പാലക്കാട് മെഡിക്കൽ കോളജ്; ബാക്ക്ലോഗ് നികത്താതെ അധ്യാപക തസ്തിക പി.എസ്.സിക്ക് വിട്ടു
text_fieldsപാലക്കാട്: പട്ടികജാതി വികസന വകുപ്പിന് കീഴിലെ പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ നിലവിലുള്ള നിയമനങ്ങളിലെ ബാക്ക്ലോഗ് നികത്താതെ അധ്യാപക തസ്തിക പി.എസ്.സിക്ക് വിട്ടു. ഫാക്കൽറ്റി നിയമനം പി.എസ്.സിക്ക് വിട്ട് കഴിഞ്ഞദിവസം സർക്കാർ വിജ്ഞാപനം വന്നു.
2018ൽ സംവരണതത്ത്വം അട്ടിമറിച്ച് 121 അധ്യാപകർക്ക് സ്ഥിരനിയമനം നൽകിയിരുന്നു. സ്ഥിരം അധ്യാപകരില്ലെങ്കിൽ മെഡിക്കൽ കൗൺസിൽ അംഗീകാരം നഷ്ടമാവുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിൽ അഞ്ചുപേർ മാത്രമാണ് പട്ടികജാതി വിഭാഗക്കാർ. എസ്.സി/എസ്.ടി വിഭാഗത്തിന് 10 ശതമാനം സംവരണം എന്ന പൊതുതത്ത്വം പോലും പാലിച്ചില്ല.
മുൻ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് അനധികൃത നിയമനം നേടിയവരും ഇക്കൂട്ടത്തിലുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ, നടപടി റദ്ദാക്കി മാനദണ്ഡം പാലിച്ച് വീണ്ടും നിയമനം നടത്താൻ വിജിലൻസ് ശിപാർശ ചെയ്തു. മന്ത്രി എ.കെ. ബാലൻ അധ്യക്ഷനായ മന്ത്രിസഭ ഉപസമിതി അനധികൃത നിയമനങ്ങൾ റദ്ദാക്കിയെങ്കിലും പിൻവാതിലിലൂടെ ജോലിൽ പ്രവേശിച്ച ഭൂരിപക്ഷം ജീവനക്കാരും കരാർ വ്യവസ്ഥയിൽ തുടർന്നു.
ഇവരുൾപ്പെടെ 121 അധ്യാപകരെയാണ് 2018ൽ എൽ.ഡി.എഫ് സർക്കാർ സഥിരപ്പെടുത്തിയത്. ക്രമവിരുദ്ധമായി നടത്തിയ കരാർ/താൽക്കാലിക നിയമനങ്ങൾ സ്ഥിരപ്പെടുത്തരുതെന്ന സുപ്രീംകോടതി വിധി നിൽക്കെയാണിത്. അധ്യാപകർക്ക് സ്ഥിര നിയമനം നൽകിയെങ്കിലും പട്ടികജാതി വിഭാഗക്കാർ കൂടുതലുള്ള നോൺ ടീച്ചിങ് സ്റ്റാഫിൽ ഒരാളെപോലും സ്ഥിരപ്പെടുത്തിയില്ല.
നിയമനങ്ങളിൽ സംവരണതത്ത്വം നിലനിർത്താൻ ദേശീയ പട്ടികജാതി കമീഷൻ സ്പെഷൽ റൂളും സ്പെഷൽ റിക്രൂട്ട്മെൻറും ശിപാർശ ചെയ്തിരുന്നെങ്കിലും സർക്കാർ അവഗണിച്ചു. പൂർണമായും പട്ടികജാതി വികസന ഫണ്ടിൽ സ്ഥാപിച്ച മെഡിക്കൽ കോളജിലാണ് സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള ആനുകൂല്യം നിഷേധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.