പരീക്ഷ പരിഷ്കാരവും വിലപ്പോയില്ല, എൽ.ഡി.സി, എൽ.ജി.എസ് റാങ്ക്പട്ടിക വൈകുന്നു
text_fieldsതിരുവനന്തപുരം: വിജ്ഞാപനം പ്രസിദ്ധീകരിച്ച് രണ്ടരവർഷം കഴിഞ്ഞിട്ടും പ്രധാന തസ്തികകളായ ലോവർ ഡിവിഷൻ ക്ലർക്ക് (എൽ.ഡി.സി), ലാസ്റ്റ് ഗ്രേഡ് സർവൻറ് (എൽ.ജി.എസ്) തസ്തികകളിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാകാതെ പി.എസ്.സി. വേഗം റാങ്ക് പട്ടിക പുറത്തിറക്കാനാകുമെന്ന് അവകാശപ്പെട്ട് പി.എസ്.സി നടപ്പാക്കിയ പുതിയ പരീക്ഷ പരിഷ്കാരങ്ങളുടെ ഇരയാണ് രണ്ട് റാങ്ക് ലിസ്റ്റുകളും.
ലക്ഷക്കണക്കിന് ഉദ്യോഗാർഥികളാണ് ഇരു തസ്തികകളിലും പരീക്ഷ എഴുതി ജോലിക്ക് കാത്തിരിക്കുന്നത്. 2019 മുതൽ പി.എസ്.സി ആവിഷ്കരിച്ച പ്രാഥമിക-മുഖ്യ പരീക്ഷ പരിഷ്കാരങ്ങളിൽ ആദ്യത്തേതും ഇവയായിരുന്നു. ഇതുവഴി ചുരുങ്ങിയ സമയത്തിനുള്ളിൽ റാങ്ക് പട്ടിക ആവുമെന്നാണ് പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ അവകാശപ്പെട്ടിരുന്നത്. എൽ.ഡി.സി, എൽ.ജി.എസ്, മറ്റ് പത്താം തരം യോഗ്യതയുള്ള തസ്തികകളുടെ പ്രാഥമിക പരീക്ഷ 2021 ഫെബ്രുവരി- മാർച്ചിലും മുഖ്യ പരീക്ഷ നവംബർ-ഡിസംബറിലും നടന്നു. എന്നാൽ വിജ്ഞാപനമായി രണ്ടരവർഷവും പ്രാഥമിക പരീക്ഷ നടന്ന് ഒരു വർഷവും മുഖ്യ പരീക്ഷ നടന്ന് നാലുമാസവും പൂർത്തിയായിട്ടും ചുരുക്കപ്പട്ടിക പോലും പ്രസിദ്ധീകരിക്കാൻ സാധിച്ചിട്ടില്ല.
മുൻ റാങ്ക് പട്ടിക ആഗസ്റ്റ് നാലിന് അവസാനിച്ചിരുന്നു. സർക്കാർ സ്ഥാപനങ്ങളുടെ നട്ടെല്ലായി നിലനിൽക്കുന്ന ഇരു തസ്തികകളിലേക്കും നിയമനം നടക്കാത്തത് വകുപ്പുകളുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കുന്നുണ്ട്. ഈ അവസ്ഥ കണക്കിലെടുത്ത് ഒഴിവുകളിലേക്ക് താൽക്കാലികക്കാരെ തിരുകിക്കയറ്റുന്നതായും ആരോപണമുണ്ട്. റാങ്ക് ലിസ്റ്റ് നിലവിലില്ലെന്നുകരുതി ഉദ്യോഗാർഥികൾക്ക് നഷ്ടമുണ്ടാകില്ലെന്നാണ് പി.എസ്.സി വിശദീകരണം. റിപ്പോർട്ട് ചെയ്ത എല്ലാ ഒഴിവിലേക്കും ഒന്നിച്ച് നിയമനം ശിപാർശ നൽകുന്നതിനാൽ റാങ്ക് ലിസ്റ്റുകളുടെ തുടക്കത്തിൽതന്നെ കൂടുതൽ പേർക്ക് നിയമനം ലഭിക്കുമെന്നും പി.എസ്.സി അറിയിച്ചു.
ഉദ്യോഗാർഥികൾ കൂടി, ഇത്തവണ ആറ് ഘട്ടം
ഈ വർഷത്തെ പത്താംതലം പ്രാഥമിക പരീക്ഷ മേയ് 15 മുതൽ ജൂൈല 16 വരെ ആറ് ഘട്ടമായി നടത്തും. ഉദ്യോഗാർഥികളുടെ എണ്ണം കണക്കിലെടുത്താണ് നാല് ഘട്ടമെന്നത് കൂട്ടിയത്. മേയ് 15, 18, ജൂൺ 11, 19, ജൂൈല രണ്ട്, 16 ആണ് തീയതികൾ. 12.69 ലക്ഷം ഉദ്യോഗാർഥികളാണ് പ്രാഥമിക പരീക്ഷ എഴുതുന്നത്. ഓരോ ഘട്ടത്തിലും 2.11 ലക്ഷം പേർക്കാണ് അവസരം. 76 കാറ്റഗറികളിലെ 141 തസ്തികകളിലാണ് ഇത്തവണത്തെ പ്രാഥമിക പരീക്ഷ.
കഴിഞ്ഞ ഫെബ്രുവരി മുതൽ അനുവദിച്ച അധിക 15 മിനിറ്റ് പ്രാഥമിക പരീക്ഷകൾക്ക് ലഭിക്കില്ല. അതുകൊണ്ട് നൂറ് ചോദ്യത്തിന് ഒന്നേകാൽ മണിക്കൂർക്കൊണ്ട് ഉത്തരം കണ്ടെത്തണം. ഒ.എം.ആർ രീതിയിലായിരിക്കും പരീക്ഷ. ഇംഗ്ലീഷ് ഒഴിവാക്കി മലയാളം, തമിഴ്, കന്നട ഭാഷകളിലായിരിക്കും ചോദ്യങ്ങൾ നൽകുക. ഓരോ തസ്തികക്കും മുഖ്യ പരീക്ഷ വെവ്വേറെ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.