യു.എ.ഇയിൽ സി.ബി.എസ്.ഇ ഓഫിസ് ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി
text_fieldsദുബൈ: ഭാവിയിൽ കൂടുതൽ ഇന്ത്യൻ സർവകലാശാലകളും സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ) ഓഫിസും യു.എ.ഇയിൽ പ്രവർത്തനമാരംഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇയിലെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് പ്രവർത്തിക്കുന്ന സി.ബി.എസ്.ഇ സിലബസിലെ സ്കൂളുകൾക്ക് വളരെ ഉപകാരപ്രദമായിരിക്കും ഓഫിസെന്നാണ് വിലയിരുത്തപ്പെടുന്നത്.
യു.എ.ഇ വിദേശകാര്യ മന്ത്രിയും വിദ്യാഭ്യാസ മാനവവിഭവശേഷി കൗൺസിൽ (ഇ.എച്ച്.ആർ.സി) ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വിദ്യാഭ്യാസ മന്ത്രി ഡോ. അഹമ്മദ് അൽ ഫലാസി, ഏർലി ചൈൽഡ്ഹുഡ് എജുക്കേഷൻ സഹമന്ത്രി സാറാ അൽ മുസ്സലവുമായും സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
വിദ്യാഭ്യാസ, നൈപുണ്യ മേഖലകളിൽ യു.എ.ഇയുമായി പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. യു.എ.ഇയിലെ ആദ്യ ഐ.ഐ.ടി കാമ്പസ് അടുത്ത വർഷം ജനുവരിയോടെ അബൂദബിയിൽ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒട്ടേറെ ഇന്ത്യൻ സർവകലാശാലകൾ ഇതിനകം യു.എ.ഇയിൽ പ്രവർത്തിക്കുന്നുണ്ട്. സമീപഭാവിയിൽ കൂടുതൽ സർവകലാശാലകളും സി.ബി.എസ്.ഇയുടെ ഓഫിസും ആരംഭിക്കും.
വിദ്യാഭ്യാസ മേഖലയിൽ സഹകരണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ശൈഖ് അബ്ദുല്ലയുമായി അദ്ദേഹം ചർച്ചകൾ നടത്തി. കൂടാതെ ജനുവരിയിൽ അക്കാദമിക് പ്രവർത്തനങ്ങൾ ആരംഭിക്കാനൊരുങ്ങുന്ന ഐ.ഐ.ടി -ഡൽഹി കാമ്പസിന്റെ നിർമാണ പുരോഗതിയും മന്ത്രിമാർ ചർച്ച ചെയ്തു.
35 ലക്ഷത്തിലേറെ ഇന്ത്യക്കാരെ സ്വീകരിച്ച യു.എ.ഇ നേതൃത്വത്തിന്റെ മഹാമനസ്കതക്ക് കേന്ദ്രമന്ത്രി നന്ദി അറിയിച്ചു.വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ - യു.എ.ഇ സഹകരണം ശക്തമാക്കുന്നതിന് ഡോ. അഹമ്മദ് അൽ ഫലാസിയുമായി പുതിയ ധാരണാപത്രത്തിൽ ഒപ്പിടുകയും ചെയ്തു.
ഇരു രാജ്യങ്ങളിലെയും ഉന്നത വിദ്യാഭാസ സ്ഥാപനങ്ങൾ തമ്മിലുള്ള അക്കാദമിക്, ഗവേഷണ സഹകരണം വർധിപ്പിക്കാൻ പുതിയ കരാർ സഹായകരമാകും. സായിദ് സർവകലാശാലയിൽ സ്ഥിതിചെയ്യുന്ന ഐ.ഐ.ടി കാമ്പസ് മന്ത്രി സന്ദർശിച്ചു. ഇന്ത്യൻ വിദ്യാഭ്യാസത്തെ അന്താരാഷ്ട്രവത്കരിക്കാനുള്ള ശ്രമങ്ങളിൽ പുതിയ കാമ്പസ് സുപ്രധാന മുന്നേറ്റമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
‘കേന്ദ്ര വിദ്യാഭ്യാസ നയം: കേരളത്തിന്റേത് രാഷ്ട്രീയ നാടകം’
ദുബൈ: കേരളം കേന്ദ്ര വിദ്യാഭ്യാസ നയത്തെ എതിർക്കുന്നത് രാഷ്ട്രീയ നാടകമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ധർമേന്ദ്ര പ്രധാൻ. യു.എ.ഇ സന്ദർശനത്തിനെത്തിയ മന്ത്രി ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് കേരള നിലപാടിനെ വിമർശിച്ചത്.
എന്തിനെയാണ് കേരളസർക്കാർ എതിർക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. മലയാളം പഠിക്കുന്നതും ശ്രീനാരായണ ഗുരുവിനെ കുറിച്ച് പഠിപ്പിക്കുന്നതും പിണറായി എതിർക്കുമോ? ഇക്കാര്യം പാർലമെന്റിൽ അംഗങ്ങളോട് തന്നെ ഞാൻ ചോദിച്ചിട്ടുണ്ട് -മന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരത്’ എന്നുമാത്രമാക്കുന്നതടക്കം കേന്ദ്ര വിദ്യാഭ്യാസ നയത്തിലെ നിലപാടുകളെ നേരത്തേ കേരളം വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.