സുപ്രീംകോടതിയുടെ 'അടി'; കെ.എ.എസ് മൂന്നാം സ്ട്രീമിലേക്ക് പി.എസ്.സി വീണ്ടും വാതിൽ തുറക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാന ഭരണനിർവഹണം കാര്യക്ഷമമാക്കാൻ സർക്കാർ ആവിഷ്കരിച്ച കേരള അഡ്മിനിട്രേറ്റിവ് സർവിസിലെ (കെ.എ.എസ്) മൂന്നാം സ്ട്രീമിലേക്ക് പി.എസ്.സി വീണ്ടും അപേക്ഷ ക്ഷണിക്കും. ഗസറ്റഡ് റാങ്കിലുള്ള ഹയർ സെക്കൻഡറി അധ്യാപകരെക്കൂടി പരിഗണിക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഒരിക്കൽക്കൂടി 'ജാലകം' തുറക്കുന്നത്.
മൂന്നാം സ്ട്രീമിൽ ഗസറ്റഡ് റാങ്കിലുള്ള പ്ലസ് ടു അധ്യാപകരെ ഉൾപ്പെടുത്തുന്നത് സർക്കാർ വിലക്കിയിരുന്നു. 'ഭരണപരിചയം' ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പകരം ജൂനിയർ അധ്യാപകരെ സ്ട്രീം രണ്ടിൽ ഉൾപ്പെടുത്തി 2019ൽ ചട്ടം ഭേദഗതി ചെയ്തു. ഇതിനെതിരെ അധ്യാപകർ കേരള അഡ്മിനിട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും സർക്കാർ തീരുമാനത്തിൽ ഇടപെടാൻ ട്രൈബ്യൂണൽ വിസമ്മതിച്ചു. തുടർന്നാണ് സീനിയർ അധ്യാപകരെ ഒഴിവാക്കി ഫെബ്രുവരി 22ന് പ്രാഥമിക പരീക്ഷ നടത്തിയത്.
എന്നാൽ, ഭരണഘടനാ വിരുദ്ധ നടപടി അധ്യാപകർ ഹൈകോടതിയിൽ ചോദ്യം ചെയ്തതോടെ സർക്കാറും പി.എസ്.സിയും വെട്ടിലായി. ജൂനിയർ അധ്യാപകർക്ക് രണ്ടാം സ്ട്രീമിൽ അവസരം നൽകുമ്പോൾ ഗസറ്റഡ് അധ്യാപകർക്ക് സ്ട്രീം മൂന്നിൽ അത് നിഷേധിച്ചതിനെ ഹൈകോടതി ഡിവിഷൻ ബെഞ്ച് രൂക്ഷ ഭാഷയിലാണ് വിമർശിച്ചത്.
നടപടി ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയ കോടതി മൂന്നാം സ്ട്രീമിലേക്ക് പരീക്ഷയെഴുതാൻ സീനിയർ അധ്യാപകർക്കും അർഹതയുണ്ടെന്ന് വിധിച്ചു. ഇതോടെ സ്ട്രീം മൂന്നിലേക്കുള്ള പ്രാഥമിക പരീക്ഷാ ഫലം തടഞ്ഞുവെച്ച് ഒന്നും രണ്ടിലേക്കും മുഖ്യപരീക്ഷ നടത്തുകയായിരുന്നു. സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ജസ്റ്റിസ് അബ്ദുൽ നസീർ അധ്യക്ഷനായ െബഞ്ച് കഴിഞ്ഞദിവസം ഹൈകോടതി ഉത്തരവ് ശരിവെച്ചു. മൂന്നാം സ്ട്രീമിലേക്കുള്ള പ്രാഥമിക പരീക്ഷ 1750 പേരാണ് എഴുതിയത്.
ഉത്തരക്കടലാസുകളുടെ പരിശോധനയും പൂർത്തിയായിട്ടുണ്ട്. സീനിയർ അധ്യാപകർക്കായി വീണ്ടും പ്രാഥമിക പരീക്ഷ നടത്തുന്നത് വൻ സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്നതിനാൽ നേരിട്ട് മുഖ്യപരീക്ഷക്ക് ഇരുത്താൻ ആലോചനയുണ്ട്. എന്നാൽ, ഇങ്ങനെ ചെയ്യുന്നത് വീണ്ടും കോടതി നടപടികളിലേക്ക് വലിച്ചിഴക്കുമെന്ന ആശങ്ക പി.എസ്.സിക്കുണ്ട്. അതിനാൽ ഇവർക്ക് മാത്രമായി പ്രത്യേക പ്രാഥമിക പരീക്ഷ നടത്തണമെന്ന വാദവും ഉയരുന്നുണ്ട്. 30ന് ചേരുന്ന കമീഷൻ യോഗം ഇത് ചർച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.