വകുപ്പുതല ഓൺലൈൻ പരീക്ഷ: ആദ്യ ചുവടിൽ കൈപൊള്ളി പി.എസ്.സി
text_fieldsതിരുവനന്തപുരം: വകുപ്പുതല പരീക്ഷകൾ ഓൺലൈൻ ആക്കാനുള്ള പി.എസ്.സി ശ്രമങ്ങൾക്ക് തുടക്കത്തിലേ തിരിച്ചടി. നിയന്ത്രണവും മാനദണ്ഡവും ഇല്ലാതെ, അഭിരുചി പരീക്ഷക്ക് എൻജിനീയറിങ് വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചതുവഴി പി.എസ്.സിയുടെ ഖജനാവിൽനിന്ന് ചോരുന്നത് ലക്ഷങ്ങൾ. പി.എസ്.സിയിലെ ഒരുവിഭാഗത്തിെൻറ ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ അംഗങ്ങൾക്കിടയിൽ പ്രതിഷേധം ശക്തം.
ഒ.എം.ആർ വകുപ്പുതല പരീക്ഷ മാസങ്ങൾക്ക് മുമ്പാണ് ഓൺലൈനിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇതിന് എൻജിനീയറിങ് കോളജുകളുടെ സഹായവും തേടി. സാങ്കേതിക സജ്ജീകരണങ്ങളുടെ പ്രവർത്തനക്ഷമത വിലയിരുത്തുന്നതിനാണ് ഈമാസം ഒമ്പതിന് എൻജിനീയറിങ് വിദ്യാർഥികളെ ഉൾപ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിൽ അഭിരുചിപരീക്ഷ നടത്തുന്നത്.
കുട്ടികളെ കിട്ടുമോയെന്ന ആശങ്കയിൽ പരീക്ഷയിൽ ജയിക്കുന്നവർക്ക് പി.എസ്.സി.യുടെ മെറിറ്റ് സർട്ടിഫിക്കറ്റും സാങ്കേതിക സർവകലാശാലയുമായി ചേർന്ന് ആക്ടിവിറ്റി പോയൻറും പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആദ്യ രണ്ട് ദിവസത്തിനകം പി.എസ്.സിയെപോലും ഞെട്ടിച്ച് 15,000ത്തോളം അപേക്ഷകളാണ് എത്തിയത്. പി.എസ്.സി സർട്ടിഫിക്കറ്റ് ഭാവിയിൽ സർക്കാർ ജോലിക്ക് സഹായകമാകുമെന്ന തെറ്റിദ്ധാരണയാണ് വിദ്യാർഥികളുടെ തള്ളിക്കയറ്റത്തിനിടയാക്കിയത്. 29,633 വിദ്യാർഥികളാണ് പരീക്ഷക്ക് സന്നദ്ധതയറിച്ചത്.
ഇത്രയുംപേർക്ക് ഒറ്റദിവസം കൊണ്ട് ഓൺലൈൻ പരീക്ഷ നടത്താനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ആദ്യം അപേക്ഷിച്ച 10,000 പേർക്ക് മാത്രം അവസരം നൽകി ബാക്കിയുള്ളവരെ ഒഴിവാക്കമെന്ന നിർദേശം ഉദ്യോഗസ്ഥരിൽ ചിലർ പി.എസ്.സി ചെയർമാനെ അറിയിച്ചെങ്കിലും നിയമനടപടികളിലേക്ക് നീങ്ങുമെന്ന ഉപദേശത്തെ തുടർന്ന് പിന്മാറുകയായിരുന്നു. തുടർന്നാണ് പരീക്ഷണത്തിന് വേണ്ട 8404 പേെര രണ്ട് ബാച്ചുകളിലായി ഓൺലൈനായും ബാക്കി 21,229 പേർക്ക് ഒ.എം.ആർ പരീക്ഷയും നടത്തി തടിയൂരാൻ പി.എസ്.സി തീരുമാനിച്ചത്.
ഒ.എം.ആർ പരീക്ഷ സൗകര്യമൊരുക്കുന്നതിന് ഒരു വിദ്യാർഥിക്ക് 70-75 രൂപയാണ് ചെലവ്. അങ്ങനെയെങ്കിൽ 21,229 പേർക്ക് 15 ലക്ഷത്തോളം രൂപ ചെലവാകും. ഓൺലൈൻ പരീക്ഷ വ്യാപനത്തിൽ പി.എസ്.സിക്ക് ഒരു പ്രയോജനവുമില്ലാത്ത ഒ.എം.ആർ പരീക്ഷ നടത്തുന്നതിനോട് പി.എസ്.സി അംഗങ്ങൾക്കിടയിൽ എതിർപ്പുണ്ട്. 21,229 വിദ്യാർഥികൾക്ക് നടത്തുന്ന ഒ.എം.ആർ പരീക്ഷ പ്രഹസനമാണെന്നും ഇവർ ആരോപിക്കുന്നു.
ഓൺലൈൻ പരീക്ഷക്കിരിക്കുന്ന വിദ്യാർഥിക്ക് ഉത്തരം തെറ്റിയാലും പരീക്ഷ സമയം തീരുംമുമ്പ് അത് തിരുത്താൻ സൗകര്യമുണ്ടാകും. എന്നാൽ ഒ.എം.ആറിൽ ഈ സൗകര്യമില്ല. വിദ്യാർഥികളെ കമ്പളിപ്പിക്കുന്ന ഇത്തരം നീക്കം സ്ഥാപനത്തിെൻറ വിശ്വാസ്യതയെ തകർക്കുമെന്നും പി.എസ്.സിയിലെ ഒരുവിഭാഗം ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.