ഡൽഹി യൂനിവേഴ്സിറ്റിയിലേക്ക് മലപ്പുറത്തുനിന്ന് 31 ചുണക്കുട്ടികൾ; എന്താണിതിന്റെ രഹസ്യം?
text_fieldsപ്രവേശനത്തിന് പ്ലസ്ടു മാർക്കിനു പകരം ഇക്കുറി സി.യു.ഇ.ടി-യു.ജി നിർബന്ധമാക്കിയതോടെ ഡൽഹി പോലുള്ള സർവകലാശാലകളിലേക്ക് പ്രവേശനം നേടിയ കേരളത്തിലെ വിദ്യാർഥികളുടെ എണ്ണം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ വർഷം കേരള സിലബസ് പഠിച്ച 1672 പേരാണ് ഡൽഹി യൂനിവേഴ്സിറ്റിയിലെത്തിയത്. ഇക്കുറി അത് 342 ആയി ചുരുങ്ങി. അതിൽ 31 പേർ മലപ്പുറത്ത് നിന്നാണ്. ഇക്കുറി 120 പേരാണ് മലപ്പുറത്ത് നിന്ന് സി.യു.ഇ.ടി പരീക്ഷയെഴുതിയത്.
ഇതിന്റെ ക്രെഡിറ്റ് മലപ്പുറം നഗരസഭക്കാണ്. അഞ്ചുവർഷം കൊണ്ട് 1000 വിദ്യാർഥികൾക്ക് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ മിഷൻ 1000 എന്ന പദ്ധതി നഗരസഭ തുടങ്ങിയിരുന്നു. കഴിഞ്ഞ വർഷം 47 വിദ്യാർഥികൾ വിവിധ കേന്ദ്രസർവകലാശാലകളിൽ ചേർന്നു. ഇത്തവണ ഡൽഹിയടക്കമുള്ള കേന്ദ്ര സർവകലാശാലകളിലേക്ക് പഠിക്കാനെത്തിയത് 64 പേരാണ്. ഇതു കൂടാതെ, ഐ.ഐ.ടി, ഐസർ,എയിംസ്,എൻ.ഐ.ടി എന്നിവിടങ്ങളിലായി 21പേരുമുണ്ട്. നഗരസഭ പരിധിയിലെ അഞ്ച് സ്കൂളുകളിൽ നിന്നുള്ള മിടുക്കരാണ് എല്ലാവരും.
സ്വകാര്യ ഏജൻസിയുടെയും നഗരസഭയുടെ ഐ.ടി വിങ്ങിന്റെയും സഹായത്തോടെയാണ് മിഷൻ 1000 നടപ്പാക്കിയത്. തീർത്തും സൗജന്യമാണ് ഈ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.