സീഡ് കം ഫെർട്ടിലൈസർ രൂപകൽപന; കാർഷിക സർവകലാശാലക്ക് പേറ്റന്റ്
text_fieldsതിരുവനന്തപുരം: സീഡ് കം ഫെർട്ടിലൈസർ രൂപകൽപനക്ക് കേന്ദ്ര സർക്കാറിന്റെ പേറ്റന്റ്. 10 വർഷത്തേക്കാണ് ഡിസൈൻ രജിസ്ട്രേഷൻ ലഭിക്കുക. ഉഴുതുനിരപ്പാക്കിയ വെള്ളക്കെട്ടില്ലാത്ത കരപ്രദേശങ്ങളിൽ വരികളായി വിത്തും വളപ്രയോഗവും ഒരുമിച്ചുചെയ്യാൻ കഴിയുന്ന യന്ത്രമാണ് സീഡ് കം ഫെർട്ടിലൈസർ ഡ്രിൽ.
വിളകളുടെ ആവശ്യകത അനുസരിച്ച് ചെടികൾ തമ്മിലുള്ള അകലവും ഇടയകലവും ഈ യന്ത്രത്തിൽ ക്രമീകരിക്കാം.ഒരു മണിക്കൂറിൽ ഒരടി ഇടയകലത്തിൽ 10 സെന്റ് സ്ഥലത്തു വിളകൾ നടാം. ഇടയകലം പാലിച്ച് വിളകൾ നടുന്നത് കള നിയന്ത്രണം ഉൾപ്പെടെ വിള പരിപാലന മുറകൾക്ക് പ്രയോജനകരമാകും.
സ്ഥലത്ത് കൃഷി ചെയ്യുന്ന കർഷകർക്ക് കൂവരക്, എള്ള്, നെല്ല്, നിലക്കടല, ചോളം തുടങ്ങിയ വ്യത്യസ്ത വലുപ്പത്തിലുള്ള വിത്തുകൾ ഇടയകലം പാലിച്ച് നടുന്നതിന് ഈ യന്ത്രം ഉപകാരപ്രദമാകും. ഏകീകൃത ആഴത്തിൽ ചാലുകൾ തുറന്ന്, വെവ്വേറെ അറകളിൽ സംഭരിച്ച വിത്തും വളവും നിശ്ചിത അളവിൽ ചാലുകളിൽ നിക്ഷേപിച്ച് മണ്ണുകൊണ്ട് മൂടുന്നതാണ് ഈ യന്ത്രത്തിന്റെ പ്രവർത്തന ശൈലി.
വെള്ളായണി കാർഷിക കോളജിലെ വിളപരിപാലന വിഭാഗത്തിലെ ശാസ്ത്രജ്ഞരായ ഡോ. ജേക്കബ് ഡി, ഡോ. ഷീജ കെ. രാജ്, ഡോ. ശാലിനി പിള്ളൈ, ഗവേഷണ വിദ്യാർഥികളായ വ്യശിഖാബി, സ്നേഹ എസ്.ആർ, അരുണിമ ബാബു, നമിത വി.വി അടങ്ങിയ സംഘത്തിന്റെ ഗവേഷണഫലമാണ് യന്ത്ര രൂപകൽപനയിലേക്ക് നയിച്ചത്. യന്ത്രത്തിന്റെ കാര്യക്ഷമത മൂല്യനിർണയ പരീക്ഷണങ്ങൾ നടത്തിയത് തവനൂർ കേളപ്പജി കോളജ് ഓഫ് അഗ്രികൾചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ഫാം മെഷിനറി ടെസ്റ്റിങ് സെന്ററിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.