കെ.എ.എസ്: മൂല്യനിർണയത്തിൽ വിശ്വാസമില്ല; ഉദ്യോഗാർഥികൾ കോടതിയിലേക്ക്
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിട്രേറ്റിവ് സർവിസിലേക്ക് (കെ.എ.എസ്) പി.എസ്.സി നടത്തിയ വിവരണാത്മക പരീക്ഷ മൂല്യനിർണയത്തിനെതിരെ ഉദ്യോഗാർഥികൾ കോടതിയിലേക്ക്.
ഐ.ടി ഓഡിറ്റില്ലാതെ നടപ്പാക്കിയ ഓൺ സ്ക്രീൻ മാർക്കിങ് (ഒ.എസ്.എം) സംവിധാനം സുതാര്യമല്ലെന്നും മൂല്യനിർണയത്തിൽ അട്ടിമറി നടന്നെന്നും ആരോപിച്ചാണ് ഉദ്യോഗാർഥികൾ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിക്കുന്നത്. 2018ൽ സംസ്ഥാന ആസൂത്രണ ബോർഡിലെ മൂന്ന് ഉന്നത തസ്തികകളിലേക്കാണ് ആദ്യമായി പി.എസ്.സി ഒാൺ സ്ക്രീൻ മാർക്കിങ് നടപ്പാക്കിയത്.
അന്ന് മൂല്യകർത്താക്കൾ രേഖപ്പെടുത്തിയ മാർക്കുകൾ സി ഡിറ്റിലെ രണ്ട് ജീവനക്കാരുടെ ലാപ്ടോപ്പുകളിലേക്കാണ് ആദ്യമെത്തിയത്. പി.എസ്.സിയുടെ ഓൺലൈൻ പരീക്ഷയുമായി ബന്ധപ്പെട്ട് സി ഡിറ്റിലെ ഈ ജീവനക്കാർക്ക് ' റിമോട്ട് അക്സസ്' ഉണ്ടായിരുന്നതാണ് മാർക്കുകൾ അവർക്ക് ലഭിക്കാൻ കാരണം.
ഇതിെൻറ സുതാര്യത സംബന്ധിച്ച് അന്നേ പി.എസ്.സി ജീവനക്കാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. മറ്റ് പരീക്ഷകളുടെ മൂല്യനിർണയത്തിലും ഒ.എസ്.എം രീതി അവലംബിച്ചെങ്കിലും ഇപ്പോഴും ബാലാരിഷ്ടതകൾ പരിഹരിക്കാൻ കഴിഞ്ഞില്ലെന്ന് പരീക്ഷാവിഭാഗം ഉദ്യോഗസ്ഥർ പറയുന്നു.
മുൻകാലങ്ങളിൽ മൂല്യനിർണയം നടത്തുന്നവർ മാത്രമാണ് ഉദ്യോഗാർഥികളുടെ പേപ്പറുകൾ കാണുന്നതെങ്കിൽ ഒ.എസ്.എം നടപ്പാക്കിയതോടെ പി.എസ്.സിയിലെ ആറ് ജീവനക്കാർ മൂല്യനിർണയത്തിന് മുമ്പ് കാണുന്നുണ്ട്. ഇവർ സ്കാൻ ചെയ്താണ് കമ്പ്യൂട്ടർ വഴി ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തുന്നവർക്ക് അയക്കുന്നത്. സ്കാൻ ചെയ്യാനാണ് ആറ് ജീവനക്കാർ.
ഇത് അട്ടിമറിക്ക് വഴിയൊരുക്കുമെന്നാണ് ഉദ്യോഗാർഥികളുടെ പ്രധാന പരാതി. ഒ.എസ്.എം വഴി രണ്ടുപേർ ഒരേ ഉത്തരം മൂല്യനിർണയം നടത്തുമ്പോൾ വ്യത്യസ്ത മാർക്ക് രേഖപ്പെടുത്തുന്നപക്ഷം മൂന്നാമത് ഒരാളെക്കൊണ്ട് മൂല്യനിർണയം നടത്തണമെന്നാണ് ചട്ടം. എന്നാൽ, കെ.എ.എസിൽ മൂന്നാം മൂല്യനിർണയം നടത്തിയില്ല. പകരം വ്യത്യസ്ത മാർക്കുകളുടെ ശരാശരിയാണ് നൽകിയത്.
അഭിമുഖത്തിനുള്ള റാങ്ക് പട്ടിക പുറത്തുവന്നതിന് പിന്നാലെ വിവരണാത്മക പരീക്ഷയുടെ മാർക്കിട്ട പേപ്പറുകൾ പി.എസ്.സിയുടെ സർവറിൽനിന്ന് നഷ്ടമായതുസംബന്ധിച്ച് പുറത്തുനിന്നുള്ള ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.