ചുമ്മാ പോയി എഴുതി ജെ.ഇ.ഇ മെയിനിലും 99 ശതമാനം മാർക്ക് നേടി നീറ്റ് ടോപ്പർ തനിഷ്ക
text_fieldsരണ്ടു വർഷത്തെ കഠിന പരിശ്രമങ്ങൾക്കൊടുവിലാണ് പലരും ദേശീയ തലത്തിലുള്ള മത്സര പരീക്ഷകൾ എഴുതുന്നത്. അതുപോലെ എൻജീനിയറിങ്, നീറ്റ് പ്രവേശന പരീക്ഷകൾക്ക് ഒരുപോലെ തയാറെടുക്കുന്ന വിദ്യാർഥികൾ വിരളമായിരിക്കും. പഠിക്കാനുള്ള ലോഡ് തന്നെയാണ് കാരണം. ഒറ്റ ദിവസം ദേശീയ തലത്തിലുള്ള രണ്ട് പരീക്ഷകൾ എഴുതി ഫലം വന്നപ്പോൾ ചരിത്രം കുറിച്ച ഒരു മിടുക്കിയെ കുറിച്ചാണ് പറയാൻ പോകുന്നത്. അത് മറ്റാരുമല്ല, നീറ്റ് യു.ജി പരീക്ഷയിൽ ദേശീയ തലത്തിൽ ഒന്നാംസ്ഥാനം നേടിയ ഹരിയാനക്കാരി തനിഷ്കയാണ്. 720 ൽ 715 മാർക്ക് നേടിയാണ് തനിഷ്ക നീറ്റിൽ ഒന്നാമതായത്. ഒരേ ദിവസം തന്നെയാണ് എൻജിനീയറിങ്-മെഡിക്കൽ പ്രവേശന പരീക്ഷകൾ എഴുതിയത്. ജെ.ഇ.ഇ മെയിനിൽ 99 ശതമാനം മാർക്കാണ് ഈ17കാരിക്ക് ലഭിച്ചത്.
ഡോക്ടർ എന്നത് പാഷൻ
ഡോക്ടറാകാനാണ് തനിഷ്കക്ക് ആഗ്രഹം. വളരെ മഹത്തായ ഒരു പ്രഫഷൻ ആണ് ഡോക്ടർ എന്നു പറയുന്നത്. ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞാൽ ലഭിക്കുന്ന സംതൃപ്തി വലുതാണെന്നും തനിഷ്ക പറയുന്നു. ചുമ്മാ ഒരു പ്രാക്ടീസ് എന്ന നിലക്കാണ് എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയത്. അതിനാൽ ജെ.ഇ.ഇ മെയിൻസിന് തയാറെടുപ്പൊന്നുമുണ്ടായിരുന്നില്ല. രണ്ടു പരീക്ഷക്കും കെമിസ്ട്രിയും ഫിസിക്സും ഉണ്ട്. പരീക്ഷയെഴുതുമ്പോൾ മാത്തമാറ്റിക്സ് ചോദ്യങ്ങൾ അവസാനമാണ് ചെയ്യാൻ ശ്രമിച്ചത്. കാരണം പ്ലസ് വണ്ണിനും പ്ലസ് ടുവിനും മാത്തമാറ്റിക്സ് പഠിച്ചിരുന്നില്ല. 10 ാം ക്ലാസിൽ പഠിച്ച കണക്കിന്റെ ബാലപാഠങ്ങൾ മാത്രമാണ് മനസിലുണ്ടായിരുന്നത്-തനിഷ്ക പറയുന്നു.
ജെ.ഇ.ഇ/നീറ്റ് യു.ജി
ജെ.ഇ.ഇ മെയിനിൽ നല്ല സ്കോർ ലഭിച്ചതോടെ നീറ്റിലും വിജയം നിലനിർത്താൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടായി. ജെ.ഇ.ഇ മെയിനിനേക്കാൾ ദൈർഘ്യമേറിയതാണ് നീറ്റ് പരീക്ഷയെന്നും ഈ മിടുക്കി പറയുന്നു. നീറ്റിൽ ഫിസിക്സ് ജെ.ഇ.ഇ യെ അപേക്ഷിച്ച് എളുപ്പമായിരുന്നു. എന്നാൽ ജെ.ഇ.ഇ മെയിൻസിൽ കെമിസ്ട്രി എളുപ്പമായിരുന്നു; നീറ്റിൽ അൽപം ആശയക്കുഴപ്പം ഉണ്ടാക്കുന്നതും.
മുൻ വർഷങ്ങളെ അപേക്ഷിച്ച് അൽപം ദൈർഘ്യമേറിയതായിരുന്നു ഇത്തവണത്തെ നീറ്റ് എന്നും തനിഷ്ക പറയുന്നു. മോക് ടെസ്റ്റുകളിൽ ബയോളജി പേപ്പർ 30 മിനിറ്റ് കൊണ്ടാണ് പൂർത്തിയാക്കാറുള്ളത്. നീറ്റ് പരീക്ഷയിൽ ബയോളജി ചോദ്യങ്ങൾക്ക് ഉത്തരം എഴുതാണ് 50 മിനിറ്റ് എടുത്തു. ആദ്യം ആശങ്ക തോന്നിയിരുന്നു. പരീക്ഷ എഴുതിക്കഴിഞ്ഞപ്പോൾ കൂട്ടുകാരിൽ പലരും ഇതേ പ്രശ്നം പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ മുഴുവൻ മാർക്കും നേടിയവർക്കായിരുന്നു(720 ൽ 720)നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക്.
മാതാപിതാക്കളോട് കടപ്പാട്
മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടാൻ തന്റെ മാതാപിതാക്കൾ ഒരുപാട് സഹായിച്ചതായും ഈ മിടുക്കി പറയുന്നു. ചിലപ്പോൾ മാർക്ക് കുറഞ്ഞുപോകും. അപ്പോഴെല്ലാം നന്നായി ആത്മവിശ്വാസം നൽകി പ്രോത്സാഹിപ്പിച്ച് അവർ കൂടെ നിന്നു. ഇടവേളകളിൽ പാട്ടുകേട്ടാണ് പഠനസമ്മർദ്ദം മാറ്റിയത്.
ഒരു ദിവസം ആറു മുതൽ ഏഴു മണിക്കൂർ പഠിക്കും. അതിൽ കൂടുതൽ സമയവും സ്വന്തം നിലക്കുള്ള പഠനമായിരുന്നു.
പഠനം ഇന്നു തന്നെ
നീറ്റാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ആദ്യ ദിവസം തന്നെ തയാറെടുപ്പ് തുടങ്ങണം, ഒരിക്കലും അവസാന മിനിറ്റിലേക്ക് നോക്കിനിൽക്കരുത്. 11ാം ക്ലാസ് മുതൽ നീറ്റ് പരീക്ഷക്ക് പരിശീലനം തുടങ്ങി.
ഓരോ ക്ലാസുകൾ കഴിയുന്നതിനിടയിലും മുമ്പ് പഠിച്ച കാര്യങ്ങൾ വീണ്ടും വീണ്ടും ഓർത്തെടുക്കണം. ചെറിയ കുറിപ്പുകൾ ഉണ്ടാക്കുന്നത് പഠനം എളുപ്പമാക്കും. ഇതൊക്കെയാണ് തന്റെ പിൻഗാമികളോട് തനിഷ്കക്ക് പറയാനുള്ളത്. രണ്ട് സഹോദരങ്ങളാണ് ഈ ഹരിയാനക്കാരിക്ക്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സഹോദരിക്കും ഡോക്ടറാകാനാണ് ആഗ്രഹം. ഇളയ സഹോദരൻ മൂന്നാംക്ലാസിൽ പഠിക്കുന്നു.
98.6 ശതമാനം മാർക്കോടെയാണ് തനിഷ്ക 12ാം ക്ലാസ് പാസായത്. ഡൽഹി എയിംസിൽ നിന്ന് എം.ബി.ബി.എസ് എടുക്കാനാണ് ആഗ്രഹം. കാർഡിയോ, ന്യൂറോ, ഓങ്കോളജി ഇവയിൽ ഏതിലെങ്കിലും സ്‍പെഷിലൈസ് ചെയ്യണം-തനിഷ്ക പറയുന്നു.
NEET AIR 1 Tanishka cracked JEE Main too for practice
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.