അറബ് നാട്ടിലെ ഫാല്‍ക്കണ്‍ വിശേഷങ്ങള്‍
text_fieldsധീരതയുടെയും ശക്തിയുടെയും പ്രതീകമായ ഫാൽക്കൺ പക്ഷിയെയാണ് സൗദി അറേബ്യ അടക്കമുള്ള പല രാജ്യങ്ങളും തങ്ങളുടെ ദേശീയ പക്ഷിയായി നിശ്ചയിച്ചിരിക്കുന്നത്. യു. എ.ഇയുടെ ദേശീയ ചിഹ്നം കൂടിയാണ് ഫാൽക്കൺ. ഈ പക്ഷിയുടെ പ്രത്യേകതകൾ എന്താണെന്നും അറബികൾ വിശേഷ പരിഗണന ഈ പക്ഷിക്ക് നൽകാൻ തക്ക കാരണം എന്താണെന്നും പലപ്പോഴും ആലോചിച്ചിട്ടുണ്ട്. സൗദിയിലെ വ്യവസായനഗരിയായ യാമ്പുവിൽ പ്രവാസജീവിതം നയിക്കുന്നതിനിടയിലാണ് ഒരിക്കൽ ഇവിടെ നടന്ന ഒരു ചരിത്രപ്രദർശനത്തിൽ ‘ഫാൽക്കൺ വിശേഷങ്ങൾ’ എന്ന അർഥം വരുന്ന അറബിയിലെഴുതിയ ഒരു വലിയ ബോർഡ് ശ്രദ്ധയിൽപെട്ടത്. വിവിധയിനം ഫാൽക്കൺ പക്ഷികളെ കുറിച്ച് പുതുതലമുറക്ക് അവബോധം നല്‍കുന്നതിനാണ് സൗദി വിനോദസഞ്ചാര വികസന ദേശീയ പൈതൃക സംരക്ഷണ കമീഷൻ ഈ സ്റ്റാൾ ഒരുക്കിയതെന്നറിഞ്ഞപ്പോൾ ഏറെ സന്തോഷമായി. സ്വദേശി പൗരനായ മുഹമ്മദ് ഉത്തയത്തുല്ലാഹ് അല്‍ ജുഹ്നിയുടെ മേല്‍നോട്ടത്തില്‍ ഫാല്‍ക്കണ്‍ പഠനത്തില്‍ അവഗാഹമുള്ളവരും പക്ഷിവളര്ത്തുകാരുമായ പത്തോളം പേരാണ് സന്ദര്‍ശകര്‍ക്ക് അപൂര്‍വ പരിജ്ഞാനം പകര്ന്നുനല്കി അന്ന് സ്റ്റാളൊരുക്കിയിരുന്നത്. ഒരാഴ്ച നീണ്ടുനിന്ന പ്രദർശനം ഈയുള്ളവെൻറ താമസസ്ഥലത്തിെൻറ അടുത്തായതിനാൽ ദിവസവും വൈകുന്നേരങ്ങളിൽ ഫാൽക്കൺ വിശേഷങ്ങൾ നേരിട്ടറിയാൻ അവിടെ പോകുമായിരുന്നു. ഫാൽക്കൺ സ്റ്റാളിൽ ഏറെനേരം കൗതുകപൂർവം എല്ലാം വീക്ഷിച്ച പ്പോൾ ഏറെ ഹൃദ്യമായ ഒരനുഭൂതിയാണ്അന്ന് ലഭിച്ചത്. ഫാൽക്കണുമായി ബന്ധപ്പെട്ട വിവരങ്ങളും പഠനങ്ങളും നേർക്കാഴ്ചകളായി പകുത്തുനൽകാൻ ഈ സ്റ്റാളിലെ ഫാൽക്കൺ പഠന വിദഗ്ധരുടെ സജീവസാന്നിധ്യം ഏറെ ശ്രദ്ധേയമായിരുന്നു.
വിവിധയിനങ്ങളിൽപെട്ട ഫാൽക്കണുകൾ പ്രദർശിപ്പിച്ചും സന്ദർശകർക്ക് അവയെ ആവോളം ആസ്വദിക്കാൻ അവസരം നൽകിയുമുള്ള ഫാൽക്കൺ പരിജ്ഞാനം സൗദിയുടെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി തന്നെ നടക്കാറുണ്ട്. വിദേശികളായ സന്ദർശകർക്ക് ഇംഗ്ലീഷിലും ഫാൽക്കണുകളെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ഇത്തരം സ്റ്റാളുകളിൽ സൗകര്യങ്ങൾ ഒരുക്കുന്നതും സാധാരണ കാണാറുണ്ട്. ഗൾഫ് രാജ്യങ്ങളുടെ ദേശീയ പക്ഷിയായ ഫാൽക്കൺ അറബികളുടെ ജീവിതത്തിൽ ഉയർന്ന സ്ഥാനമുള്ളതും പക്ഷികളിലെ രാജാവായി അറിയപ്പെടുകയും ചെയ്യുന്നു. പൗരാണിക കാലം മുതലേ അറബികൾ ഇവയെ ഇണക്കി വളർത്താനും സംരക്ഷിക്കാനും ശ്രദ്ധാലുക്കളായിരുന്നു വെന്ന് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ഇവയെ ഉപയോഗിച്ച് വേട്ടയാടാനും അറബികളിൽ ചിലർ ഇന്നും പതിനായിരക്കണക്കിന് റിയാൽ ചെലവിടുന്നു. അറബ് നാട്ടിലെ വലിയൊരു വിഭാഗം വലിയ വിലയും അംഗീകാരവും കൽപിക്കുന്ന ഈ വേട്ടപ്പക്ഷിക്ക് വേണ്ടി എന്ത് സൗകര്യങ്ങളും ചെയ്തുകൊടുക്കാൻ തയാറാകുന്നു. പഴയകാലത്ത് തന്നെ അറബികൾ മരുഭൂമിയിൽ ഒട്ടകത്തോടൊപ്പം സഞ്ചാരം നടത്തുമ്പോൾ സഹജീവിയായി വളർത്തിയിരുന്ന പക്ഷിയായിരുന്നു ഫാൽക്കണുകൾ. ഇവയെ ഉപയോഗിച്ച് വേട്ടയാടി കിട്ടിയിരുന്ന പക്ഷികളെ പഴയകാലത്ത് ആഹാരത്തിനായി മരുഭൂവാസികളായ അന്നത്തെ അറബികൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. പണ്ട് മുതലേ ഇരപിടിക്കാൻ ഫാൽക്കണുകൾക്ക് പ്രത്യേക പരിശീലനവും അറബികൾ നൽകിയിരുന്നു. ഈ സംസ്കാരത്തിെൻറയും പൈതൃകത്തിെൻറയും ഭാഗമായാണ് ഇന്നും ഫാൽക്കണുകൾക്ക് ഏറെ സ്ഥാനം അറബിസമൂഹം നൽകിവരുന്നത്. ദേശീയ തലത്തിൽ തന്നെ നിരവധി പദ്ധതികൾ ഫാൽക്കൺ പക്ഷികൾക്കായി അറബ് രാജ കുടുംബാംഗങ്ങളും ഭരണകൂടവും നടപ്പാക്കുന്നുണ്ട്. സൗദി, യു.എ.ഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലെല്ലാം സജീവമായ ഫാൽക്കൺ സൊസൈറ്റികൾ തന്നെ ഇന്ന് പ്രവർത്തിച്ച് വരുന്നുണ്ട്.
പ്രാപ്പിടിയൻ, വ്യോമ ചക്രവർത്തി, രാജാളി പക്ഷി, ആകാശ ത്തിലെ വേട്ടനായ എന്നീ പേരുകളിലും ഫാൽക്കൺ പക്ഷി അറിയപ്പെടുന്നു. ചീറ്റപ്പുലിയേക്കാൾ വേഗത്തിൽ സഞ്ചാരം നടത്താൻ ഫാൽക്ക ണുകൾക്ക് കഴിയുമെന്നും കാഴ്ചശക്തിയുടെ കാര്യത്തിൽ മറ്റു പറവകളിൽനിന്നും വളരെ മുന്നിലാണെന്നും ഇവയെ ക്കുറിച്ച് പഠനം നടത്തിയാൽ വളരെ കൗതുകം തോന്നുമെന്നും സന്നദ്ധസേവകനും ഫാൽക്കൺ പഠനത്തിൽ തൽപരനുമായ സൗദി സ്കൂൾ അധ്യാപകൻ തമീർ സഈദ് അൽ ജറാസി പറഞ്ഞു. മണിക്കൂറിൽ 350 കിലോമീറ്റർ വരെ കുത്തനെ പറക്കാൻ കഴിയുന്ന വേഗത്തിെൻറ രാജാവായ ഫാൽക്കൺ ഇരകളെ അതിവേഗം കൈപ്പിടിയിലൊതുക്കും. ഇര പിടിക്കാൻ വേണ്ടി ചരിഞ്ഞുപറക്കുമ്പോൾ ഏറ്റവും വേഗമാർജിക്കാൻ കഴിവുള്ള ഏക പക്ഷിയും ഫാൽക്കണാണ്. മാംസഭുക്കായ ഇവയുടെ ഇരകൾ പക്ഷികളും ഉരഗങ്ങളും മറ്റു സസ്തനികളുമാണ്. തന്നേക്കാൾ പത്തിരട്ടി ഭാരമുള്ള ഇരകളെ വരെ തൂക്കിയെടുത്ത് പറക്കാൻ ഇവക്ക് കഴിവുണ്ട്. ഫാൽക്കൺ പക്ഷികളുടെ ആവാസവ്യവസ്ഥയും അവയെ സംരക്ഷിക്കേണ്ട വിധവും മറ്റും സൗദി പൗരൻ വിശദീകരിച്ചു. പക്ഷി സംരക്ഷണത്തിനാവശ്യമായ സംവിധാനങ്ങളും ആവശ്യമായ മരുന്നുകളും വേട്ടയാടാൻ ഉപയോഗിക്കുന്ന രീതികളും സംവിധാനങ്ങളും ഒരുക്കിയാണ് കാണികൾക്ക് വിശദീകരണം നൽകിയിരുന്നത്. ഫാൽക്കണുകളെ ചികിത്സിക്കാൻ സൗദിയിൽ പ്രത്യേക ആശുപത്രികൾ തന്നെ ഉണ്ട്. ഇതിൽ ഏറ്റവും പ്രസിദ്ധമായ ഹോസ്പിറ്റലാണ് റിയാദിലെ ഫഹദുബ്നു സുല്‍ത്താൻ ഫാല്‍ക്കണ്‍ സെൻറർ. സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ഫാൽക്കണുകളെ വളർത്താനും പരിശീലിപ്പിക്കാനും ചികിത്സിക്കാനും പ്രത്യേകം കേന്ദ്രങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
തല കഴുത്തിന് ചുറ്റും പൂർണമായും തിരിക്കാൻ കഴിയുമെന്ന അപൂർവതയും ഫാൽക്കൺ പക്ഷിക്കുണ്ട്. ഇര പിടിക്കാൻ മുകളിൽനിന്നും താഴോട്ട് ‘റാഞ്ചൽ’ നടത്തുമ്പോൾ ഇവ മണിക്കൂറിൽ 180 കി.മീറ്റർ മുതൽ 250 കി.മീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാറുണ്ടെന്ന് പക്ഷി നിരീക്ഷകർ പറയുന്നു. ഭൂമിയിലുണ്ടാവുന്ന ചെറു ചലനങ്ങൾ വരെ സൂക്ഷ്മമായി മനസ്സിലാക്കാൻ ഇവക്ക് കഴിയും. കണ്ണുകൾ മുന്നോട്ട് തള്ളിനിൽക്കുന്നതിനാൽ വിദൂരത്തുള്ള ഇരകളെ നിഷ്പ്രയാസം കണ്ടെത്താനും അവയെ കീഴ്പ്പെടുത്താനും ഇവക്കാവുന്നു. ഒരു സീസണിൽ ഒരു ഇണയോട് മാത്രം കൂട്ടുകൂടുന്ന ഇവക്ക് അറബിനാട്ടിൽ പക്ഷിലോകത്തെ ‘ജെൻറിൽമാൻ’ എന്ന വിളിപ്പേര് കൂടിയുണ്ട്. ബുദ്ധി സാമർഥ്യവും പെട്ടെന്ന് ഇണങ്ങുകയും ചെയ്യുന്ന ഇവക്ക് പക്ഷേ, അപരിചിതരോടുള്ള പെരുമാറ്റം വന്യമാണ്.
ഫാല്‍ക്കണുകള്‍ക്ക് അറബ് സമൂഹം മേത്തരം പരിശീലനമാണ് നല്‍കുന്നത്. ഇങ്ങനെ മെച്ചപ്പെട്ട പരിശീലനം സിദ്ധിച്ച ഫാല്‍ക്കണ്‍ പക്ഷികള്‍ക്ക് അന്താരാഷ്ട്ര വിപണിയിൽ നല്ല ഡിമാൻഡാണ്. ലോക കമ്പോളത്തിൽ ലക്ഷങ്ങൾ വരെ വിലമതിക്കുന്ന ഫാല്‍ക്കണ്‍ പക്ഷികളുണ്ട്. ഷഹീന്, സെയ്ക്കര്‍, ജിര്, ലഗര്‍, ബാര്‍ബറി എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട ഫാല്‍ക്കണുകളെയാണ് അറബ് സമൂഹം സാധാരണ വേട്ടക്കുപയോഗിക്കുന്നത്. ഇതിൽതന്നെ ഷഹീന്, സെയ്ക്കർ വിഭാഗത്തില്‍പ്പെട്ട ഫാല്‍ക്കണുകളെയാണ് വേട്ടക്കായി കൂടുതൽ ഉപയോഗിച്ചുവരുന്നത്.
പുതുതലമുറക്ക് അന്യം നിൽക്കുന്ന പക്ഷിയറിവുകൾ പകർന്നുനൽകാൻ, പാരമ്പര്യവും പൗരാണികതയും പൈതൃകവും വിളംബരം ചെയ്യുന്ന അറബികൾ പ്രദർശന നഗരികളിൽ ആവോളം അവസരം നൽകാറുണ്ട്. കുട്ടികളും മുതിർന്നവരും ഫാൽക്കണോടൊത്തു ഒരു ‘സെൽഫി’ യെടുക്കാൻ ആവേശംകൂട്ടുന്ന കാഴ്ചയും ഫാൽക്കൺ വിശേഷങ്ങളുടെ പവിലിയനുകളിൽ നമുക്ക് കാണാം. അറബികളുടെ പ്രൗഢി വിളിച്ചോതുന്ന ‘ഫാൽക്കൺ വിശേഷങ്ങ’ളുടെ പ്രദർശനം വിവിധ മേഖലകളിൽ ഒരുക്കുമ്പോൾ അത് കാണാൻ സ്വദേശികളും വിദേശികളുമായ സന്ദർശകരുടെ വർധിച്ച സാന്നിധ്യം ഉണ്ടാകാറുണ്ട്. പുതുതലമുറക്ക് അന്യമായിക്കൊണ്ടിരിക്കുന്ന പാരമ്പര്യത്തിെൻറ നാൾവഴികൾ പകർന്നുനൽകാൻ ആവശ്യമായ ആസൂത്രണത്തോടെയുള്ള പരിപാടികൾ അറബ് നാട്ടിലെങ്ങും നടക്കുന്നതും വേറിട്ട കാഴ്ചകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.