പഠന വിസ: യു.കെയിൽ നിയന്ത്രണങ്ങൾക്ക് നീക്കം; ഇന്ത്യക്കാർ അടക്കമുള്ളവർക്ക് ഭീഷണി
text_fieldsലണ്ടൻ: യു.കെയിൽ പഠനവിസകൾക്ക് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ നീക്കംനടക്കുന്നതായി റിപ്പോർട്ട്. ഇന്ത്യക്കാർ അടക്കം ലക്ഷക്കണക്കിനുപേർക്ക് ഭീഷണിയാണിത്. പഠനശേഷമുള്ള താമസ കാലയളവ് കുറക്കൽ, കുടുംബ വിസക്ക് നിയന്ത്രണം തുടങ്ങിയ നടപടികൾ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി ബ്രിട്ടീഷ് മാധ്യമം ‘ദ ടൈംസ്’ റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവർമാനും വിദ്യാഭ്യാസ വകുപ്പും കൊമ്പുകോർക്കുകയാണെന്ന് ബുധനാഴ്ച ‘ദ ടൈംസ്’ റിപ്പോർട്ട് ചെയ്തു.
ബിരുദശേഷം പഠനവിസയിൽ യു.കെയിൽ എത്തുന്നവർക്ക് തുടർപഠനത്തിനുശേഷം രണ്ടുവർഷംകൂടി യു.കെയിൽ തുടരാൻ അവസരമുണ്ട്. വിദ്യാഭ്യാസ ഫീസ് അടക്കമുള്ള ചെലവുകൾ രണ്ടുവർഷം ജോലി ചെയ്ത് ഉണ്ടാക്കാമെന്ന മെച്ചവുമുണ്ട്. ഇതാണ് കുറക്കാൻ നീക്കം നടക്കുന്നത്.
വിദേശ വിദ്യാർഥികൾക്ക് പിഎച്ച്.ഡി പോലുള്ള ബിരുദാനന്തര ഗവേഷണ അധിഷ്ഠിത കോഴ്‌സുകളിലോ കുറഞ്ഞത് രണ്ട് വർഷമെങ്കിലും ദൈർഘ്യമുള്ള ബിരുദാനന്തര കോഴ്‌സുകളിലോ ആണെങ്കിൽ മാത്രമേ ആശ്രിതരായ കുടുംബാംഗങ്ങളെ ഒപ്പം കൊണ്ടുവരാൻ അനുവദിക്കൂവെന്നതാണ് പരിഗണനയിലുള്ള മറ്റൊരു പരിഷ്‍കാരം.
ഇന്ത്യൻ വംശജയായ ആഭ്യന്തര സെക്രട്ടറി ഗ്രാജ്വേറ്റ് വിസ പരിഷ്കരിക്കാൻ പദ്ധതി തയാറാക്കിയതായാണ് റിപ്പോർട്ട്. ഇത് നടപ്പായാൽ വിദ്യാർഥികൾക്ക് വൈദഗ്ധ്യമുള്ള ജോലി സമ്പാദിച്ച് തൊഴിൽവിസ നേടുകയോ അല്ലെങ്കിൽ ആറുമാസത്തിനുശേഷം യു.കെ വിടുകയോ ചെയ്യേണ്ടിവരും.
അന്താരാഷ്‌ട്ര വിദ്യാർഥികൾക്ക് യു.കെയോടുള്ള ആകർഷണീയത കുറക്കുമെന്ന ഭയത്താൽ യു.കെ വിദ്യാഭ്യാസ വകുപ്പ് (ഡി.എഫ്.ഇ) പരിഷ്കാരത്തെ എതിർക്കുന്നതായാണ് സൂചന. അപ്രശസ്ത സർവകലാശാലകളിലെ ഹ്രസ്വ കോഴ്‌സുകളിലെ വിദ്യാർഥികൾ ഗ്രാജ്വേറ്റ് വിസ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന് ബ്രാവർമാന്റെ നീക്കത്തെ പിന്തുണക്കുന്ന സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഈ അവസരം പിൻവാതിൽ എമിഗ്രേഷൻ റൂട്ടായി ഉപയോഗിക്കുകയാണെന്നാണ് ആക്ഷേപം. ഓഫിസ് ഫോർ നാഷനൽ സ്റ്റാറ്റിസ്റ്റിക്‌സിന്റെ പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം വിദേശ വിദ്യാർഥികളിൽ ഇന്ത്യക്കാർ ചൈനയെ പിന്തള്ളിയിരുന്നു. 2021 ജൂലൈയിൽ അവതരിപ്പിച്ച പുതിയ ഗ്രാജ്വേറ്റ് വിസ നേടുന്നതിൽ ഇന്ത്യക്കാരാണ് ആധിപത്യം നേടിയത് -41 ശതമാനം.
യു.കെയിലേക്ക് വരുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം കുറക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ പ്രധാനമന്ത്രി ഋഷി സുനക് ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെട്ടതിന്റെ ചുവടുപിടിച്ചുള്ളതാണ് ബ്രാവർമാന്റെ പദ്ധതി. യു.കെയിൽ 6.80 ലക്ഷം വിദേശ വിദ്യാർഥികളുണ്ടെന്ന് കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.