വിവാദമായ സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടികയുടെ കാലാവധി ഇന്ന് അവസാനിക്കും
text_fieldsഅനിരു അശോകൻ
തിരുവനന്തപുരം: പരീക്ഷതട്ടിപ്പിലൂടെ കേരളത്തെ ഞെട്ടിച്ച പുരുഷ സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടികയുടെ കാലാവധി ചൊവ്വാഴ്ച അവസാനിക്കും. ആറ് ബറ്റാലിയനുകളിൽ നിന്നായി 3643 പേർക്കാണ് നിയമനശിപാർശ ലഭിച്ചത്. 1861 പേർക്ക് കൂടി നിയമനശിപാർശ നൽകുന്നതിനുള്ള നടപടി പൂർത്തിയായി. ജൂൺ 25ന് റിപ്പോർട്ട് ചെയ്ത 994 ഒഴിവിലേക്കും ഇടുക്കി, എറണാകുളം ജില്ലകളിൽ നേരേത്ത റിപ്പോർട്ട് ചെയ്ത 811ഉം മലപ്പുറം ജില്ലയിൽ നിലവിലുള്ള 56 ഒഴിവിലേക്കുമാണ് ചൊവ്വാഴ്ച അവസാനിക്കുന്ന ലിസ്റ്റിൽ നിന്ന് നിയമനശിപാർശ നൽകുക.
ഇതോടെ റാങ്ക് ലിസ്റ്റിൽ നിയമനശിപാർശ നേടിയവരുടെ എണ്ണം 5504 ആകും. യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർഥിയെ എസ്.എഫ്.ഐ നേതാക്കൾ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിന് പിന്നാലെയാണ് പി.എസ്.സി പരീക്ഷതട്ടിപ്പും പുറത്തായത്. കുത്തുകേസിൽ അറസ്റ്റിലായ കെ.എ.പി നാലാം ബറ്റാലിയനിലെ ഒന്നാം റാങ്കുകാരൻ ശിവരഞ്ജിത്തും 28ാം റാങ്കുകാരൻ നസീമും ഇവരുെട സുഹൃത്തും രണ്ടാംറാങ്കുകാരനുമായ പ്രണവും പരീക്ഷക്കിടെ സ്മാർട്ട് വാച്ചിലൂടെ ഉത്തരങ്ങൾ കോപ്പിയടിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പിൽ ഇവരടക്കം ആറുപേരെയാണ് അറസ്റ്റ് ചെയ്തത്.
കോപ്പിയടിയെ തുടർന്ന് നാലുമാസത്തോളം നിയമന നടപടികൾ മരവിപ്പിച്ചിരുന്നു. ലോക്ഡൗണിനെ തുടർന്ന് മൂന്നുമാസത്തേക്ക് റാങ്ക് പട്ടികകൾ നീട്ടിയെങ്കിലും അതിെൻറ ആനുകൂല്യവും തങ്ങൾക്ക് ലഭിച്ചില്ലെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. കോവിഡ് കാരണം മാർച്ച് 19 വരെയുള്ള നൂറോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ജൂൺ 19 വരെ ആക്കിയിരുന്നു. എന്നാൽ ജൂൺ 30 വരെ കാലാവധിയുള്ള സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിന് ഇതിെൻറ പ്രയോജനം ലഭിച്ചില്ല.
അതേസമയം, ഇതേ തസ്തികക്കൊപ്പം നടത്തിയ വനിത സിവിൽ പൊലീസ് ഓഫിസർ പരീക്ഷയുടെ റാങ്ക് പട്ടിക പുറത്തിറക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. പരീക്ഷ കഴിഞ്ഞ് രണ്ടരവർഷമായിട്ടും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സിക്ക് സാധിച്ചില്ല. കായികപരീക്ഷ പൂർത്തിയാക്കാൻ കഴിയാത്തതാണ് കാരണം.
2019 ഏപ്രിൽ 10ന് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് കായികപരീക്ഷ നിശ്ചയിച്ചെങ്കിലും ഗർഭാവസ്ഥ, പ്രസവം തുടങ്ങിയ കാരണങ്ങളാൽ 21 പേർ കോടതിയെ സമീപിച്ചതോടെ കായികപരീക്ഷ മുടങ്ങി. ഇവർക്ക് മാത്രമായി കഴിഞ്ഞ മാർച്ച് 23ന് കായികപരീക്ഷ നിശ്ചയിച്ചെങ്കിലും ലോക്ഡൗണിനെ തുടർന്ന് മാറ്റിവെക്കേണ്ടിവന്നു. കായികപരീക്ഷ നടത്താതെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ കഴിയാത്തതിനാൽ രണ്ടായിരത്തോളം പേരുടെ കാത്തിരിപ്പ് നീളുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.