കെ.എ.എസ് സംവരണം: കരട് ഭേദഗതിക്ക് പി.എസ്.സി അംഗീകാരം
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിട്രേറ്റിവ് സര്‍വിസിൽ (കെ.എ.എസ്) മൂന്നുധാരകളിലും സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കരട് ഭേദഗതി നിർദേശങ്ങൾക്ക് പി.എസ്.സി അംഗീകാരം. ഒന്നാം ഗസറ്റഡ് ഓഫിസര്‍മാര്‍ക്കുള്ള തസ്തികമാറ്റ നിയമനത്തിന് സംവരണപ്രകാരമുള്ള വയസ്സിളവ് ഒഴിവാക്കിക്കൊണ്ടാണ് നിർദേശങ്ങൾ അംഗീകരിച്ചത്. ഈ വിഭാഗത്തിൽ അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 50 വയസ്സായിരിക്കും. സംസ്ഥാന സേവന ചട്ടപ്രകാരം സംവരണവിഭാഗങ്ങൾക്കുള്ള വയസ്സിളവ് 50ൽ കൂടരുതെന്ന് നിഷ്കർഷിച്ചതിെൻറ അടിസ്ഥാനത്തിലാണ് ഈ വിഭാഗത്തിന് വയസ്സിളവ് നൽകേണ്ടതില്ലെന്ന് തിങ്കളാഴ്ച ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചത്.
അതേസമയം, മറ്റ് രണ്ട് ധാരകളിലും സംവരണപ്രകാരമുള്ള വയസ്സിളവ് ലഭിക്കും. നേരിട്ടുള്ള നിയമനത്തിന് 21-32 ആണ് പ്രായപരിധി. ഈ വിഭാഗത്തില്‍ എസ്.സി/എസ്.ടിക്ക് 37 വയസ്സുവരെയും മറ്റ് പിന്നാക്കവിഭാഗക്കാര്‍ക്ക് 35 വയസ്സുവരെയും അപേക്ഷിക്കാം. സംസ്ഥാന സര്‍വിസില്‍ ഒന്നാം ഗസറ്റഡ് തസ്തികക്ക് താഴെ ജോലി ചെയ്യുന്നവര്‍ക്കുള്ളതാണ് രണ്ടാം കാറ്റഗറി. പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത് 21-40 ആണ്. ഈ വിഭാഗത്തില്‍ എസ്.സി/എസ്.ടിക്കാര്‍ക്ക് 45 വയസ്സുവരെയും മറ്റ് പിന്നാക്കക്കാര്‍ക്ക് 43 വയസ്സുവരെയും അപേക്ഷിക്കാം. ഇതിനുപുറമെ വിമുക്തഭടര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് സംസ്ഥാന സേവനചട്ടത്തിലെ വ്യവസ്ഥയനുസരിച്ച് വയസ്സിളവ് ലഭിക്കും.
ബിരുദമാണ് കെ.എ.എസിനുള്ള അടിസ്ഥാനയോഗ്യത. ഐ.എ.എസിലേക്കുള്ള സംസ്ഥാനത്തിെൻറ ഫീഡര്‍ കാറ്റഗറിയായിട്ടാണ് കെ.എ.എസ് വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാന സര്‍വിസിലെ രണ്ടാം ഗസറ്റഡ് തസ്തികയുടെ പത്തുശതമാനം ഒഴിവുകളാണ് കെ.എ.എസിലേക്ക് മാറ്റിയിട്ടുള്ളത്. അംഗീകരിച്ച കരട് ചട്ടം ചൊവ്വാഴ്ച സര്‍ക്കാറിന് പി.എസ്.സി കൈമാറും. ഇതിനുശേഷമാകും അന്തിമചട്ടം സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുക. നേരത്തേ സർക്കാർ കരട് ചട്ടം പ്രസിദ്ധീകരിച്ചപ്പോള്‍ നേരിട്ടുള്ള നിയമനത്തില്‍ മാത്രമാണ് സംവരണം വ്യവസ്ഥ ചെയ്തിരുന്നത്.
ഒന്നാം ഗസറ്റഡ് റാങ്കിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റ് തസ്തികകളിലെ ജീവനക്കാര്‍ക്കും സംവരണം അനുവദിച്ചിരുന്നില്ല. അഡ്വക്കറ്റ് ജനറലിെൻറ നിയമോപദേശവും ഇതിന് അനുയോജ്യമായിരുന്നു. നിയമസെക്രട്ടറിയുടെ ഉപദേശം സർക്കാർ തള്ളുകയും ചെയ്തു. സർക്കാർ നിലപാടിൽ വ്യാപക പ്രതിഷേധം ഉയരുകയായിരുന്നു. ഭരണപക്ഷത്തുനിന്നുതന്നെ സംവരണത്തിന് അനുകൂലമായ ആവശ്യങ്ങൾ ഉയർന്നു. ഇതോടെ മൂന്നുധാരകളിലും സംവരണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.