ഒളിമ്പിക്സ് മാതൃകയിൽ സ്കൂൾ ഒളിമ്പിക്സ് നടത്താനാവുമോയെന്ന് പരിശോധിക്കുമെന്ന് വി. ശിവന്‍കുട്ടി
text_fieldsകൽപ്പറ്റ:ഒളിമ്പിക്സ് മാതൃകയിൽ കേരള സ്കൂൾ ഒളിമ്പിക്സ് നടത്താനാവുമോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. വടുവന്‍ചാല്‍ ജി.എച്ച്.എസ്.എസിൽ നൈപുണ്യവികസന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂർ, തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ കേരള സ്കൂൾ ഒളിമ്പിക്സ് നടത്താനുള്ള വേദികൾ ഉണ്ടെന്നാണ് മനസിലാക്കുന്നത്.
മറ്റു ജില്ലകളിൽ കൂടി സൗകര്യം വർധിപ്പിച്ചാൽ എല്ലാ ജില്ലകളിലും കേരള സ്കൂൾ ഒളിമ്പിക്സ് നടത്താനുള്ള സാധ്യത രൂപപ്പെടും. വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സ്വന്തമായി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനം അത്യന്താപേക്ഷിതമാണ്. എന്നാല്‍ സ്‌കൂള്‍ മൈതാനങ്ങളെ കവര്‍ന്നുകൊണ്ടുള്ള കെട്ടിട നിര്‍മ്മാണങ്ങള്‍ ശരിയായ പ്രവണതയല്ല.
കായികവും മാനസികവുമായ വളര്‍ച്ചയ്ക്ക് നിദാനമായ കളിമൈതാനങ്ങളെ നിലനിര്‍ത്തി വേണം കെട്ടിട നിര്‍മ്മാണത്തിന് സ്ഥലം കണ്ടെത്താന്‍. കായിക മേഖലയിലെ ഉണര്‍വ്വിനായി വിവിധ പദ്ധതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. സ്‌കൂള്‍തല കായികോത്സവങ്ങള്‍ വിപുലമായി നടത്തും. നീന്തല്‍ ഉള്‍പ്പെടെയുള്ള കായിക ഇനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും.
പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാർഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് പുനസ്ഥാപിക്കും. കോവിഡ് മഹാമാരിയുടെ കാലത്ത് നിര്‍ത്തിവെച്ചിരുന്ന, പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാർഥികള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് ആനുകൂല്യമാണ് അടുത്ത അധ്യയന വര്‍ഷം മുതല്‍ പുനസ്ഥാപിക്കുക. ജി.എച്ച്.എസ്.എസ് വടുവന്‍ചാല്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന അഞ്ചുപദ്ധതികള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു.
ഫുട്ബോള്‍ അക്കാദമി, പ്രീപ്രൈമറി പാര്‍ക്ക്, ഗണിതപാര്‍ക്ക്, സ്കില്‍ പാര്‍ക്ക്, ട്രൈബല്‍ മ്യൂസിയം, കാര്‍ബ ന്യൂട്രല്‍ സ്കൂള്‍ എന്നിങ്ങനെ അഞ്ചു നൂതന പദ്ധതികള്‍ക്കാണ് ഇവിടെ തുടക്കമായത്. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്സത്ത്, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ്, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സീത വിജയന്‍, ജനപ്രതിനിധികളായ ടി.ബി സെനു, പി.കെ സാലിം, എസ്. വിജയ, വിദ്യാ കിരണം ജില്ലാ കോര്‍ഡിനേറ്റര്‍ വില്‍സന്‍ തോമസ്, ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പൽ കെ.വി. മനോജ്, പി.ടി.എ പ്രസിഡണ്ട് കെ. സുരേഷ് കുമാര്‍, വൈസ് പ്രിന്‍സിപ്പാള്‍ കെ.വി ഷേര്‍ലി തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.