മകളുടെ വിദ്യാഭ്യാസത്തിനായി സുകന്യ സമൃദ്ധി യോജന; യോഗ്യത, പലിശനിരക്ക്, നികുതിയിളവ് അറിയാം
text_fieldsന്യൂഡൽഹി: പെൺകുട്ടികളുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാർ ഒരുക്കിയിരിക്കുന്ന ചെറു നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ഏതു ബാങ്കിലും പോസ്റ്റ് ഓഫിസിലും ഈ അക്കൗണ്ട് തുറക്കാം.
ബാങ്ക് നിക്ഷേപത്തേക്കാളും ഉയർന്ന പലിശ ലഭിക്കുമെന്നതാണ് ഈ നിക്ഷേപ പദ്ധതിയുടെ പ്രത്യേകത. സർക്കാർ പദ്ധതിയായതിനാൽ തന്നെ വിശ്വാസയോഗ്യമാകും.
പെൺമക്കളുള്ള മാതാപിതാക്കൾക്കാണ് അക്കൗണ്ട് തുറക്കാൻ യോഗ്യത. പെൺകുട്ടിക്ക് 10 വയസാകുന്നതിന് മുമ്പ് അക്കൗണ്ട് ആരംഭിക്കാം. കുട്ടി പ്രായപൂർത്തിയാകുന്നതോടെ അക്കൗണ്ട് അവളുടെ പേരിലാകും. 15 വർഷത്തേതാണ് നിക്ഷേപ പദ്ധതി. പെൺകുട്ടിക്ക് 21 വയസാകുേമ്പാൾ കാലാവധി പൂർത്തിയാകും.
ഒരു കുടുംബത്തിന് രണ്ടു അക്കൗണ്ടുകൾ മാത്രമേ ആരംഭിക്കാനാകൂ. രണ്ടാമത്തേത് ഇരട്ടകളോ മൂന്നു കുട്ടികളോ ആണെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റോടെ അക്കൗണ്ട് ആരംഭിക്കാം.
ആദ്യഗഡുവായി 250 രൂപ മുടക്കിയാൽ സുകന്യ സമൃദ്ധി യോജനയിൽ അക്കൗണ്ട് തുടങ്ങാം. മിനിമം നിക്ഷേപമായി 250 രൂപ നിലനിർത്തണം. അല്ലെങ്കിൽ 50 രൂപ പിഴ ഇൗടാക്കും.
അക്കൗണ്ടിൽ 250 രൂപ നിക്ഷേപമില്ലെങ്കിൽ മരവിപ്പിക്കും. എന്നാൽ ഏതു നിമിഷവും പണമടച്ച് സാധാരണ നിലയിലാക്കാനും സാധിക്കും.
ഒന്നരലക്ഷം രൂപ വരെയാണ് പരമാവധി നിക്ഷേപം. ഒരു വർഷം എത്ര തവണ വേണമെങ്കിലും ഇതിൽ നിക്ഷേപിക്കാം. എന്നാൽ ഒന്നരലക്ഷം രൂപക്ക് മുകളിലെത്തിയാൽ ഉടൻ തന്നെ അധികമുള്ള പണം അക്കൗണ്ട് ഉടമക്ക് തിരിച്ചുനൽകും.
2021 സെപ്റ്റംബറിൽ അവസാനിക്കുന്ന സാമ്പത്തിക പാദത്തിൽ പ്രതിവർഷം 7.6 ശതമാനം പലിശ ലഭിക്കും. സാമ്പത്തിക വർഷം അവസാനിക്കുേമ്പാൾ പലിശ അക്കൗണ്ടിൽ നിക്ഷേപിക്കും. കൂടാതെ ഈ അക്കൗണ്ട് നികുതി പരിധിക്ക് പുറത്തായിരിക്കും.
അക്കൗണ്ട് ആരംഭിച്ച് അഞ്ചുവർഷത്തിന് ശേഷം അക്കൗണ്ട് ഉടമയുടെ ഗുരുതര രോഗം, പെൺകുട്ടിയുടെ മാതാപിതാക്കളുടെ മരണം തുടങ്ങിയവ സംഭവിക്കുകയാണെങ്കിൽ പണം പിൻവലിക്കാം. കാലാവധി അവസാനിക്കാതെ പണം പിൻവലിക്കുേമ്പാൾ മതിയായ രേഖകൾ ഹാജരാക്കാൻ അക്കൗണ്ട് ഉടമക്ക് സാധിക്കണം.
പെൺകുട്ടിക്ക് 18 വയസാകുേമ്പാഴോ, 10 ാം ക്ലാസിന് ശേഷമോ അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാം. ഇതിൽ 50 ശതമാനം തുക മാത്രമേ പിൻവലിക്കാൻ സാധിക്കൂ. 21 വയസാകുേമ്പാൾ മുഴുവൻ തുകയും അക്കൗണ്ടിൽനിന്ന് പിൻവലിക്കാം. പണം പിൻവലിച്ചില്ലെങ്കിൽ പലിശ തുടർന്നും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.