കാത്തിരിപ്പിന് അവസാനം; കെ.എ.എസ് വിജ്ഞാപനം പുറത്തിറങ്ങി
text_fieldsതിരുവനന്തപുരം: കാത്തിരിപ്പിന് അറുതി വരുത്തി കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസിന്റെ (കെ.എ.എസ്) രണ്ടാമത് വിജ്ഞാപനം പി.എസ്.സി പ്രസിദ്ധീകരിച്ചു. ആദ്യ വിജ്ഞാപനം വന്ന് ആറാം വര്‍ഷമാണ് കെ.എ.എസിന്റെ രണ്ടാം വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. പ്രാഥമിക പരീക്ഷ ജൂണ്‍ 14നാണ്. അത് വിജയിക്കുന്നവര്‍ക്കുള്ള മുഖ്യപരീക്ഷ ഒക്ടോബര്‍ 17, 18 തീയതികളില്‍ നടത്തും. 2026 ജനുവരിയില്‍ അഭിമുഖം നടത്തി ഫെബ്രുവരി 16ന് പുതിയ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കും.
പരീക്ഷാക്രമം ഉള്‍പ്പെടെ വിശദമായ വിജ്ഞാപനമാണ് പി.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കെ.എ.എസ് ആദ്യ തിരഞ്ഞെടുപ്പിന് തയാറാക്കിയ പാഠ്യപദ്ധതിയാണ് പ്രാഥമിക, അന്തിമ പരീക്ഷകള്‍ക്ക് ഇത്തവണയും സ്വീകരിച്ചിരിക്കുന്നത്. 2019 നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിലായിരുന്നു ആദ്യവിജ്ഞാപനം. രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ പരീക്ഷ നടത്തി കെ.എ.എസിലേക്ക് നിയമനം നടത്തണമെന്നാണ് വിശേഷാല്‍ ചട്ടത്തിലെ വ്യവസ്ഥ. ഒഴിവുകള്‍ കണ്ടെത്താനാകാത്തതിനാലാണ് വിജ്ഞാപനം നീണ്ടുപോയത്.
നിലവില്‍ കെ.എ.എസില്‍ ജോലിചെയ്യുന്നവരെ ഡെപ്യൂട്ടേഷന് റിസര്‍വിലേക്ക് മാറ്റി 31 ഒഴിവുകളിലേക്കായിരിക്കും പുതിയ റാങ്ക്പട്ടികയില്‍നിന്ന് നിയമനം നടത്തുക. അതനുസരിച്ച് ഒന്നാം കാറ്റഗറിയില്‍ 11 പേര്‍ക്കും മറ്റ് രണ്ട് കാറ്റഗറികളില്‍ നിന്ന് 10 പേര്‍ക്ക് വീതവും നിയമനം ലഭിക്കും. 2027 ഫെബ്രുവരി 15 വരെ കെ.എ.എസില്‍ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും പുതിയ റാങ്ക്പട്ടികയില്‍ നിന്നായിരിക്കും നിയമനം. പ്രാഥമിക പരീക്ഷ ഒറ്റഘട്ടമായി 100 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളായി നടത്തും. ജൂണ്‍ 14ന് രാവിലെയും ഉച്ചക്കുമായിട്ടാണ് ഇത് നിശ്ചയിച്ചിട്ടുള്ളത്.
മുഖ്യപരീക്ഷ വിവരണാത്മകരീതിയിലാണ്. ഇതിന് 100 മാര്‍ക്ക് വീതമുള്ള മൂന്ന് പേപ്പറുകളുണ്ടാകും. മുഖ്യപരീക്ഷക്ക് നിശ്ചിത മാര്‍ക്ക് വാങ്ങി വിജയിക്കുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും. അഭിമുഖം 50 മാര്‍ക്കിനാണ്. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാര്‍ക്ക് കണക്കാക്കിയാണ് റാങ്ക്പട്ടിക തയാറാക്കുന്നത്. മുഖ്യപരീക്ഷക്കുള്ള അര്‍ഹത നിര്‍ണയിക്കാന്‍ മാത്രമേ പ്രാഥമിക പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കുകയുള്ളൂ. പ്രാഥമിക പരീക്ഷയിലും മുഖ്യപരീക്ഷയിലും ഇംഗ്ലീഷ് ചോദ്യത്തോടൊപ്പം മലയാള പരിഭാഷയും ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് തമിഴ്, കന്നട പരിഭാഷയും ലഭ്യമാക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇംഗ്ലീഷിലോ, മലയാളത്തിലോ, ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഇംഗ്ലീഷിലോ, തമിഴിലോ, കന്നടയിലോ ഉത്തരം എഴുതാം.
അപേക്ഷ മൂന്ന് കാറ്റഗറികളില്‍
ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. മൂന്ന് കാറ്റഗറികളിലായിട്ടായിരിക്കും അപേക്ഷ സ്വീകരിക്കുക
- കാറ്റഗറി 1- നേരിട്ടുള്ള നിയമനം. പ്രായപരിധി 21-32.
- കാറ്റഗറി 2- സംസ്ഥാന സര്‍ക്കാര്‍ സര്‍വിസിലെ വിവിധ വകുപ്പുകളില്‍ വിജയകരമായി പ്രെബേഷന്‍ പൂര്‍ത്തിയാക്കിയ അല്ലെങ്കില്‍ സ്ഥിരാംഗങ്ങളായ ജീവനക്കാരിന് നിന്നുള്ള നിയമനം. പ്രായം 21-40.
- കാറ്റഗറി 3- കെ.എ.എസ് വിശേഷാല്‍ ചട്ടം ഷെഡ്യൂള്‍ ഒന്നില്‍ പരാമര്‍ശിച്ചിരിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളില്‍ ഒന്നാം ഗസറ്റഡ് തസ്തികയിലോ അതിന് മുകളിലോ ജോലി ചെയ്യുന്നവരോ ഷെഡ്യൂള്‍ ഒന്നില്‍ പരാമര്‍ശിച്ചിരിക്കുന്ന പൊതുകാറ്റഗറിയിലോ തത്തുല്യ തസ്തികകളിലോ ജോലി ചെയ്യുന്നവരോ ആയവര്‍ക്കുള്ള നിയമനം. പ്രായം 50 വയസ്സ് തികയരുത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.