കോവിഡ് വ്യാപനത്തിനിടെ എൽ.പി, യു.പി അസിസ്റ്റൻറ് പരീക്ഷ; ഉദ്യോഗാർഥികൾ ആശങ്കയിൽ
text_fieldsചെറുവത്തൂർ: സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടിവരുന്നതിനിടെ പി.എസ്.സി പ്രൈമറി അധ്യാപക പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു.
ഇതോടെ ഉദ്യോഗാർഥികൾ ആശങ്കയിലായി. യു.പി അസിസ്റ്റൻറ് പരീക്ഷ നവംബർ ഏഴിനും എൽ.പി അസി. പരീക്ഷ നവംബർ 24നുമാണ് നടക്കുക.
14 ജില്ലകളിലും ഒരുമിച്ചാണ് പരീക്ഷ. 23 മുതൽ സെപ്റ്റംബർ 11 വരെ കൺഫർമേഷൻ നൽകാം. കൺഫർമേഷൻ നൽകിയവരെ മാത്രമേ പരീക്ഷ എഴുതാൻ അനുവദിക്കൂ.
ഒക്ടോബർ 23 മുതൽ ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്തെടുക്കാം. 2022 മുതൽ 2025 വരെ അധ്യാപക തസ്തികകളിൽ 14 ജില്ലകളിലും വൻതോതിൽ വിരമിക്കൽ നടക്കുന്നുണ്ട്. പരീക്ഷ, ഇൻറർവ്യൂ എന്നിവ കഴിഞ്ഞ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക 2021ലാകും.
നിലവിൽ മിക്ക ജില്ലകളിലും എൽ.പി, യു.പി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും നിയമനം നൽകിക്കഴിഞ്ഞു. നിരവധി ഒഴിവുകൾ പല ജില്ലകളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനാൽ റാങ്ക് പട്ടികയിൽ ഇടംനേടിയാൽ നിയമന സാധ്യത ഉറപ്പെന്നതാണ് നിലവിലെ സ്ഥിതി.
മുഴുവൻ ജില്ലകളിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണം അനുദിനം വർധിച്ചുവരുകയാണ്. സെപ്റ്റംബറിൽ ദിവസേന 20,000 രോഗികൾ വരെ ഉണ്ടായേക്കാമെന്ന് ആരോഗ്യവകുപ്പ് തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ നവംബറിൽ പരീക്ഷ വെക്കുന്നത് അപകടം വരുത്തിവെച്ചേക്കുമെന്നതാണ് ആശങ്ക.
പൊതുവിജ്ഞാനം, സമകാലിക സംഭവം, സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം, വിദ്യാഭ്യാസ മനഃശാസ്ത്രം, ശിശു മനഃശാസ്ത്രം, ഇംഗ്ലീഷ് എന്നിവയിൽനിന്നാണ് ചോദ്യങ്ങൾ ഉണ്ടാവുക. ഇതിൽ എൽ.പി പരീക്ഷക്ക് ഇംഗ്ലീഷ് ഒഴിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.