കാലിക്കറ്റ് സർവകലാശാലയിലെ സംവരണ അട്ടിമറി:എസ്.സി-എസ്.ടി കമീഷൻ സ്വമേധയാ കേസെടുത്തു
text_fieldsതിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപക നിയമനങ്ങളിൽ പട്ടികജാതി സംവരണം അട്ടിമറിച്ചെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സർവകലാശാല രജിസ്ട്രാർക്ക് കമ്മീഷൻ നിർദേശം നൽകി.
സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസർ നിയമനത്തിൽ പട്ടികജാതി സംവരണം അട്ടിമറിച്ചതായിട്ടാണ് ആരോപണമുയർന്നത്. അസോഷ്യേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിൽ നിയമനം നടത്തി ഒരു വർഷം കഴിഞ്ഞിട്ടും സംവരണക്രമം പുറത്തുവിടാൻ സർവകലാശാല തയാറായിട്ടില്ല. സംസ്ഥാനത്ത് കാലിക്കറ്റ് ഒഴികെ മറ്റെല്ലാ സർവകലാശാലകളും ഒഴിവ് വിജ്ഞാപനം ചെയ്യുമ്പോൾത്തന്നെ സംവരണക്രമം അറിയിക്കാറുണ്ട്.
2019 ഡിസംബറിലാണു സർവകലാശാല 63 അസിസ്റ്റന്റ് പ്രഫസർ നിയമനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചത്. 2021 ഫെബ്രുവരിയോടെ നിയമനം നടത്തി. 10 തസ്തികകളിൽ ആളെ ലഭിക്കാത്തതിനാൽ നിയമിച്ചിട്ടില്ല. ആകെയുള്ള 63ൽ ആറ് തസ്തികകളാണ് പട്ടിക ജാതി, വർഗത്തിനു സംവരണം ചെയ്തിരുന്നത്. സംവരണക്രമ പ്രകാരം നാല്,12, 24, 32, 44, 52 ക്രമത്തിലാണ് ഈ വിഭാഗത്തിൽനിന്നുള്ള ഉദ്യോഗാർഥികളെ നിയമിക്കേണ്ടത്. എന്നാൽ, സർവകലാശാല ഇത് 5, 13, 25, 34, 46, 55 എന്നാക്കി മാറ്റി.
ശരിയായ സംവരണക്രമം പാലിച്ചിരുന്നെങ്കിൽ പട്ടികജാതി വിഭാഗത്തിലെ ആദ്യത്തെ ഉദ്യോഗാർഥിക്ക് മലയാളം വിഭാഗത്തിലാണു നിയമനം ലഭിക്കേണ്ടിയിരുന്നത്. പകരം അഞ്ച് പരിഗണിച്ചതിനാൽ ഡ്രാമ ആൻഡ് ഫൈൻ ആർട്സിലാണ് ലഭിച്ചത്. 12 പരിഗണിച്ചിരുന്നെങ്കിൽ സൈക്കോളജിയിൽ നിയമനം ലഭിക്കേണ്ടതായിരുന്നു. പകരം 13 പരിഗണിച്ചതിനാൽ അത് അറബിക് വിഭാഗത്തിലായി. ഡ്രാമ ആൻഡ് ഫൈൻ ആർട്സിലും അറബിക്കിലും പട്ടികജാതി, വർഗ ഉദ്യോഗാർഥികൾ ഇല്ലാതിരുന്നതിനാൽ ഇവിടെ നിയമനം നടന്നതുമില്ല. അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനു പിന്നാലെ സർവകലാശാലയിൽ 53 അസോഷ്യേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിൽ നിയമനം നടന്നിരുന്നു. ഇതിൽ പാലിച്ച സംവരണക്രമവും പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.