പിരിഞ്ഞിട്ടും പിരിയാനാകാതെ ഗീത ടീച്ചർ
text_fieldsഗുരുവായൂർ: സർക്കാർ രേഖയനുസരിച്ച് ഇരിങ്ങപ്പുറം ജി.എൽ.പി സ്കൂളിലെ പ്രധാനാധ്യാപിക ടി. ഗീത കഴിഞ്ഞ മേയ് 31ന് വിരമിച്ചു. എന്നാൽ, ഇരിങ്ങപ്പുറത്തുകാരോട് ചോദിച്ചാൽ അവർ പറയും 'ഗീത ടീച്ചർ വിരമിക്കുകയോ, അവർ ഇപ്പോഴും സ്കൂളിലുണ്ടല്ലോ' എന്ന്. ഗീത ടീച്ചറെയും ജി.എൽ.പി സ്കൂളിനെയും വേർതിരിച്ച് കാണാൻ കഴിയാത്ത അവസ്ഥയിലാണ് ഗുരുവായൂർ നഗരസഭയിലെ ഇരിങ്ങപ്പുറം പ്രദേശവാസികൾ.
കഴിഞ്ഞ മേയ് 31ന് അവർ വിരമിച്ചെങ്കിലും ഇപ്പോഴും ഒരുദിവസം പോലും മുടങ്ങാതെ ഇവർ സ്കൂളിലെത്തുന്നുണ്ട്. മഹാമാരിക്കും അടച്ചുകെട്ടലിനൊന്നും ഈ അധ്യാപികയും വിദ്യാലയവും തമ്മിലുള്ള സ്നേഹബന്ധം മുറിക്കാനായിട്ടില്ല.
2014ൽ പ്രധാനാധ്യാപികയായി എത്തുമ്പോൾ ഏതൊരു സർക്കാർ സ്കൂളിനെയും പോലെയായിരുന്നു ഇവിടെയും. കുട്ടികളുടെ എണ്ണം 35 മാത്രം. ഈ വർഷം അവർ വിരമിക്കുമ്പോൾ കുട്ടികളുടെ എണ്ണം 250നടുത്ത്. നിരവധി പ്രമുഖ വിദ്യാലയങ്ങളുള്ള ഗുരുവായൂരിലാണ് ഈ കൊച്ച് സർക്കാർ വിദ്യാലയം എന്നത് കൂടിയറിയണം. ഇരുനില കെട്ടിടവും തുറന്ന ക്ലാസ് മുറിയും മീൻകുളവും ശലഭോദ്യാനവും നക്ഷത്രവനവും ഗണിത ലാബും സ്മാർട്ട് മുറികളുമൊക്കെയായി സ്കൂളാകെ മാറി.
'കിളിക്കൊഞ്ചൽ' പേരിൽ സ്കൂൾ റേഡിയോക്കും തുടക്കമിട്ടു. ശമ്പളത്തിെൻറ വലിയൊരു ഭാഗം ഗീത ടീച്ചർ സ്കൂളിനായി ചെലവഴിച്ചു. ഇവരുടെ ശ്രമഫലമായി എം.എൽ.എ ഫണ്ടിൽനിന്ന് സ്കൂൾ ബസെത്തി. പ്രവർത്തനങ്ങൾക്കെല്ലാം ഗുരുവായൂർ നഗരസഭയും ഒപ്പം നിന്നു. പി.ടി.എയും എം.പി.ടി.എയും ശക്തമായി. സ്കൂളിലെ കുട്ടികൾ നേട്ടങ്ങൾ കൊയ്തു. 2019-20ൽ മികച്ച പി.ടി.എക്കുള്ള പുരസ്കാരം ഈ സ്കൂളിനെ തേടിയെത്തി.
തെൻറ നേട്ടമല്ല ഒപ്പം നിന്ന സഹഅധ്യാപരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ശ്രമങ്ങളാണ് വിജയത്തിന് പിന്നിലെന്ന് ടീച്ചർ പറയുന്നു. മികച്ച അധ്യാപികക്കുള്ള സർക്കാർ പുരസ്കാരത്തിന് അപേക്ഷിക്കാൻ പലപ്പോഴും പി.ടി.എ നിർബന്ധിച്ചെങ്കിലും ഇരിങ്ങപ്പുറത്തുകാർ നൽകുന്ന സ്നേഹം മാത്രം മതിയെന്നായിരുന്നു മറുപടി.
സർവിസിെൻറ അവസാന കാലത്തെടുക്കാമായിരുന്ന ആറുമാസത്തോളം വരുന്ന അവധികളൊന്നും ഇവർ എടുത്തില്ല. വിരമിക്കൽ ഔപചാരികത മാത്രമായി കണ്ട് ഇവർ തുടർന്നും മുടങ്ങാതെ സ്കൂളിലെത്തുന്നുണ്ട്. ഗൂഗ്ൾ മീറ്റിലൂടെ കുട്ടികളുമായി സംവദിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.