വിവാദ വ്യവസ്ഥ: കെ.എ.എസ് നിയമന നടപടികൾ നിലച്ചു
text_fieldsതിരുവനന്തപുരം: പി.എസ്.സിയുടെ അധികാരത്തിൽ കൈകടത്തിയുള്ള വിവാദ വ്യവസ്ഥ കാരണം കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് (കെ.എ.എസ്) നിയമന നടപടികൾ നിലച്ചു. പരീക്ഷയും സ്കീമും സംബന്ധിച്ച് പി.എസ്.സി സർക്കാറുമായി കൂടിയാലോചിക്കണമെന്ന സ്പെഷൽ റൂൾ വ്യവസ്ഥയാണ് പ്രതിസന്ധി സൃഷ്ടിച്ചത്. നിർദേശം തള്ളിയ പി.എസ്.സി, വിവാദ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാറിന് കത്തയച്ചെങ്കിലും തുടർ നടപടിയുണ്ടായില്ല.
മുഖ്യമന്ത്രി കൈയാളുന്ന പൊതുഭരണ വകുപ്പിനാണ് പി.എസ്.സി കത്തയച്ചത്. പി.എസ്.സി യോഗത്തിൽ െഎകകണ്ഠ്യേനയെടുത്ത തീരുമാന പ്രകാരമാണ് കത്തയച്ചത്. ആഴ്ചകൾ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ വ്യക്തത വരുത്തിയുള്ള മറുപടിയൊന്നും പൊതുഭരണ വകുപ്പ് പി.എസ്.സിക്ക് നൽകിയിട്ടില്ല. ഇതോടെ, കെ.എ.എസ് നിയമന നടപടികൾ നിലച്ച മട്ടാണ്. വിജ്ഞാപനമിറക്കിയിട്ടില്ലെങ്കിലും പരീക്ഷ നടത്തിപ്പിനുള്ള തയാറെടുപ്പ് പി.എസ്.സി ആരംഭിച്ചിരുന്നു.
സിലബസ് തയാറാക്കൽ, സ്കീം, ഇൻറർവ്യൂ, പരീക്ഷ നടത്തിപ്പ് തുടങ്ങിയ നടപടികളാണ് തുടങ്ങിയിരുന്നത്. സർക്കാറിെൻറ അഭിമാന വിഷയമെന്ന നിലക്ക് റെക്കോഡ് വേഗത്തിൽ നിയമന നടപടി പൂർത്തിയാക്കുകയാണ് പി.എസ്.സി ലക്ഷ്യമിട്ടത്. സ്പെഷൽ റൂളിലെ പുതിയ വ്യവസ്ഥ കാരണം ഇതെല്ലാം നിലച്ചമട്ടാണ്. ജനുവരിയിൽ വിജ്ഞാപനമിറക്കുന്നതും നടന്നില്ല. സ്പെഷൽ റൂൾ വ്യവസ്ഥയിൽ ഉറച്ചുനിന്നാൽ സിലബസ്, സ്കീം തുടങ്ങിയ കാര്യങ്ങളിൽ സർക്കാറിെൻറ അംഗീകാരം വാങ്ങേണ്ടിവരുമോയെന്ന ആശങ്കയാണ് പി.എസ്.സിയിൽ ഉയർന്നുവരുന്നത്.
നിയമനം പി.എസ്.സിക്ക് വിട്ടാൽ പരീക്ഷ, സ്കീം, സിലബസ് തുടങ്ങിയ എല്ലാ കാര്യങ്ങളും തീരുമാനിക്കാനുള്ള അധികാരം പി.എസ്.സിക്ക് തന്നെയാണ്.
ഇതിനു വിരുദ്ധമാണ് കെ.എ.എസ് വിഷയത്തിൽ സർക്കാർ കൈക്കൊണ്ടത്. പരീക്ഷ, സിലബസ്, എഴുത്തുപരീക്ഷ തുടങ്ങിയ കാര്യങ്ങളെല്ലാം സർക്കാറുമായി പി.എസ്.സി കൂടിയാേലാചിക്കണമെന്നാണ് സ്പെഷൽ റൂൾ വ്യവസ്ഥ. കരട് റൂളിൽ ഇല്ലാത്ത വ്യവസ്ഥയാണ് അന്തിമ വിജ്ഞാപനത്തിൽ പിന്നീട് കൂട്ടിച്ചേർത്തത്. 80 മാർക്കിെൻറ എഴുത്തുപരീക്ഷയും 20 മാർക്കിെൻറ ഇൻറർവ്യൂവും എന്ന നിർദേശമാണ് കരട് റൂളിലുണ്ടായിരുന്ന വ്യവസ്ഥ. പി.എസ്.സി ശിപാർശ പ്രകാരം ഇൗ വ്യവസ്ഥ നീക്കം ചെയ്തു. ഇതിനു പകരമായാണ് പുതിയ വ്യവസ്ഥയുണ്ടാക്കിയതെന്നതാണ് ഏറെ ആശ്ചര്യകരം.
സംവരണ വിഷയത്തിൽ പി.എസ്.സിയുടെ കത്തിൽ റെക്കോഡ് വേഗത്തിലാണ് സർക്കാർ തീരുമാനം കൈക്കൊണ്ടത്. സർവിസിലുള്ളവർക്ക് കെ.എ.എസിൽ സംവരണം നൽകുന്നതിലാണ് പി.എസ്.സി വ്യക്തത തേടിയത്. ബിരുദ യോഗ്യതയുള്ള എല്ലാവർക്കും അപേക്ഷിക്കാവുന്ന സ്ട്രീം ഒന്നിൽ മാത്രമായി സംവരണം നിജപ്പെടുത്തിയത് പി.എസ്.സി കത്തിെൻറ കൂടി അടിസ്ഥാനത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.