കമ്പനി/ കോർപറേഷൻ അസിസ്റ്റൻറ് തസ്തികയിലും ‘കൺഫേം’ സമ്പ്രദായം
text_fieldsതിരുവനന്തപുരം: സിവിൽ പൊലീസ് ഒാഫിസർ തസ്തികകളിലേതിനു പിന്നാലെ ജൂൺ ഒമ്പതിനു നിശ്ചയിച്ച കമ്പനി/കോർപറേഷൻ അസിസ്റ്റൻറ്, ജൂനിയർ അസിസ്റ്റൻറ്, അസി. ഇൻഫർമേഷൻ ഒാഫിസർ എന്നീ തസ്തികകളിലും ‘കൺഫേം’ (പരീക്ഷയെഴുതുന്നുവെന്ന് ഉറപ്പുനൽകൽ) സമ്പ്രദായം നടപ്പാക്കും.
പരീക്ഷയെഴുതുന്നുവെന്ന് ഉദ്യോഗാർഥി ഉറപ്പുനൽകുന്ന ഇൗ പരിഷ്കാരവും ഹാൾടിക്കറ്റ് തയാറാക്കലും തമ്മിൽ ബന്ധമില്ലാത്ത വിധമാണ് പുതിയ ക്രമീകരണം. ഇതിനായി സോഫ്റ്റ്വെയറിൽ മാറ്റവും വരുത്തും. ഹാൾടിക്കറ്റ് കൂട്ടത്തോടെ ജനറേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നാണ് പി.എസ്.സിയുെട തിരക്കിട്ട പരിഷ്കാരം.
ആഗസ്റ്റ് 15 മുതലുള്ള പരീക്ഷകൾക്ക് പുതിയ രീതി നടപ്പാക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. മേയ് 26ന് നടക്കുന്ന സിവിൽ പൊലീസ് ഒാഫിസർ, വനിത സിവിൽ പൊലീസ് ഒാഫിസർ പരീക്ഷകളുടെ ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദം പരിഷ്കാരം നേരത്തേയാക്കാൻ നിർബന്ധിതമാക്കി. ആഗസ്റ്റ് 15ഒാടെ പി.എസ്.സിയുടെ മുഴുവൻ പരീക്ഷകൾക്കും പരിഷ്കാരം ബാധകമാക്കും.
സിവിൽ പൊലീസ് ഒാഫിസർ തസ്തികകളിലെ ഹാൾടിക്കറ്റിനായി ഉദ്യോഗാർഥികൾ കൂട്ടത്തോടെ പി.എസ്.സി വെബ്ൈസറ്റിൽ കയറി തട്ടിപ്പ് നടത്തുന്നുെവന്ന പരാതികളാണ് പി.എസ്.സിയെ വെട്ടിലാക്കിയത്.
വെബ്ൈസറ്റിൽ കൂട്ടമായി പ്രവേശിച്ച് ഒരേ പരീക്ഷാഹാളും അടുത്തടുത്തെ രജിസ്റ്റർ നമ്പറും ഒപ്പിക്കുകയാണ് തട്ടിപ്പിലൂടെ ലക്ഷ്യമിട്ടത്. തട്ടിപ്പ് ബോധ്യപ്പെട്ടതോടെ രണ്ടരലക്ഷത്തോളം ഹാൾടിക്കറ്റ് റദ്ദാക്കി. ജനറേറ്റ് ചെയ്യുന്നതിന് പകരം കൺഫേം രീതി ഉടൻ നടപ്പാക്കുകയും ചെയ്തു.
സിവിൽ പൊലീസ് ഒാഫിസർ തസ്തികക്ക് മേയ് ആറുവരെയാണ് പരീക്ഷയെഴുതുന്നുവെന്ന് ഉറപ്പാക്കാനുള്ള സമയപരിധി. പ്രൊഫൈലിൽ ജനറേറ്റ് എന്നതിനുപകരം കൺഫർമേഷൻ ബട്ടൺ അമർത്തുക മാത്രമാണ് ഉദ്യോഗാർഥികൾ ചെയ്യേണ്ടത്. പരീക്ഷയെഴുതുന്നുവെന്ന ഇൗ ഉറപ്പ് നൽകൽ രീതിയുടെ അടിസ്ഥാനത്തിലാണ് പരീക്ഷക്കിരുത്തുക. പരീക്ഷ തീയതിയുടെ 60 ദിവസം മുമ്പ് ഉറപ്പുനൽകലിന് സൗകര്യമൊരുക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ഇത്തരം കാര്യങ്ങൾ പൂർണമായി ആഗസ്റ്റ് 15ന് ശേഷമേ നടപ്പാക്കൂ.
അപേക്ഷ സമർപ്പിച്ച് പരീക്ഷയെഴുതാത്ത സ്ഥിതി ഒഴിവാക്കാനാണ് പരിഷ്കാരം നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.