മുകളിൽ ജൂനിയർ ഇൻസ്പെക്ടർ/ഓഡിറ്റർ ഒഴിവുകളുണ്ടായിട്ടും പി.എസ്.സി 400 പേരുടെ ചുരുക്കപ്പട്ടിക മാത്രമാണ് പുറത്തിറക്കിയതെന്ന് ഉദ്യോഗാർഥികളുടെ പരാതി. റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളുടെ നാലോ അഞ്ചോ ഇരട്ടി പേരുൾപ്പെടുന്ന പട്ടികയാണ് സാധാരണ പുറത്തിറക്കുന്നത്.
2000ന് മുകളിൽ ഉദ്യോഗാർഥികൾ ചുരുക്കപ്പട്ടികയിൽ ഇടം പിടിക്കേണ്ട സ്ഥാനത്താണ് 400 പേരുടെ പട്ടിക പുറത്തിറക്കിയത്. 2020 ഫെബ്രുവരിയിലായിരുന്നു പരീക്ഷ നടത്തിയിരുന്നത്. 80,515 പേരാണ് അപേക്ഷ നൽകിയിരുന്നത്. 2021 ജനുവരിയിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. കട്ട് ഓഫ് മാർക്ക് 73.4 ആണ്. 100 ചോദ്യങ്ങളിൽ നാലെണ്ണം തെറ്റായിരുന്നതിനാൽ പി.എസ്.സിക്ക് പരാതി നൽകിയിരുന്നു.
ഇവ പരിഹരിച്ച് കട്ട് ഓഫ് മാർക്ക് 60-65 വരെ കുറച്ചാൽ മാത്രമേ നാലിരട്ടി പേരെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയൂവെന്ന് ഉദ്യോഗാർഥികൾ പറയുന്നു. 2010ലായിരുന്നു അവസാനമായി ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. ബി.കോം വിത്ത് കോ ഓപറേഷനാണ് യോഗ്യത. അർബൻ ബാങ്കിൽ സഹകരണ ബാങ്കിലെ ഓഡിറ്റർമാരായിരുന്നു ഓഡിറ്റിങ്/ഇൻസ്പെക്ഷൻ നടത്തിയിരുന്നത്. എന്നാൽ, രണ്ട് വർഷം മുമ്പ് ചാർട്ടേഡ് അക്കൗണ്ടൻറുമാർക്ക് ഓഡിറ്റിങ് നടത്താൻ സഹകരണ വകുപ്പ് അനുമതി നൽകിയിരുന്നു.
ഓഡിറ്റർമാരുടെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞയാഴ്ച ഈ ഉത്തരവ് പിൻവലിച്ചു. ഇതോടെ 50ഓളം ഒഴിവുകൾ വീണ്ടും വർധിച്ചതായി ഉദ്യോഗാർഥികൾ ചൂണ്ടിക്കാണിക്കുന്നു. ജൂനിയർ ഇൻസ്പെക്ടർ/ഓഡിറ്റർ എന്നിവരെ നിയമിക്കുന്നത് പി.എസ്.സിയാണെങ്കിലും സഹകരണ ബാങ്കിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് ജോലി ചെയ്യുന്നത്. അവർക്ക് പെൻഷൻ, വേതനം ഉൾപ്പെടെ നൽകുന്നത് സഹകരണ ബാങ്കുകളിൽനിന്നാണ്. അതിനാൽ സർക്കാറിന് കാര്യമായ ബാധ്യത വരുന്നില്ലെന്നും ഇവർ പറയുന്നു.
ഒമ്പത് ആവശ്യങ്ങളുമായി ഉദ്യോഗാർഥികൾ; നാലെണ്ണം അംഗീകരിക്കാമെന്ന് സർക്കാർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുെട ഒാഫിസ് വിളിച്ച ചർച്ചയിൽ, പ്രക്ഷോഭത്തിലുള്ള ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികൾ മുന്നോട്ടുവെച്ചത് ഒമ്പത് ആവശ്യങ്ങൾ. ഇതിൽ ഉദ്യോഗാർഥികളെ സംബന്ധിച്ച് പ്രാധാന്യം കുറഞ്ഞ നാലു കാര്യങ്ങളാണ്, അംഗീകരിക്കാമെന്ന് സർക്കാർ വാഗ്ദാനം ചെയ്തത്. പുതിയ ലാസ്റ്റ് ഗ്രേഡ് പട്ടിക വരുംവരെ നിലവിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, ആറു മാസത്തില്‍ കൂടുതല്‍ താൽക്കാലികക്കാര്‍ ജോലി ചെയ്യുന്ന എല്‍.ജി.എസ് തസ്തികകള്‍ക്ക് അനുമതി നല്കി നിലവിലെ പട്ടികയില്‍നിന്ന് നികത്തുക, വാച്ച്മാന്മാരുടെ ജോലിസമയം എട്ടുമണിക്കൂറാക്കി നിയമനം, പി.ഡബ്ല്യു.ഡി െറസ്റ്റ് ഹൗസ് വാച്ച്മാന് നിയമനം പട്ടികയില്‍നിന്ന് നികത്തുക, ജി.എസ്.ടി ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ മുഴുവന്‍ നിയമനവും, എല്‍.ജി.എസ് പ്രമോഷന് തസ്തികകള്‍ വേഗത്തിലാക്കുക, ഹയര്‍ സെക്കന്‍ഡറി ഒ.എ പോസ്റ്റുകള്‍ നിര്‍മിച്ച് നിയമനം, അപേക്ഷകരില്ലാതെ ആശ്രിത നിയമനത്തിനായി മാറ്റിെവച്ച എല്ലാ ഒഴിവുകളും വേഗം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുക, പട്ടികജാതി ഹോസ്റ്റല്‍ വാച്ച്മാന് തസ്തികയില്‍ നിയമനം.
എന്നിവയായിരുന്നു സമരക്കാർ മുന്നോട്ടുവെച്ചത്. ഇതിൽ സർക്കാർ അംഗീകരിച്ചവ ഇവയാണ്: പ്രമോഷന് വേഗത്തിലാക്കി നിയമനം, ഒഴിവുള്ള ലാസ്റ്റ് ഗ്രേഡ് പോസ്റ്റുകള്‍ മുഴുവന്‍ റിപ്പോര്‍ട്ട് ചെയ്യും, ആശ്രിത നിയമനത്തിനായി മാറ്റിവെച്ച എല്ലാ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യും, മന്ത്രിസഭയോഗം തീരുമാനിച്ച കാര്യങ്ങള്‍ നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.