ഒാൺലൈൻ പരീക്ഷ: കൂടുതൽ അപേക്ഷകരുള്ള തസ്തികകളിലും നടപ്പാക്കാൻ പി.എസ്.സി ഒരുങ്ങുന്നു
text_fieldsകണ്ണൂർ: പരീക്ഷണാടിസ്ഥാനത്തിൽ നാലു ജില്ലകളിൽ പി.എസ്.സി നടത്തിവരുന്ന ഒാൺലൈൻ പരീക്ഷകൾ മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് അപേക്ഷകർ കുറവുള്ള തസ്തികകളിൽ ഒാൺലൈനായി നിലവിൽ പരീക്ഷ നടത്തിവരുന്നത്.
നിലവിൽ പരമാവധി 300വരെ അപേക്ഷകർ മാത്രമുള്ള പരീക്ഷകളാണ് ഒാൺലൈനായി നടത്തുന്നത്. അടുത്തഘട്ടമായി 10,000വരെ അപേക്ഷകർ വരുന്ന പരീക്ഷകൾ ഒാൺലൈനാക്കാനുള്ള ശ്രമം പി.എസ്.സി തുടങ്ങിയിട്ടുണ്ട്. വേണ്ടത്ര സ്ഥലസൗകര്യമില്ലാത്തതാണ് ഒാൺലൈൻ പരീക്ഷകൾ വ്യാപകമാക്കുന്നതിന് തടസ്സമാകുന്നത്. ജില്ലകളിലെ പി.എസ്.സി ഒാഫിസുകളോട് ചേർന്ന് കെട്ടിടസൗകര്യവും കമ്പ്യൂട്ടർ സൗകര്യങ്ങളും വേണം.
ഇതിനായി പുതിയകെട്ടിടങ്ങൾ നിർമിക്കുന്നതിന് സ്ഥലങ്ങൾ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. കാസർകോടും പാലക്കാട്ടും കെട്ടിടനിർമാണം തുടങ്ങിയിട്ടുണ്ട്. തൃശൂരിലും മലപ്പുറത്തും പുതിയ സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. കണ്ണൂർ ഉൾപ്പെടെ സ്വന്തമായി സ്ഥലമില്ലാത്ത ജില്ലകളിൽ ഇതിനുള്ള ശ്രമം പി.എസ്.സി തുടങ്ങിയിട്ടുണ്ട്.
കെട്ടിടങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനായി ജില്ലകളിലെ എൻജിനീയറിങ് കോളജുകൾ പരീക്ഷാകേന്ദ്രങ്ങളാക്കാൻ പി.എസ്.സി തീരുമാനിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ സംവിധാനങ്ങളുള്ള എൻജിനീയറിങ് കോളജുകൾ കേന്ദ്രങ്ങളാക്കി ഒാൺലൈൻ പരീക്ഷ നടത്താനാണ് നീക്കം. പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരത്തിലുള്ള ആദ്യപരീക്ഷ തിരുവനന്തപുരത്ത് നടത്തും. ഇതിെൻറ ഭാഗമായി ഒാൺലൈൻ മോക് ടെസ്റ്റ് അടുത്തദിവസം തിരുവനന്തപുരത്ത് നടക്കും. ഇത് ഫലപ്രദമാണെന്ന് കണ്ടാൽ മറ്റ് ജില്ലകളിൽകൂടി നടപ്പാക്കും. വകുപ്പുതല പരീക്ഷകൾ പൂർണമായും ഒാൺലൈനാക്കി മാറ്റും.
പരീക്ഷകൾ കൂടുതൽ കാര്യക്ഷമമായി നടത്താനും ചെലവ് കുറക്കാനും കഴിയുമെന്നത് ഒാൺലൈൻ പരീക്ഷകളുടെ മേന്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫലം പ്രസിദ്ധീകരിക്കുന്നതിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാനും ഇതിലൂടെ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.