പരീക്ഷയെ പേടിക്കരുത്, സമയം കൃത്യമായി വിനിയോഗിക്കണം, ഇടവേളകളിൽ കാരംസ് കളിക്കാം...ഇതാണ് ധീരജിന്റെ ഫോർമുല
text_fieldsജെ.ഇ.ഇ മെയിൻസ് 2022ൽ 24 വിദ്യാർഥികളാണ് 100 ശതമാനം മാർക്ക് നേടിയത്. അതിലൊരാളാണ് തെലങ്കാനയിൽ നിന്നുള്ള ധീരജ് കുറുകുണ്ട. വളരെ ആത്മവിശ്വാസത്തോടെയാണ് താൻ പരീക്ഷ എഴുതിയതെന്ന് ധീരജ് പറയുന്നു. അതിനാൽ മെയിൻസിൽ നൂറുശതമാനം മാർക്ക് ലഭിച്ചപ്പോൾ അദ്ഭുതമൊന്നും തോന്നിയില്ല. നന്നായി കഠിനാധ്വാനം ചെയ്തതിനാൽ നല്ല സ്കോർ ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. സ്വന്തം നിലക്കുള്ള പഠനമാണ് ധീരജിനെ ഏറെ സഹായിച്ചത്. അതോടൊപ്പം സമയവും കൃത്യമായി വിനിയോഗിച്ചു. ദിവസവും എട്ടുമണിക്കൂർ പഠനത്തിനായി മാറ്റിവെച്ചു. ഒരു മൂന്ന് വിഷയങ്ങളാണ് പഠിച്ചത്. രണ്ട് മണിക്കൂർ ഓരോ വിഷയത്തിനും മാറ്റിവെച്ചു. അവശേഷിക്കുന്ന രണ്ട് മണിക്കൂർ മുമ്പ് പഠിച്ച കാര്യങ്ങൾ വിവൈസ് ചെയ്യാൻ ഉപയോഗിച്ചു.-ധീരജ് പറയുന്നു.
പേടിയോടെ പരീക്ഷയെഴുതാൻ പോകരുതെന്നാണ് ജെ.ഇ.ഇ മെയിൻ അപേക്ഷകർക്ക് ധീരജിന് നൽകാനുള്ള ഉപദേശം. സ്വയം പഠിക്കുമ്പോൾ ഇടക്കിടെ ചെറിയ ഇടവേളകൾ എടുക്കുക. അത് നിങ്ങളുടെ പഠനത്തെ ബാധിക്കില്ല. ആ ഇടവേളകളിൽ ടേബിൾ ടെന്നീസോ കാരംസോ അതുപോലെ ഗെയിംസുകൾ കളിക്കാം. ഒരുപാട് നേരം കുത്തിയിരുന്ന് പഠിക്കുന്നത് മൂലമുണ്ടാകുന്ന മുഷിപ്പ് മാറ്റാൻ അത് വളരെ സഹായിക്കും.
അതുപോലെ സമയം കൃത്യമായി വിനിയോഗിക്കാനുള്ള കഴിവ് വളർത്തുക. പരീക്ഷക്ക് തയാറെടുക്കുമ്പോൾ ഒരു മിനിറ്റ് പോലും പാഴാക്കരുത്. ഓരോ ചോദ്യങ്ങളും മനസിരുത്തി വായിച്ചു മാത്രം ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. അല്ലാതെ ഇത്ര സമയം കൊണ്ട് ഇത്ര ചോദ്യങ്ങൾ പഠിക്കണമെന്ന രീതി ശരിയല്ല. പരീക്ഷക്ക് തയാറെടുക്കാൻ തന്റെ കുടുംബം ഒരുപാട് സഹായിച്ചതായും ധീരജ് സൂചിപ്പിച്ചു.
കോവിഡ് ആയതിനാൽ ഓൺലൈൻ വഴിയായിരുന്നു ക്ലാസുകൾ. അത് സ്വന്തം നിലക്ക് കൂടുതൽ സമയം പഠിക്കാൻ ധീരജിന് സഹായകമായി. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷക്കായി തയാറെടുക്കുകയാണ് ധീരജ്. ബോംബെ ഐ.ഐ.ടിയിൽ കമ്പ്യൂട്ടർ സയൻസ് പഠനമാണ് ധീരജിന്റെ ലക്ഷ്യം. തെലങ്കാനയിലെ നാരായണ സ്കൂൾ വിദ്യാർഥിയായ ധീരജ് ജെ.ഇ.ഇ മെയിൻസിൽ സെഷൻ 2ൽ ഫിസിക്സിൽ 99 ശതമാനവും, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് നൂറുശതമാനവുമായിരുന്നു സ്കോർ. ജെ.ഇ.ഇ മെയിൻസ് സെഷൻ2ൽ മൂന്നു വിഷയങ്ങൾക്കും 100 ശതമാനം സ്കോർ ലഭിച്ചു.
ബോർഡ് പരീക്ഷക്കൊപ്പം ജെ.ഇ.ഇ തയാറെടുപ്പ് ബുദ്ധിമുട്ടായിരുന്നോ എന്ന ചോദ്യത്തിന് മാർച്ചോടെ ജെ.ഇ.ഇ ക്കായുള്ള എല്ലാ തയാറെടുപ്പുകളും കഴിഞ്ഞതായി ഈ 17 കാരൻ പറഞ്ഞു. അതിനു ശേഷം ബോർഡ് പരീക്ഷക്ക് പഠനം തുടങ്ങി. അതായത് പരീക്ഷക്ക് രണ്ടുമാസം മുമ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.