9,32 ലക്ഷം വിദ്യാർഥികള്‍ക്ക് സ്‌കൂള്‍ തുറക്കും മുന്‍പ് സൗജന്യ യൂനിഫോം വിതരണം ചെയ്യുമെന്ന് വി. ശിവന്‍കുട്ടി
text_fieldsകൊച്ചി:സംസ്ഥാനത്തെ 9,32,898 വിദ്യാർഥികള്‍ക്ക് സ്‌കൂള്‍ തുറക്കുന്നതിനും വളരെ മുന്‍പ് തന്നെ സൗജന്യമായി യൂണിഫോമുകള്‍ ലഭ്യമാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഏലൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് കൈത്തറി യൂനിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇക്കുറി 4,75,242 ആണ്‍കുട്ടികള്‍ക്കും 4,57,656 പെണ്‍കുട്ടികള്‍ക്കുമാണ് യൂനിഫോം നല്‍കുന്നത്. ഇതിനായി 42.5 ലക്ഷം മീറ്റര്‍ തുണിയാണ് കൈത്തറി വകുപ്പ് തയാറാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നത്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള വടക്കന്‍ ജില്ലകളില്‍ ഹാന്‍ഡ്‌വീവും എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്കന്‍ ജില്ലകളില്‍ ഹാന്‍ടെക്സും ആണ് വിതരണം ചെയ്യുന്നത്.
ഒന്ന് മുതല്‍ നാലുവരെ ക്ലാസിലുള്ള കുട്ടികളുടെ അക്കാദമിക്ക് ഉന്നമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കും. എല്ലാത്തരം മത്സരപരീക്ഷകള്‍ക്കും വിദ്യാർഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന അക്കാദമിക് മാറ്റങ്ങള്‍ കൊണ്ടുവരും. അധ്യാപകരുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി അവധികാലത്ത് റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കും.
ലഹരിക്കെതിരെ പോരാട്ടം ശക്തമായി നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ഇതിനായി അവധിക്കാലത്ത് രക്ഷകര്‍ത്താക്കള്‍ക്ക് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പരിശീലനം നല്‍കും. പ്ലസ് വണ്‍ പ്രവേശനം കൂടുതല്‍ ശാസ്ത്രീയമാക്കുന്നതിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാകും നടത്തുകയെന്നും മന്ത്രി പറഞ്ഞു.
ഏലൂര്‍ ജി.എല്‍.പി. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഗോപീകൃഷ്ണന് യൂനിഫോം നല്‍കിയായിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തത്. ഏലൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ. ജീവന്‍ ബാബു, ഏലൂര്‍ നഗരസഭ അധ്യക്ഷന്‍ എ.ഡി സുജില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.