ശ്രീജൻപാൽ സിങ്ങും അരുൺ കുമാറും ഇന്ന് എജുകഫെ വേദിയിൽ
text_fieldsഅരുൺ കുമാർ, ശ്രീജൻപാൽ സിങ്
ഷാർജ: 'ഗൾഫ് മാധ്യമം' എജുകഫെയുടെ മൂന്നാംദിനമായ വെള്ളിയാഴ്ച വിദ്യാർഥികൾ കാത്തിരിക്കുന്ന വിവിധ സെഷനുകൾ അരങ്ങേറും. വൈകീട്ട് നാലിന് ഡോ. അരുൺ കുമാർ, ആറിന് ശ്രീജൻപാൽ സിങ് എന്നിവരുടെ സെഷനുകളാണ് പ്രധാനം.
വൈകീട്ട് നാലിനാണ് അരുൺ കുമാർ വേദിയിൽ എത്തുന്നത്. അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള പ്രതിഭകളെ സ്വയം കണ്ടെത്താൻ സഹായിക്കുന്നതാവും അരുൺ കുമാറിന്‍റെ സെഷൻ. മീഡിയവൺ, 24 ന്യൂസ്, ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് ന്യൂസ്, കൈരളി, ദൂരദർശൻ എന്നീ ചാനലുകളിൽ തീപാറും വാഗ്വാദങ്ങൾ നയിച്ചിരുന്ന അരുൺ കുമാർ 'എജുകഫെയിലെ' ടോപ്പേഴ്സ് ടോക്കിൽ മോഡറേറ്ററാകും. കേരള യൂനിവേഴ്സിറ്റി അസി. പ്രഫസറായ അരുൺ കുമാറിന്‍റെ സെഷൻ കേട്ടിരിക്കേണ്ടതാണ്.
ഡോ. എ.പി.ജെ. അബ്ദുൽകലാമിന്‍റെ സന്തത സഹചാരിയായിരുന്ന ശ്രീജൻപാൽ സിങ്ങിന്‍റെ വിലപ്പെട്ട സെഷൻ വൈകീട്ട് ആറിനാണ്. ചരിത്രത്താളുകളിൽ നിങ്ങളുടെ പേര് എഴുതിച്ചേർക്കാൻ എന്തൊക്കെ ചെയ്യണമെന്ന് ശ്രീജൻപാൽ പറഞ്ഞുതരും. സ്വപ്നങ്ങൾ കാണാനും അത് സാക്ഷാത്കരിക്കാനും പ്രയത്നിക്കണമെന്ന് പഠിപ്പിച്ച എ.പി.ജെ. അബ്ദുൽകലാമിന്‍റെ പാത പിന്തുടരുന്ന ശ്രീജൻപാൽ കലാമിന്‍റെ ആശയങ്ങളും വിദ്യാർഥികളെ പരിചയപ്പെടുത്തും.
മെഡിക്കൽ വിദ്യാഭ്യാസത്തിന്‍റെ സാധ്യതകൾ വിവരിക്കുന്ന സെഷനായിരിക്കും വൈകീട്ട് 5.30ന് ഡോപ അക്കാദമിക് ഡയറക്ടർ ഡോ. ആഷിഖ് സൈനുദ്ദീന്‍റേത്. ഇന്ത്യയിലെ വിവിധ എൻട്രൻസ് പരീക്ഷകൾക്ക് എങ്ങനെ തയാറെടുക്കാം എന്നതിനെ കുറിച്ച് റേയ്സ് മെഡിക്കൽ ആൻഡ് എൻജിനീയറിങ് സി.ഇ.ഒ അർജുൻ മുരളി സംസാരിക്കും. വിദ്യാർഥികളിലെ മിടുക്കന്മാരെ കണ്ടെത്തുക എന്ന ലക്ഷ്യവുമായി നടത്തുന്ന എ.പി.ജെ. അബ്ദുൽകലാം ഇന്നൊവേഷൻ പുരസ്കാരത്തിന്‍റെ രണ്ടാം റൗണ്ടും വെള്ളിയാഴ്ച നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.