വിദ്യാഭ്യാസവകുപ്പിന്റെ ഘടന മാറുന്നു; എ.ഇ.ഒ, ഡി.ഇ.ഒ ഓഫിസുകൾ ഇല്ലാതാകും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഏകീകരണം സംബന്ധിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി ഉപജില്ല വിദ്യാഭ്യാസ ഓഫിസ് (എ.ഇ.ഒ), വിദ്യാഭ്യാസ ജില്ല ഓഫിസ് (ഡി.ഇ.ഒ) സംവിധാനങ്ങൾ ഇല്ലാതാകും. പകരം േബ്ലാക്ക്, കോർപറേഷൻ തലങ്ങളിൽ സ്കൂൾ എജുക്കേഷൻ ഓഫിസ് (എസ്.ഇ.ഒ) നിലവിൽ വരും. ജില്ല തലത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസാണ് (ഡി.ഡി.ഇ) നിലവിലുള്ളതെങ്കിൽ ഇത് ഏകീകരണത്തോടെ ജോയൻറ് ഡയറക്ടറുടെ ഓഫിസാക്കി പരിവർത്തിപ്പിക്കും. ഏകീകരണ പ്രവർത്തനങ്ങൾക്കായി സർക്കാർ രൂപവത്കരിച്ച പ്രത്യേക സെൽ ഉദ്യോഗസ്ഥർക്ക് സംഘടിപ്പിച്ച ശിൽപശാലകളിലൂടെയാണ് ഇതുസംബന്ധിച്ച ധാരണ രൂപപ്പെട്ടത്.
ജില്ലയിലെ പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള സ്കൂളുകൾ ജോയൻറ് ഡയറക്ടർ ഓഫിസിന് കീഴിലാകും. വിദ്യാഭ്യാസ പദ്ധതി പ്രവർത്തനങ്ങളുടെ നടത്തിപ്പിനും ഏകോപനത്തിനുമായി പഞ്ചായത്ത് വിദ്യാഭ്യാസ ഓഫിസർ തസ്തികയും നിർദേശിക്കപ്പെട്ടിട്ടുണ്ട്. ഹയർ സെക്കൻഡറി മേഖല (ആർ.ഡി.ഡി) ഓഫിസുകളും വി.എച്ച്.എസ്.ഇ അസിസ്റ്റൻറ് ഡയറക്ടർ ഓഫിസുകളും ഇല്ലാതാകും. മുനിസിപ്പൽ പരിധിയിലുള്ള സ്കൂളുകൾ തൊട്ടടുത്ത േബ്ലാക്ക് കേന്ദ്രീകരിച്ചുള്ള എസ്.ഇ.ഒ ഓഫിസിന്റെ പരിധിയിലായിരിക്കും. അധ്യാപക തസ്തിക മുതൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ തസ്തിക വരെയുള്ളവയുടെ ശ്രേണി ക്രമീകരണവും ഇതോടൊപ്പം നടത്തുന്നുണ്ട്. ഓരോ തസ്തികയിലും ജോലി ചെയ്യുന്നവരുടെ സ്ഥാനക്കയറ്റ തസ്തിക സംബന്ധിച്ച വ്യക്തമായ മാപ്പിങ്ങും സെൽ നടത്തുന്നുണ്ട്.
അടുത്ത ജൂണിൽതന്നെ ഏകീകരണം ലക്ഷ്യമിട്ടാണ് സെല്ലിന്റെ പ്രവർത്തനങ്ങൾ. ഇതിനായി സ്പെഷൽ റൂൾസ് രൂപവത്കരിക്കൽ, കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ (കെ.ഇ.ആർ) വരുത്തേണ്ട ഭേദഗതി, തസ്തികകൾ തുടങ്ങിയവ സംബന്ധിച്ച പരിശോധനയും നടത്തുന്നുണ്ട്. നിലവിൽ ഡയറക്ടറേറ്റ് തലത്തിൽ മാത്രം നടത്തുന്ന അക്കാദമിക മേൽനോട്ടം എസ്.ഇ.ഒ ഓഫിസ് തലം മുതൽ നടപ്പാക്കാനും ധാരണയുണ്ട്.
അധ്യാപകൻ മുതൽ ഡയറക്ടർ വരെയുള്ളവരുടെ ചുമതലകൾ ക്രോഡീകരിച്ച് നിർവചിക്കും. ഖാദർ കമ്മിറ്റി ശിപാർശയെ തുടർന്ന് നേരേത്ത പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്, വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റ് എന്നിവ ലയിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറൽ എജുക്കേഷൻ (ഡി.ജി.ഇ) രൂപവത്കരിച്ചിരുന്നു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകൾ ഒന്നിച്ചുള്ളിടത്ത് സ്ഥാപന മേധാവിയായി പ്രിൻസിപ്പലിനെ നിശ്ചയിക്കുകയും പ്രഥമാധ്യാപക തസ്തിക വൈസ് പ്രിൻസിപ്പലാക്കി മാറ്റുകയും ചെയ്തിരുന്നു. മുകൾ തട്ടിൽ മാത്രം ഒതുങ്ങിയ ലയനം സമഗ്രമായ ഘടനാമാറ്റത്തോടെ പൂർണമായും നടപ്പാക്കാനാണ് സർക്കാർ തീരുമാനം. മൂന്ന് വിഭാഗങ്ങളിലെ ജീവനക്കാരെയും സംരക്ഷിക്കുന്ന രൂപത്തിലാകണം പുനഃക്രമീകരണം എന്ന നിർദേശവുമുണ്ട്. ശിപാർശ വൈകാതെ സർക്കാറിന് സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.