കെ.എ.എസ് ഉത്തരക്കടലാസ്: പകർപ്പ് നൽകണമെന്ന് വിവരാവകാശ കമീഷൻ; കോടതിയിൽ പോകുമെന്ന് പി.എസ്.സി
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിട്രേറ്റിവ് സർവിസ് പരീക്ഷയുടെ ഉത്തരക്കടലാസുകൾ പരിശോധനക്ക് നൽകാതെ പിടിച്ചുവെച്ച പി.എസ്.സിയുടെ നിലപാടിന് തിരിച്ചടി. ഉത്തരക്കടലാസിെൻറ പകർപ്പ് വിവരാവകാശ നിയമപ്രകാരം ഉദ്യോഗാർഥികൾക്ക് ലഭ്യമാക്കണമെന്ന് സംസ്ഥാന വിവരാവകാശ കമീഷൻ ഉത്തരവിട്ടു. ഉത്തരക്കടലാസിെൻറ പകർപ്പ് ആവശ്യപ്പെട്ട് ഓച്ചിറ സ്വദേശി ഉമർ ഫറൂഖ് നൽകിയ ഹർജി അംഗീകരിച്ചാണ് കമീഷണർ പി.ആർ. ശ്രീലതയുടെ നടപടി.
മുഖ്യപരീക്ഷക്ക് 198 മാർക്കാണ് ഉദ്യോഗാർഥി പ്രതീക്ഷിച്ചത്. എന്നാൽ, 138 മാർക്ക് കട്ട് ഓഫ് വന്നിട്ടും ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടില്ല. പരിശോധനക്ക് ഉത്തരക്കടലാസിെൻറ പകർപ്പ് ആവശ്യപ്പെട്ടെങ്കിലും റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച ശേഷമേ നൽകൂവെന്ന നിലപാടിലായിരുന്നു പി.എസ്.സി. തുടർന്നാണ് ഉദ്യോഗാർഥി അപ്പീൽ പോയത്. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് ഉത്തരക്കടലാസ് പരിശോധനക്ക് നൽകുന്ന കീഴ്വഴക്കമില്ലെന്നും ഇത് നിലവിലുള്ള വ്യവസ്ഥകളെയും നടപടിക്രമങ്ങളെയും തകിടം മറിക്കുമെന്ന പി.എസ്.സി വാദം കമീഷൻ തള്ളുകയായിരുന്നു. എന്നാൽ, കമീഷെൻറ നടപടിക്കെതിരെ ഹൈകോടതിൽ അപ്പീൽ പോകാനാണ് പി.എസ്.സിയുടെ തീരുമാനം.
മുഖ്യപരീക്ഷയുടെ മൂല്യനിർണയത്തിന് ഉപയോഗിച്ച ഉത്തരസൂചികയും ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടെങ്കിലും അതും നൽകാൻ തയാറായിട്ടില്ല. വിവരണാത്മക പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിക്കാറില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇത് ദുരൂഹമാണെന്ന നിലപാടിലാണ് ഉദ്യോഗാർഥികൾ. മൂന്ന് പേപ്പറുകളും പൂർണമായി മലയാളത്തിൽ ഉത്തരമെഴുതിയവർ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. ഇംഗ്ലീഷ് ഉത്തരസൂചിക ഉപയോഗിച്ച് മലയാളത്തിലെ ഉത്തരങ്ങൾ മൂല്യനിർണയം നടത്തിയെന്നാണ് ഉദ്യോഗാർഥികളുടെ സംശയം. സംസ്ഥാന സർവിസിലെ ഏറ്റവും ഉയർന്ന തസ്തികയിലേക്കുള്ള പ്രധാന പരീക്ഷയായതിനാൽ മലയാളത്തിലും ഇംഗ്ലീഷിലും ഉത്തരസൂചിക പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ പി.എസ്.സിക്കും മുഖ്യമന്ത്രിക്കും ഗവർണർക്കും നിവേദനം നൽകിയെങ്കിലും തുടർ നടപടികളുണ്ടായിട്ടില്ല.
കെ.എ.എസിെൻറ മൂന്നു കാറ്റഗറികളിലായി 3060 പേരാണ് മുഖ്യ പരീക്ഷ എഴുതിയത്. അവരിൽ നിന്നാണ് 582 പേരെ അഭിമുഖത്തിനായി തെരഞ്ഞെടുത്തത്. അഭിമുഖം പൂർത്തിയാക്കി ഒക്ടോബറിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് നവംബറിൽ ആദ്യ നിയമന ശിപാർശ നൽകാനുള്ള ഒരുക്കത്തിലാണ് പി.എസ്.സി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.