സിവിൽ സർവിസ് പ്രിലിമിനറി പരീക്ഷ മാറ്റിെവച്ചു
text_fieldsന്യൂഡൽഹി: മേയ് 31ന് നടക്കേണ്ട യു.പി.എസ്.സി സിവിൽ സർവിസ് പ്രിലിമിനറി പരീക്ഷ നീട്ടി. രാജ്യത്തെ സാഹചര്യം പരിഗണിച്ച് മേയ് 20ന് പുതുക്കിയ തീയതി പ്രഖ്യാപിക്കും. മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത യു.പി.എസ്.സി യോഗത്തിലാണ് തീരുമാനം. ലോക്ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് നീണ്ടതോടെയാണ് പരീക്ഷ നീട്ടിെവക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ മേയ് അവസാനത്തിൽ നടത്താനാകില്ലെന്ന് മുതിർന്ന യു.പി.എസ്.സി ഉദ്യോഗസ്ഥൻ അറിയിച്ചു. പരീക്ഷ നീട്ടിയതോടെ, ഈ ആഴ്ച അയക്കേണ്ട അഡ്മിറ്റ് കാർഡുകൾ ഉടൻ അയക്കില്ല. ഇന്ത്യൻ ഫോറസ്റ്റ് സർവിസ് പരീക്ഷയും നീട്ടിയിട്ടുണ്ട്.
പരീക്ഷ കേന്ദ്രങ്ങളാക്കേണ്ട സ്കൂളുകൾ നിരീക്ഷണ കേന്ദ്രങ്ങളാക്കിയതും പൊതുഗതാഗതം പുനരാരംഭിക്കാത്തതുമുൾപ്പെടെ നിരവധി വിഷയങ്ങൾ നിലവിൽ പരീക്ഷ നടത്തിപ്പിന് തടസ്സമാകുകയാണ്. 10 ലക്ഷത്തോളം പേരാണ് ഓരോ വർഷവും സിവിൽ സർവിസ് പ്രിലിമിനറി പരീക്ഷ എഴുതുന്നത്.
2,500 ഓളം കേന്ദ്രങ്ങളിലായി പരീക്ഷ നടത്തിപ്പിന് 1.6 ലക്ഷം ജീവനക്കാരും ആവശ്യമുണ്ട്. ഇവരുടെ യാത്രയുൾപ്പെടെ പ്രയാസപ്പെടുമെന്ന് കണ്ടാണ് നടപടി. അതേസമയം, പ്രിലിംസ് നീണ്ടാൽ മെയിൻ പരീക്ഷക്ക് ഒരുങ്ങാനുള്ള സമയം നഷ്ടമാകുമെന്ന ആശങ്ക പരീക്ഷാർഥികൾക്കുണ്ട്.
ഇന്ത്യൻ ഇക്കണോമിക് സർവിസ്/ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ് സർവിസ്, കംബൈൻഡ് മെഡിക്കൽ സർവിസസ് പരീക്ഷ 2020, സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ് പരീക്ഷ 2020, എൻ.ഡി.എ ആൻഡ് നേവൽ അക്കാദമി പരീക്ഷ തുടങ്ങിയവക്കുള്ള അറിയിപ്പ് നേരത്തേ യു.പി.എസ്.സി നീട്ടിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.