നാഷനൽ ഡിഫൻസ് അക്കാദമി പ്രവേശനപരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ഷാനൻ ധാക്കയെ പരിചയപ്പെടാം
text_fieldsനാഷനൽ ഡിഫൻസ് അക്കാദമി(എൻ.ഡി.എ) നടത്തിയ പ്രവേശന പരീക്ഷയിൽ വനിതകളിൽ ഒന്നാംസ്ഥാനം നേടിയതോടെ ഷാനൻ ധാക്ക എന്ന 19 കാരി വാർത്തകളിൽ ഇടംപിടിച്ചിരിക്കയാണ്. ഹരിയാനയിലെ രോഹ്തക് ജില്ലക്കാരിയാണ് ഷാനൻ. ആദ്യമായാണ് എൻ.ഡി.എ വനിത കാഡറ്റുകളെ ഉൾപ്പെടുത്തുന്നത് എന്ന പ്രത്യേകതയുമുണ്ട് ഇക്കുറി. വാർത്തയറിഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നിയെന്നു പ്രതികരിച്ച ഷാനൻ ഏൽപിക്കപ്പെട്ട ഉത്തരവാദിത്തത്തെ കുറിച്ചും ബോധവതിയാണ്.
ഇക്കുറി 5,75,856 പേരാണ് പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചത്. അതിൽ 1,77,654 പേർ വനിതകളാണ്. കഴിഞ്ഞവർഷം നവംബറിലായിരുന്നു പരീക്ഷ. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് വനിതകൾക്കും പരീക്ഷയെഴുതാൻ അവസരം ലഭിച്ചത്. ''ഒടുവിൽ പെൺകുട്ടികൾക്കും എൻ.ഡി.എ പ്രവേശനത്തിന് അവസരം ലഭിച്ചിരിക്കുന്ന്. ഞങ്ങൾക്ക് കഴിയുന്നതിന്റെ പരമാവധി ചെയ്യാൻ ശ്രമിക്കും. അതുവഴി ശരിയായ തീരുമാനമാണ് പെൺകുട്ടികളെ ഉൾപ്പെടുത്തിയത് എന്ന് തെളിയിക്കാൻ സാധിക്കും''-ആത്മവിശ്വാസത്തോടെ ഷാനൻ പറഞ്ഞു. കഴിഞ്ഞ വർഷം ലേഡി ശ്രീറാം വിമൻസ് കോളജിൽ ബി.എക്കു ചേർന്നിരുന്നു ഷാനൻ.
അവളുടെ മുത്തഛൻ ചന്ദർഭൻ ധാക്ക സുബേദാറും പിതാവ് വിജയ് കുമാർ ധാക്ക നായിബ് സുബേദാറുമായി വിരമിച്ചവരാണ്. അവർ സൈനികരായതിനാൽ ആ കുടുംബത്തിൽ ചേരാൻ താനും ചെറുപ്പം തൊട്ടേ ആഗ്രഹിച്ചിരുന്നതായി ഷാനൻ പറഞ്ഞു. ''കുടുംബം വലിയ പിന്തുണയാണ് നൽകിയത്. കുട്ടിക്കാലം മുതൽ കഠിനാധ്വാനം ചെയ്യാൻ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. വീട്ടിൽ ലിംഗവിവേചനമില്ലാതെയാണ് വളർത്തിയത്. വിദ്യാലയങ്ങളിലും അങ്ങനെയായിരുന്നു''-ഷാനൻ കൂട്ടിച്ചേർത്തു. ട്വിറ്റർ, ഫേസ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ ഷാനൻ ഉപയോഗിക്കുന്നില്ല. അതിനാൽ സാമൂഹിക മാധ്യമങ്ങളിൽ തന്നെ പ്രശംസിച്ച് ആളുകൾ കുറിക്കുന്നതും ഈ മിടുക്കി അറിയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.