കടൽക്ഷോഭം; ദുരിതത്തിന് പരിഹാരമായി 9.2 കോടിയുടെ പദ്ധതി
text_fieldsകൊല്ലം: മുണ്ടക്കൽ വെടിക്കുന്ന് മേഖലയിലുണ്ടായ രൂക്ഷമായ കടലാക്രമണത്തെ തുടർന്ന് വീടുകൾ ഉൾപ്പെടെ നഷ്ടമായ ദുരിതത്തിന് ശാശ്വത പരിഹാരമൊരുങ്ങുന്നു. കടൽ ക്ഷോഭം ഇനിയും ദുരന്തം വിതക്കാതിരിക്കാൻ അടിയന്തരമായി പുലിമുട്ടുകൾ സ്ഥാപിക്കാനാണ് തീരുമാനം. ഇതിനായി 9.2 കോടിയുടെ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. തീരദേശ വികസന കോർപറേഷൻ തയാറാക്കിയ എസ്റ്റിമേറ്റ് കലക്ടർ ഉൾപ്പെടെയുള്ളവരെ ബോധ്യപ്പെടുത്തി സർക്കാരിലേക്ക് സമർപ്പിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉൾപ്പെടെ പാലിച്ച് ഉടൻ ഭരണാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രകൃതി ദുരന്തം ആണെന്ന് കാണിച്ച് അടിയന്തര നടപടി ഉണ്ടാക്കാനാണ് നീക്കം. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആണ് പുലിമുട്ട് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്.
പാപനാശനം തീരം മുതൽ കൊല്ലം ബീച്ച് വരെ നാല് പുലിമുട്ടുകൾ സ്ഥാപിക്കാനാണ് തീരുമാനം. രണ്ടെണ്ണതിന് 100 മീറ്റർ വീതവും രണ്ടെണ്ണത്തിന് 60 മീറ്റർ നീളവും ആയിരിക്കും ഉണ്ടാവുക.
കടലാക്രമണം പ്രതിരോധിക്കുന്നതിന പദ്ധതി ആസൂത്രണം ചെയ്യുന്നതിനും വീടുകൾ നഷ്ട്ടപ്പെട്ടവർക്ക് പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനും വേണ്ടി നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കളക്ടറുടെ നേതത്വത്തിൽ ഉദ്യോഗസ്ഥ സംഘം ബുധനാഴ്ച വെടിക്കുന്ന് പ്രദേശം സന്ദർശിച്ചു. പുനർഗേഹം പദ്ധതിയിൽ വീടുകൾക്ക് സഹായം ലഭ്യമാക്കാൻ ഉള്ള നടപടികളും ജില്ലാ ഭരണ കൂടം സ്വീകരിക്കുകയാണ്. ജില്ലാ കലക്ടർ എൻ. ദേവിദാസ് നേതൃത്വം നൽകിയ സംഘത്തിൽ തീരദേശ വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ഷേഖ് പരീത് , ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം, കിഫ്ബി ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള അധികാരികൾ ഉണ്ടായിരുന്നു. മുണ്ടക്കൽ വെടിക്കുന്ന് മേഖലയിൽ നാശനഷ്ടങ്ങൾ സംഭവിച്ച കുരിശടി പള്ളി പ്രദേശവും സംഘം സന്ദർശിച്ചു. കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ സജീവ് സോമൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയകുമാർ, മുൻ കൗൺസിലർ സുരേഷ് ബാബു, ബ്രാഞ്ച് സെക്രട്ടറി രാമരാജ് ,ശിവകുമാർ എന്നിവർ ഉദ്യോഗസ്ഥ സംഘത്തിനോട് പ്രദേശ വാസികളുടെ ആവശ്യങ്ങൾ അറിയിച്ചു.
കടൽകയറ്റം കഴിഞ്ഞപ്പോൾ കടൽഭിത്തി മണ്ണിനടിയിലായി
ഇരവിപുരം: കടലാക്രമണം രൂക്ഷമായിരുന്ന താന്നി കൊച്ചുതോപ്പ് ഭാഗത്ത് കടൽകയറ്റത്തിന് ശമനമുണ്ടായപ്പോൾ കടൽഭിത്തി മണ്ണിനടിയിലായി. ശക്തമായ കടൽകയറ്റത്തിൽ തിരമാലകളൊടൊപ്പം തീരത്തേക്ക് അടിച്ചു കയറിയ മണ്ണുകൊണ്ടാണ് കടൽഭിത്തി മൂടിയത്. പുലിമുട്ടുകൾക്കിടയിലായാണ് കടൽഭിത്തി നിർമിച്ചിരുന്നത്. ലക്ഷങ്ങൾ മുടക്കി അടുത്തിടെ നിർമിച്ച കടൽഭിത്തിയാണ് മണ്ണിനടിയിലായിട്ടുള്ളത്. കടൽഭിത്തി മണ്ണിനടിയിലായതോടെ ഇവിടം ബീച്ച് പോലെയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.