എൽ.ഡി.സി റാങ്ക് പട്ടികയിൽ കടുംവെട്ട്; 36,783 പേരുടെ ലിസ്റ്റിൽനിന്ന് നിയമിച്ചത് 8134 പേരെ മാത്രം
text_fieldsതൃശൂർ: പി.എസ്.സി റാങ്ക് പട്ടിക അവസാനിക്കാൻ 80 ദിവസം മാത്രം ശേഷിക്കെ ലോവർ ഡിവിഷൻ ക്ലർക്ക് (എൽ.ഡി.സി) തസ്തികയിൽ ഏറ്റവും കുറഞ്ഞ നിയമനം. 2018 ൽ തുടങ്ങിയ നിലവിലെ പട്ടികയിൽനിന്ന് നടന്നത് 8134 നിയമന ശിപാർശ മാത്രം. 2019-20 കാലഘട്ടത്തിൽ റെക്കോഡ് വിരമിക്കൽ നടന്ന സാഹചര്യത്തിൽകൂടിയാണ് ഇൗ കുറവ് . വൻതോതിൽ താൽക്കാലിക നിയമനങ്ങൾ നടന്നതും സ്ഥിരപ്പെടുത്തലുമാണ് ഉദ്യോഗാർഥികൾക്ക് തിരിച്ചടിയായത്.
36,783 പേരുള്ള, എണ്ണത്തിൽ കുറഞ്ഞ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയ പട്ടികയായിരുന്നു ഇത്. എന്നിട്ടും മുൻകാല എൽ.ഡി.സി പട്ടികകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറച്ച് നിയമനം മാത്രമാണ് നടന്നത്. കഴിഞ്ഞ പട്ടികയിൽ ഓപൺ വിഭാഗത്തിൽനിന്ന് 7626 പേർക്ക് നിയമനം ലഭിച്ചെങ്കിൽ നിലവിൽ 5218 ലേക്ക് ചുരുങ്ങി. 2012ൽ 12,181 പേർക്കും 2009ൽ 15,357 പേർക്കും നിയമനം ലഭിച്ചിരുന്നു. ഏപ്രിലിൽ ഇൗ ലിസ്റ്റിെൻറ കാലാവധി അവസാനിക്കും.
കഴിഞ്ഞ പട്ടികയിൽനിന്ന് ആകെ 11,415 ശിപാർശ നൽകിയിരുന്നു. 100 ദിന പരിപാടിയിൽ ഉൾപ്പെടെ സർക്കാർ നിയമനങ്ങൾ പ്രഖ്യാപിച്ച് കബളിപ്പിക്കുകയാണെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. ആയിരക്കണക്കിന് താൽക്കാലികക്കാരാണ് വിവിധ സർക്കാർ തസ്തികകളിൽ ജോലി ചെയ്യുന്നത്. ഇവരിൽ ഭൂരിഭാഗത്തെയും പിൻവാതിലിലൂടെ സ്ഥിരപ്പെടുത്തുകയാണ്.
ചട്ടങ്ങൾ മറികടന്ന് പരിധിവിട്ട ആശ്രിതനിയമനം തുടക്കം മുതൽതന്നെ നിയമനങ്ങളെ അട്ടിമറിച്ചിരുന്നു. വിവിധ വകുപ്പുകളിൽ എൽ.ഡി.സി സ്ഥാനക്കയറ്റ സംവരണം മുൻകാലപ്രാബല്യത്തോടെ ഉയർത്തിയതും ബാധിച്ചു.
തുറമുഖവകുപ്പ് പോലെയുള്ളവ ബോർഡാക്കി പുനഃക്രമീകരിച്ചതും കോവിഡിൽ ഓഫിസുകളുടെ പ്രവർത്തനം താളംതെറ്റിയതോടെ പ്രമോഷൻ ലിസ്റ്റുകൾ ഇറങ്ങാത്തതും ഉദ്യോഗാർഥികൾക്ക് വിനയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.