സ്കൂൾ പരിസരങ്ങളിലെ റോഡുകൾ ഡബ്ൾ സേഫ്
text_fieldsദോഹ: വേനലവധി കഴിഞ്ഞ് പ്രവർത്തനമാരംഭിച്ച ഖത്തറിലെ സ്കൂളുകൾക്ക് സമീപത്തായി വിദ്യാർഥികളുടെ സുരക്ഷക്കായി മികച്ച ക്രമീകരണങ്ങൾ ഒരുക്കി പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. രാജ്യത്തെ 623ൽ 546 സ്കൂളുകളുടെയും പരിസരങ്ങളിലെയും മറ്റും നിർമാണങ്ങളും സുരക്ഷ സംവിധാനങ്ങളുമെല്ലാം പൂർത്തിയാക്കിയതായി അഷ്ഗാൽ അറിയിച്ചു. അഷ്ഗാലിന്റെ സ്കൂൾ സോൺ സേഫ്റ്റി പ്രോഗ്രാമിന്റെ ഭാഗമായാണ് നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കിയത്.
വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം, നാഷനൽ റോഡ് സേഫ്റ്റി കമ്മിറ്റി എന്നിവരുമായി ഏകോപിപ്പിച്ച് അഷ്ഗാൽ പ്രവൃത്തികൾ പൂർത്തിയാക്കിയത്. സ്കൂളുകളിലേക്ക് വരുന്നവരും, പുറത്തേക്ക് പോകുന്നവരുമായ വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ഓരോ സ്കൂളുകളുടെയും പരിസരങ്ങളെ അടിസ്ഥാനമാക്കിയാണ് റോഡിലെയും മറ്റും സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. 2013ൽ രാജ്യത്തെ 10 സ്കൂളുകളായിരുന്നു അഷ്ഗാലിന്റെ സുരക്ഷാ പദ്ധതിക്കു കീഴിലെങ്കിൽ പത്തു വർഷംകൊണ്ട് അത് 546ലേക്കാണ് ഉയർന്നത്.
സ്കൂളിലെത്തുന്നവരുടെ സുരക്ഷ, ക്ലാസ് തുടങ്ങുന്നതിന് മുമ്പും, ക്ലാസ് അവസാനിച്ച ശേഷവും കൂട്ടമായി പുറത്തിറങ്ങുന്ന കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ആവശ്യമായ റോഡ് സുരക്ഷ, റോഡ് ട്രാഫിക് എന്നിവ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് അഷ്ഗാൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
പ്രത്യേക കാർപാർക്കിങ് കേന്ദ്രങ്ങൾ, ട്രാഫിക് നിയന്ത്രിക്കാൻ മീഡിയനുകളും റൗണ്ട് അബൗട്ടുകളും, ഡ്രൈവർമാർക്ക് സ്കൂൾ സൂചന നൽകുന്ന ബോർഡുകൾ, സ്പീഡ് ലിമിറ്റ് 30 എന്ന് കാണിക്കുന്ന സൂചന ബോർഡ്, സ്പീഡ് ഹംമ്പുകൾ, കാൽനടയാത്രക്കാർക്കുള്ള പാതകൾ, ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവർക്ക് യാത്രക്കായുള്ള റോഡുകൾ, സ്കൂൾ പ്രവേശന മേഖലസംബന്ധിച്ച് ഡ്രൈവർമാർക്ക് സൂചന നൽകുന്ന മഞ്ഞ വരകൾ എന്നിവയെല്ലാം അഷ്ഗാൽ സജ്ജീകരിച്ചിട്ടുണ്ട്.
സ്കൂൾ പരിസരത്തെ ട്രാഫിക് സുരക്ഷ ഉറപ്പുവരുത്തുന്നതിനും വർധിപ്പിക്കുന്നതിനും, പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്കൂളുകളുടെ എണ്ണം വർധിപ്പിക്കുന്നതിനും, ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് സമഗ്രവും നിരന്തരവുമായ പദ്ധതി വർഷം തോറും അഷ്ഗൽ നടപ്പിലാക്കുന്നതായി എൻജിനീയർ അഹമ്മദ് റാഷിദ് അൽ കുബൈസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.