കൂട്ടത്തോടെ ഹാൾടിക്കറ്റ് തരപ്പെടുത്തി കോപ്പിയടി; പി.എസ്.സി സോഫ്റ്റ്വെയർ മാറ്റും
text_fieldsതിരുവനന്തപുരം: ഒരേ പരീക്ഷാഹാളും അടുത്തിരുന്ന് കോപ്പിയടിയും ലക്ഷ്യമിട്ട് ഉദ്യോഗാർഥികൾ കൂട്ടത്തോടെ ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്യുന്നത് അവസാനിപ്പിക്കാൻ പി.എസ്.സി തീരുമാനിച്ചു. ഒരേസമയം ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്യുന്നത് ഒഴിവാക്കാൻ പി.എസ്.സിയുടെ സോഫ്റ്റ്വെയറിൽ മാറ്റം വരുത്തും. ആദ്യപടിയായി തിങ്കളാഴ്ച ജനറേറ്റ് ചെയ്യാതെതന്നെ ഉദ്യോഗാർഥികൾക്ക് ഹാൾടിക്കറ്റ് ലഭ്യമാക്കി.
സിവിൽ പൊലീസ് ഒാഫിസർ, വനിത സിവിൽ പൊലീസ് ഒാഫിസർ തസ്തികകളിലെ പരീക്ഷക്ക് കൂട്ടത്തോടെ ഹാൾടിക്കറ്റ് തരപ്പെടുത്തി തട്ടിപ്പ് നടത്തുന്നതായുള്ള ‘മാധ്യമം’ വാർത്തയെതുടർന്നാണ് നടപടി. മേയ് 26ന് നടക്കുന്ന സിവിൽ പൊലീസ് ഒാഫിസർ പരീക്ഷക്ക് മേയ് ആറിനകം ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്യാനാണ് ഉദ്യോഗാർഥികൾക്ക് പി.എസ്.സി നിർദേശം നൽകിയത്.
പരീക്ഷാകേന്ദ്രവും രജിസ്റ്റർ നമ്പറും നിശ്ചയിക്കുന്നത് സോഫ്റ്റ്വെയർ ആണെന്നിരിക്കെ ഉദ്യോഗാർഥികൾ കൂട്ടത്തോടെ ജനറേറ്റ് ചെയ്യാനായി പി.എസ്.സി വെബ്സൈറ്റിൽ പ്രവേശിച്ചു. കൂട്ടത്തോടെ ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്യുന്നതിെൻറ ഗുണം വിശദീകരിക്കുന്ന ശബ്ദരേഖ ഉദ്യോഗാർഥികളുടെ വാട്ട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിക്കുകയും ചെയ്തു. ഫയർമാൻ, എൽ.ഡി.സി പരീക്ഷകളിൽ ഇൗവിധം ഹാൾടിക്കറ്റ് ചെയ്തതിെൻറ ഫലമായി ജോലി ലഭിച്ചതും ശബ്ദരേഖയിലുണ്ട്. തട്ടിപ്പ് സംബന്ധിച്ച് നേരത്തേ പി.എസ്.സിക്ക് പരാതി ലഭിച്ചിരുന്നെങ്കിലും അവഗണിച്ച മട്ടായിരുന്നു. സിവിൽ പൊലീസ് ഒാഫിസർ തസ്തികയിലും തട്ടിപ്പ് നടക്കുന്നുവെന്ന പ്രചാരണം വന്നതോടെയാണ് പി.എസ്.സിയുടെ അടിയന്തര ഇടപെടൽ.
സോഫ്റ്റ്വെയറിൽ കാര്യമായ മാറ്റം വരുത്തി ദീർഘകാലാടിസ്ഥാനത്തിലുള്ള നടപടികളും പി.എസ്.സിയുടെ പരിഗണനയിലുണ്ട്. ചില കോച്ചിങ് സെൻററുകളിൽനിന്ന് പഠിച്ചിറങ്ങുന്നവരാണ് ന്യൂജെൻ തട്ടിപ്പിെൻറ ആസൂത്രകർ. ഇവിടെ പഠിക്കുന്നവർ ഒരേസമയം പി.എസ്.സി വെബ്സൈറ്റുകളിൽ പ്രവേശിക്കും. പ്രൊഫൈലിൽ കയറി ഒരേസമയം ജനറേറ്റ് ബട്ടൺ അമർത്തുന്നതോടെ ഏകദേശം ഒരേ പരീക്ഷാകേന്ദ്രം ലഭിക്കുകയും ചെയ്യും. രാത്രിയിലാണ് തട്ടിപ്പ് നടക്കുന്നത്. ഇതിനകം ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്തവരുടെ കാര്യത്തിൽ എന്ത് ചെയ്യണമെന്നകാര്യം അടുത്തദിവസം പി.എസ്.സി തീരുമാനിക്കും.
അപേക്ഷിക്കുന്ന എല്ലാവർക്കും ഹാൾടിക്കറ്റ് ലഭ്യമാക്കുന്നതിനുപകരം ജനറേറ്റ് ചെയ്യുന്നവർ മാത്രം പരീക്ഷയെഴുതിയാൽ മതിയെന്നനിലക്കാണ് പി.എസ്.സി പരിഷ്കാരം ഏർെപ്പടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.