പി.എസ്.സി പ്രൊഫൈൽ ഉദ്യോഗാർഥികൾക്ക് സ്വയംതിരുത്താം; സംവിധാനം വെബ്സൈറ്റിൽ നിലവിൽ വന്നു
text_fieldsതിരുവനന്തപുരം: പി.എസ്.സി പ്രൊഫൈൽ ഉദ്യോഗാർഥികൾക്ക് സ്വയംതിരുത്താനുള്ള സംവിധാനം വെബ്സൈറ്റിൽ നിലവിൽ വന്നു. വിവരങ്ങൾ ഓൺലൈനായി തിരുത്താനുള്ള സംവിധാനം വ്യാഴാഴ്ച (ജനുവരി 26) മുതലാണ് പി.എസ്.സി വെബ്സൈറ്റിൽ നിലവിൽ വന്നത്. ഇതുപ്രകാരം പ്രൊഫൈലിലെ ജാതി, മതം, ലിഗം, തൊഴിൽ പരിചയ സമ്പന്നത, മാതാപിതാക്കളുടെ പേര്, വിലാസം, ഫോൺ നമ്പർ, ആധാർ നമ്പർ അടക്കമുള്ളവ ഉദ്യോഗാർഥികൾക്കു സ്വയം തിരുത്താം.
എന്നാൽ, ഉദ്യോഗാർഥിയുടെ പേര്, ഫോട്ടോ, ഒപ്പ്, ജനനത്തീയതി, തിരിച്ചറിയൽ മാർക്കുകൾ തുടങ്ങിയവ ഉദ്യോഗസ്ഥ പരിശോധനക്കു ശേഷമേ തിരുത്താൻ കഴിയൂ. പ്രൊഫൈലിലെ വിദ്യാഭ്യാസ യോഗ്യത നിബന്ധനകൾക്ക് വിധേയമായി തിരുത്താം. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥിക്ക് പി.എസ്.സി ഓഫിസിൽ ഹാജാരാകാതെ പി.ജിയോ അതിനു മുകളിലുള്ള വിദ്യാഭ്യാസ യോഗ്യതയോ രേഖപ്പെടുത്താം.
എന്നാൽ, ഡിഗ്രി യോഗ്യത രേഖപ്പെടുത്തിയ ഉദ്യോഗാർഥിക്ക് അതിനു താഴെ യോഗ്യതയുള്ള പ്ലസ് ടു, എസ്.എസ്.എൽ.സി തുടങ്ങിയവ സ്വയംരേഖപ്പെടുത്താൻ കഴിയില്ല. ഇതിന് പി.എസ്.സി ഓഫിസിൽ ഹാജരാകേണ്ടിവരും. ഡിഗ്രി എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഏതു വിഷയത്തിലാണെന്ന് (ഉദാ. ബി.എ ഹിസ്റ്ററി ആണെങ്കിൽ ബി.എ മലയാളമാക്കി തിരുത്താം) പ്രൊഫൈലിൽ വ്യക്തമാക്കാം.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന ഘട്ടത്തിൽ മാത്രമേ ഉദ്യോഗാർഥികളുടെ പ്രൊഫൈൽ രേഖകൾ പി.എസ്.സി വിശദമായി പരിശോധിക്കൂ. വിവരങ്ങൾ വസ്തുനിഷ്ഠമാണെന്ന് കണ്ടാൽ മാത്രമേ ഉദ്യോഗാർഥിയ തുടർതെരഞ്ഞെടുപ്പ് നടപടികളിൽ ഉൾപ്പെടുത്തൂ. അല്ലാത്തപക്ഷം പരീക്ഷ വിലക്ക് ഉൾപ്പെടെ നടപടികൾ പി.എസ്.സി സ്വീകരിക്കും.
നിലവിൽ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ തിരുത്തുന്നതിന് ഉദ്യോഗാർഥിക്ക് നേരിട്ട് അവസരമില്ലായിരുന്നു. പി.എസ്.സി വെബ്സൈറ്റിൽ നിന്ന് ‘തിരുത്തൽ ഫോറം’ ഡൗൺലോഡ് ചെയ്ത്, പൂരിപ്പിച്ച ശേഷം ജില്ല പി.എസ്.സി ഓഫിസിനെ സമീപിച്ച് രേഖ പരിശോധനക്കു ശേഷമേ തിരുത്തൽ അനുവദിക്കാറുള്ളൂ. പ്രതിദിനം നൂറുകണക്കിന് ഉദ്യോഗാർഥികളാണ് തിരുത്തൽ അപേക്ഷ സമർപ്പിക്കാറുള്ളത്. ദൈനംദിന ജോലികൾക്ക് പുറമെ, ഇത്തരം അപേക്ഷകൾ വൻ ജോലിഭാരം ഉദ്യോഗസ്ഥരിലുണ്ടാക്കുന്നെന്ന് കണ്ടത്തിയതോടെയാണ് പുതിയ പരിഷ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.