ചാരവൃത്തിയെന്നു സംശയം; ഡൽഹിയിൽ ചൈനീസ് വനിതയെ അറസ്റ്റ് ചെയ്തു
text_fieldsന്യൂഡൽഹി: ചൈനീസ് വനിതയെ ചാരവൃത്തിയാരോപിച്ച് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മതിയായ രേഖകളില്ലാതെയാണ് ഇവർ ഡൽഹിയിൽ താമസിച്ചത്. നേപ്പാൾ സ്വദേശിയെന്ന വ്യാജ പാസ്പോർട്ടും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ഉദ്യോഗസ്ഥരെ കുരുക്കി ചാരപ്രവർത്തനം നടത്തുകയായിരുന്നു യുവതിയെന്നും പൊലീസ് പറഞ്ഞു. വടക്കൻ ഡൽഹിയിലെ തിബറ്റൻ അഭയാർഥി ക്യാമ്പിൽ നിന്നാണ് ചൈനീസ് വനിതയെ അറസ്റ്റ് ചെയ്തത്. അവരുടെ കൈയിലുണ്ടായിരുന്ന രേഖകളിൽ ഡോൽമ ലാമ എന്നാണ് പേര്. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡു എന്നാണ് വിലാസമായി നൽകിയത്. അതേസമയം ശരിയായ പേര് കായ് റുവോ എന്നാണെന്നും പൊലീസ് വ്യക്തമാക്കി.
ഡൽഹി യൂനിവേഴ്സിറ്റി കാംപസിനടുത്തുള്ള തിബറ്റൻ അഭയാർഥി ക്യാമ്പ് ടൂറിസ്റ്റുകളുടെ സഞ്ചാരകേന്ദ്രമാണ്. ബുദ്ധസന്യാസി എന്ന വ്യാജേനയാണ് ചൈനീസ് വനിത ഇവിടെ കഴിഞ്ഞത്. ബുദ്ധസന്യാസിമാരുടെ പരമ്പരാഗത വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. തലമുടി വെട്ടിച്ചെറുതാക്കിയിരുന്നു. ചൈനീസ് പാസ്പോർട്ടിൽ 2019ലാണ് കായ് റുവോ ഇന്ത്യയിലെത്തിയത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ചില നേതാക്കളിൽ നിന്ന് വധഭീഷണിയുണ്ടെന്ന് സ്ത്രീ ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞു. യുവതിക്ക് ഇംഗ്ലീഷ്, നേപ്പാളി, മാൻഡരിൻ എന്നീ ഭാഷകൾ അറിയാം. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.