പൂജയുടെ പേരിൽ പണം തട്ടുന്ന വ്യാജസിദ്ധൻ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: കുടുംബപ്രശ്നങ്ങളുള്ള സ്ത്രീകളെ തെരഞ്ഞുപിടിച്ച് ദോഷം മാറ്റുന്നതിനുള്ള പൂജ ചെയ്തുനൽകാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വർണാഭരണങ്ങളും വാങ്ങി മുങ്ങുന്ന വ്യാജസിദ്ധൻ പിടിയിലായി.
കന്യാകുളങ്ങര പെരുങ്കൂർ ഇടത്തറ ഭദ്രകാളി ദേവീക്ഷേത്രത്തിന് സമീപം ശ്രീനിലയം വീട്ടിൽ അഭിമന്യുവിനെയാണ് (19) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് ടുവരെ മാത്രം വിദ്യാഭ്യാസമുള്ള പ്രതി പൂണൂൽ ധരിച്ച് ബ്രാഹ്മണൻ ആണെന്നും പത്മനാഭസ്വാമിക്ഷേത്രം തന്ത്രിയാണെന്നും തെറ്റിദ്ധരിപ്പിച്ച് ക്ഷേത്രപരിസരങ്ങളിൽ തന്ത്രി വേഷത്തിൽ കറങ്ങിനടന്ന് ഇരകളെ കണ്ടെത്തി തട്ടിപ്പുകൾ നടത്തിവരികയായിരുന്നു.
കൂടാതെ ഇരകളെ കണ്ടെത്തുന്നതിനായി പ്രമുഖ പത്രങ്ങളിൽ പരസ്യം നൽകിയിരുന്ന ഇയാൾ പരസ്യം കണ്ട് ഫോണിൽ ബന്ധപ്പെടുന്നവരെ വാക്ചാതുരിയിൽ വീഴ്ത്തിയും അല്ലാത്തവരോട് ഗൃഹനാഥന് അകാലമൃത്യു ഉണ്ടാകുമെന്ന് ഭയപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് പരിഹാരമായി ഏലസും കർമങ്ങളും ചെയ്തുതരാമെന്ന് പറഞ്ഞ് സ്വർണാഭരങ്ങളും പണവും വാങ്ങി മുങ്ങുകയാണ് രീതി. വിതുര സ്വദേശിയായ വീട്ടമ്മയിൽനിന്ന് ഒന്നരപവൻ തൂക്കം വരുന്ന മൂന്ന് സ്വർണമോതിരങ്ങളും 13,000 രൂപയും വാങ്ങിയതായുള്ള പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഫോർട്ട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഫോർട്ട് എ.സി.പി പ്രതാപൻ നായരുടെ നിർദേശാനുസരണം ഫോർട്ട് എസ്.എച്ച്.ഒ രാകേഷ്. ജെ, എസ്.ഐമാരായ സജു എബ്രഹാം, സെൽവിയസ് രാജ്, സി.പി.ഒമാരായ ബിനു, വിനോദ്, പ്രമോദ്, മഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.