പത്താംതലം പ്രാഥമിക പരീക്ഷ എഴുതാനാകാത്തവരുടെ പരാതി പരിശോധിക്കാന്‍ പി.എസ്.സി
text_fieldsതിരുവനന്തപുരം: തീയതി മാറ്റിക്കിട്ടാന്‍ അപേക്ഷിച്ചിട്ടും കഴിഞ്ഞ ശനിയാഴ്ചത്തെ പത്താംതലം പ്രാഥമികപരീക്ഷ എഴുതാനാകാത്തവരുടെ പരാതി പരിശോധിക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. കോവിഡ്, അപകടങ്ങള്‍, പ്രസവം തുടങ്ങി ആരോഗ്യപരമായ കാരണങ്ങളാല്‍ തീയതി മാറ്റിനല്‍കാന്‍ അപേക്ഷിച്ചവര്‍ക്ക് മാത്രമായി പരീക്ഷ നടത്താനാകുമോ എന്നാണ് പരിശോധിക്കുന്നത്. പരീക്ഷാകണ്‍ട്രോളറെ ഇതിനായി തിങ്കളാഴ്ച ചേർന്ന യോഗം ചുമതലപ്പെടുത്തി.
അപേക്ഷയും അതോടൊപ്പം സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളും പരിശോധിച്ച് അര്‍ഹതയുള്ളവരുടെ പട്ടിക തയാറാക്കും. അതിനുശേഷം പരീക്ഷ നടത്തുന്നതില്‍ തീരുമാനമെടുക്കും.പത്താം ക്ലാസ് യോഗ്യതയുള്ള എൽ.ഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് അടക്കമുള്ള വിവിധ തസ്തികകൾക്കെല്ലാം നാല് ഘട്ടമായാണ് പി.എസ്.സി പ്രാഥമികപരീക്ഷ നടത്തിയത്.
ഫെബ്രുവരി 20, 25, മാര്‍ച്ച് ആറ് എന്നീ തീയതികളിൽ പ്രാഥമിക പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് (പ്രസവത്തീയതി വന്നവര്‍/പ്രസവം കഴിഞ്ഞവര്‍, കോവിഡ് പോസിറ്റിവായവര്‍, ഗുരുതരമായ അപകടം സംഭവിച്ചവര്‍, സര്വകലാശാലപരീക്ഷയോ സര്‍ക്കാര്‍ സര്‍വിസിലേക്കുള്ള മറ്റ് പരീക്ഷയോ ഉള്ളവര്‍) മാര്‍ച്ച് 13ന് നടത്തുന്ന അവസാനപരീക്ഷയെഴുതാന് സൗകര്യമൊരുക്കുമെന്ന് പി.എസ്.സി അറിയിച്ചിരുന്നു. ഇതിന് ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇതോടെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 13,000 ത്തോളം അപേക്ഷകളാണ് ലഭിച്ചത്. എന്നാൽ എല്ലാ അപേക്ഷകളും കുറഞ്ഞദിവസംകൊണ്ട് വിശദമായ പരിശോധനക്ക് വിധേയമാക്കാന്‍ കഴിയാത്തതിനാൽ 2000 അപേക്ഷകര്‍ക്ക് മാത്രമാണ് മാര്‍ച്ച് 13ന് പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയത്. ഇതോടെ ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ് പരാതിയുമായി പി.എസ്.സിയെയും സർക്കാറിനെയും സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.