ജല ടൂറിസം: ബോട്ട് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും
text_fieldsകണ്ണൂർ: ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ബോട്ട് സര്‍വിസുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ സ്രാങ്ക് ഉള്‍പ്പെടെയുള്ള ബോട്ട് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്കാന് ജില്ല വാട്ടര്‍ ടൂറിസം ടെക്നിക്കല്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. അഴിക്കല്‍ സ്കൂള്‍ കേന്ദ്രീകരിച്ചാവും പരിശീലനം.
ഉത്തരവാദിത്ത ടൂറിസം, സുരക്ഷ മാനദണ്ഡങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പരിശീലനം നല്‍കുക. വിരമിച്ച നാവികസേന, തീരസംരക്ഷണ സേന ഉദ്യോഗസ്ഥരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും.
ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലയിലെ വിനോദ സഞ്ചാര ബോട്ടുകളുടെ കണക്കെടുക്കാന്‍ പോര്‍ട്ട് കണ്‍സര്‍വേറ്ററെ ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ്, പഞ്ചായത്ത്, പോര്‍ട്ട്, ടൂറിസം പ്രതിനിധികളടങ്ങിയ കമ്മിറ്റി മൂന്ന് മാസത്തിലൊരിക്കല്‍ ബോട്ടുകളുടെ സുരക്ഷിതത്വം സംബന്ധിച്ച് പരിശോധന നടത്തും.
സ്വകാര്യ ബോട്ട് ജെട്ടികളുടെ കണക്കെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കാനും യോഗത്തില്‍ ധാരണയായി. ബോട്ട്ജെട്ടികളിലെ മണ്ണ് മാറ്റാന്‍ ഇന്‍ലാൻഡ് നാവിഗേഷനെ ചുമതലപ്പെടുത്താനും ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ബോട്ടുകള്‍ പുതിയ ജെട്ടികളിലേക്ക് മാറ്റി സര്‍വിസ് നടത്തുന്നതിന് നിർദേശം നല്‍കും.
ബോട്ട് സര്‍വിസ് ആഭ്യന്തര മത്സ്യ ബന്ധനത്തെ ബാധിക്കുന്നതൊഴിവാക്കാന്‍ ബോട്ടുടമകളുടെയും മീന്‍പിടിത്ത തൊഴിലാളികളുടെയും പ്രത്യേക യോഗം വിളിക്കും. ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടറെ യോഗം ഇതിനായി ചുമതലപ്പെടുത്തി. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.എം ഡെപ്യൂട്ടി കലക്ടര്‍ കെ.വി. ശ്രുതി, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് വൈസ് പ്രസിഡന്റ് എം. സച്ചിന്, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാര്‍, ബോട്ടുടമ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.