സെൻറർ ഫോർ ലാറ്റിൻ അമേരിക്കൻ സ്റ്റഡീസ് പ്രോഗ്രാമുകൾ ധനമന്ത്രി ഉദ്ഘാടനം ചെയ്തു
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയിൽ ആരംഭിച്ച സെൻറർ ഫോർ ലാറ്റിൻ അമേരിക്കൻ സ്റ്റഡീസിൻ്റെ (സി.എൽ.എ.എസ്) അക്കാദമിക് പ്രോഗ്രാമുകൾ മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.ല2022- 23 വർഷത്തെ പ്രോഗ്രാമുകൾക്കാണ് മന്ത്രി തുടക്കം കുറിച്ചത്. സ്റ്റുഡൻറ്, ഫാക്കൽറ്റി എക്സ്ചേഞ്ച് പ്രോഗ്രാമുകൾക്ക് സർക്കാർ മുന്തിയ പ്രാധാന്യം നൽകുമെന്ന് മന്ത്രി പറഞ്ഞു.
ഇത് വിദ്യാഭ്യാസ മേഖലയെ മാറ്റി മറിക്കും. അതിനുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കും. താരതമ്യമില്ലാത്ത വിഭവശേഷിയാണ് ലാറ്റിൻ അമേരിക്കക്കുള്ളത്. അത് പ്രയോജനപ്പെടുത്താൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു. കേരള യൂണിവേഴ്സിറ്റി സെനറ്റ് ചേംബറിൽ സംഘടിപ്പിച്ച ചടങ്ങിൽ സെൻറർ ഡയറക്ടർ ഡോ: ഗിരീഷ് കുമാർ ആർ. അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ സംസ്ഥാന ബജറ്റിലെ പ്രഖ്യാപനമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യ ലാറ്റിൻ അമേരിക്കൻ സ്റ്റഡി സെൻററാണ് ഇത്. കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പർമാരായ കെ.എച്ച്. ബാഹുജൻ, ഡോ. എസ്. നസീബ്, രജിസ്ട്രാർ ഡോ: കെ.എസ്. അനിൽകുമാർ, സോഷ്യൽ സയൻസസ് ഡീൻ ഡോ: കെ.എം. സജാദ് ഇബ്രാഹിം, ഫാക്കൽറ്റി ഓഫ് സോഷ്യൽ സയൻസസ് ഡയറക്ടർ ഡോ. സി. എ. ജോസ് കുട്ടി തുടങ്ങിയവർ പങ്കെടുത്തു.
സ്റ്റുഡൻറ്സ് എക്സ്ചേഞ്ച് പ്രോഗ്രാം, ജൂണിയർ റിസർച്ച് ഫെല്ലോഷിപ്പ്, പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്, ഫീസിബിലിറ്റി സ്റ്റഡീസ്, റിസർച്ച് പ്രൊജക്ട്സ്, ട്രാൻസ് ലേഷൻ ഫെല്ലോഷിപ്പ് എന്നിവയാണ് സെൻററിൽ ഇക്കൊല്ലം ആരംഭിക്കുന്ന പ്രോഗ്രാമുകൾ. ഉദ്ഘാടനത്തോട് അനുബന്ധിച്ച് രണ്ട് അക്കാദമിക് സെഷനുകളും സംഘടിപ്പിച്ചു.
കൃഷി താരതമ്യ പഠനം സംബന്ധിച്ച ആദ്യ സെഷനിൽ പ്ലാനിങ് ബോർഡ് മെമ്പർ പ്രഫ. ജിജു പി. അലക്സ് മുഖ്യ പ്രഭാഷണം നടത്തി. സാംസ്ക്കാരിക, വിദ്യാഭ്യാസ വിനിമയം എന്ന വിഷയത്തിൽ നടന്ന രണ്ടാം സെഷനിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷൻ ആൻഡ് ടെക്നോളജി ഡയറക്ടർ ബി. അബുരാജ് അധ്യക്ഷത വഹിച്ചു.
ഭൂമിശാസ്ത്രപരമായി അകലമേറെയുണ്ടെങ്കിലും സാംസ്ക്കാരികമായ അടുപ്പം ഇന്ത്യക്ക് പൊതുവെയും, കേരളത്തിന് പ്രത്യേകിച്ചും ലാറ്റിൻ അമേരിക്കയുമായുണ്ട്. കേരള യൂനിവേഴ്സിറ്റിയുടെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിന് കീഴിൽ സ്ഥാപിച്ചിരിക്കുന്ന സെൻറർ ഫോർ ലാറ്റിൻ അമേരിക്കൻ സ്റ്റഡീസ് വിവിധ മേഖലകളിലുള്ള പഠന, ഗവേഷണ, വിനിമയ, പങ്കാളിത്ത സാധ്യതളെ സമഗ്രമായി അഭിസംബോധന ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.