കെ.എ.എസ് മൂല്യനിർണയം: ഉദ്യോഗസ്ഥ വിവരങ്ങൾ പുറത്തായതിൽ അന്വേഷണവുമായി പി.എസ്.സി
text_fieldsതിരുവനന്തപുരം: കെ.എ.എസ് പ്രാഥമിക പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തുന്ന ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ പുറത്തായ സംഭവത്തിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് പി.എസ്.സി. അതീവരഹസ്യസ്വഭാവമുള്ള വിവരങ്ങൾ പുറത്തായത് ഗൗരവത്തോടെ കാണണമെന്നും ഭാവിയിൽ രഹസ്യ വിവരങ്ങൾ പുറത്താകാതിരിക്കാൻ നടപടികൾ വേണമെന്നും ചൊവ്വാഴ്ച ചേർന്ന കമീഷൻ യോഗം പി.എസ്.സി സെക്രട്ടറിയോട് നിർദേശിച്ചു.
ഒ.എം.ആർ ഷീറ്റുകളുടെ ഗുണനിലവാരമില്ലായ്മമൂലം ഒമ്പതിനായിരത്തോളം ഉത്തരക്കടലാസുകൾ മെഷീനിലൂടെ മൂല്യനിർണയം നടത്താൻ പി.എസ്.സിക്ക് കഴിഞ്ഞിരുന്നില്ല.
ഈ ഷീറ്റുകളാണ് പി.എസ്.സി ആസ്ഥാനത്തെ വിവിധ സെക്ഷനുകളിൽ നിന്നുള്ള 21 ജീവനക്കാരെ ഉപയോഗിച്ച് പരിശോധിക്കാൻ ഡെപ്യൂട്ടി സെക്രട്ടറി ഉത്തരവിട്ടത്. ഈ ഉത്തരവാണ് ബി.ജെ.പി വക്താവ് സന്ദീപ് ജി. വാര്യർ ഫേസ്ബുക്കിലൂടെ പരസ്യമാക്കിയത്.
മൂല്യനിർണയം നടത്താൻ നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥർക്ക് പുറമെ പരീക്ഷ കൺട്രോളർക്കും വിവിധ ജോയൻറ് സെക്രട്ടറിമാർക്കും ഡെപ്യൂട്ടി സെക്രട്ടറിമാർക്കും അണ്ടർ സെക്രട്ടറിമാർക്കും വിവിധ സെക്ഷനുകളിലെ തലവൻമാർക്കും ഉത്തരവിെൻറ കോപ്പി ഡെപ്യൂട്ടി സെക്രട്ടറി അയച്ചിട്ടുണ്ട്. അതിനാൽ കുറ്റക്കാരെ കണ്ടെത്താൻ സമഗ്ര അന്വേഷണം വേണമെന്ന പി.എസ്.സി സെക്രട്ടറിയുടെ റിപ്പോർട്ട് കമീഷൻ അംഗീകരിക്കുകയായിരുന്നു. ഈ മാസം തന്നെ കെ.എ.എസ് പ്രാഥമിക പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനാണ് കമീഷൻ തീരുമാനം.
ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ ഉത്തരക്കടലാസുകളുടെ പരിശോധനക്ക് നിയോഗിക്കാനും തീരുമാനിച്ചു. സി.പി.എം അനുഭാവികളെ തിരുകിക്കയറ്റുന്നതിനാണ് മാന്വൽ പരിശോധനയെന്ന ആരോപണങ്ങൾ യുക്തിക്ക് നിരക്കാത്തതാണെന്ന് ചെയർമാൻ എം.കെ. സക്കീർ യോഗത്തിൽ അറിയിച്ചു. ഉത്തരക്കടലാസിെൻറ വേർപ്പെടുത്തിയ ‘ബി’ ഭാഗം മാത്രമാണ് ജീവനക്കാരെ ഏൽപിക്കുന്നത്. മാർക്കിട്ട ശേഷമാണ് ‘എ’ ഭാഗവുമായി സംയോജിപ്പിച്ച് ഫലം പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോക്ഡൗണിനെ തുടർന്ന് മുടങ്ങിയ പി.എസ്.സി പരീക്ഷകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരുമായി ചർച്ച ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാൻ പരീക്ഷ കൺട്രോളറെ ചുമതലപ്പെടുത്തി.
അടുത്തമാസം ഒന്നുമുതൽ അഭിമുഖങ്ങൾ ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പിന് കിഴീൽ വരുന്ന അധ്യാപക പരിശീലന കേന്ദ്രമായ ഡയറ്റിലെ അധ്യാപക നിയമനത്തിനുള്ള വിശേഷാൽ ചട്ടവും കമീഷൻ അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.