കോട്ടയം നഗരസഭ ബജറ്റ്; ഹാപ്പിനസ് കോർണർ, സുരക്ഷിത വ്യായാമം, വയോജനങ്ങളെ ചേർത്തുപിടിക്കും
text_fieldsകോട്ടയം: മുതിർന്ന പൗരന്മാരെ ചേർത്തുപിടിക്കുന്ന ബജറ്റുമായി കോട്ടയം നഗരസഭ. 65 വയസ്സ് കഴിഞ്ഞവർക്ക് തിരുനക്കര മൈതാനത്ത് ഗാന്ധിസ്ക്വയറിനോടു ചേർന്ന് സ്നാക്സ് പാർലർ അടക്കം ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി ഹാപ്പിനസ് കോർണർ, രാവിലെ 5.30 മുതൽ 7.30 വരെ ഈരയിൽക്കടവ്-മണിപ്പുഴ ഇടനാഴിയിൽ ജില്ല ഭരണകൂടത്തിന്റെയും പൊലീസിന്റെയും സഹകരണത്തോടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി സുരക്ഷിത വ്യായാമത്തിന് സൗകര്യം, വയോജന സൗഹൃദ നഗരിയുടെ ഭാഗമായി വിവിധ ഉപകരണങ്ങൾ വാങ്ങൽ, വയോമിത്രം പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ പദ്ധതികളാണ് വയോജനങ്ങൾക്കായി ബജറ്റിൽ വിഭാവനം ചെയ്യുന്നത്.
144.98 കോടി രൂപ വരവും 126.35 കോടി രൂപ ചെലവും 18.62 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്മാന് ബി. ഗോപകുമാര്‍ അവതരിപ്പിച്ചത്. ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. നഗരസഭ കോര്പറേഷന് പദവിയിലേക്ക് ഉയര്‍ത്തപ്പെടുമെന്ന പ്രതീക്ഷയോടെയാണ് ബജറ്റ്. കോര്പറേഷന് ജീവനക്കാരുടെ ഓഫിസ് സമയം സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് കോട്ടയം നഗരസഭക്കു കൂടി ബാധകമാക്കിയത്, നഗരസഭയെ കോര്‍പറേഷനാക്കി മാറ്റുമെന്നതിന്റെ സൂചനയാണെന്ന് ബജറ്റ് പ്രസംഗത്തില്‍ ഗോപകുമാര്‍ പറഞ്ഞു. ബജറ്റിൽ ചർച്ച ശനിയാഴ്ച നടക്കും.
ഡി.ബി ഫൂട് വ്യവസ്ഥയിൽ തിരുനക്കര മുനിസിപ്പൽ ഓഫിസ്തിരുനക്കര മുനിസിപ്പൽ ഓഫിസ് കം ഷോപ്പിങ് കോപ്ലക്സ് കം ബസ് ബേ ഡി.ബി ഫൂട് (ഡിസൈൻ, ബിൽട്ട്, ഫിനാൻസ്, ഓൺ, ഓപറേറ്റ് ആൻഡ് ട്രാൻസ്ഫർ) വ്യവസ്ഥയിൽ നിർമിക്കും. ഡി.ബി ഫൂട് വ്യവസ്ഥയിൽ കെട്ടിടം നിർമിക്കുമ്പോൾ നഗരസഭയുടെ ഫണ്ട് ചെലവഴിക്കാതെയും ബാധ്യതകളുണ്ടാകാതെയും ആസ്തികൾ സൃഷ്ടിക്കപ്പെടും. നിർമാണം പൂർത്തീകരിക്കുന്ന മുറക്ക് നഗരസഭക്ക് വാടകയിനത്തിൽ പ്രതിമാസം സ്ഥിര വരുമാനം ഉണ്ടാകും. വ്യവസ്ഥയുടെ കരാർ കാലാവധി കഴിയുന്ന മുറക്ക് ബാധ്യതരഹിതമായി ആസ്തികൾ നഗരസഭക്ക് കൈമാറും. കഞ്ഞിക്കുഴി, നാഗമ്പടം, കോടിമത, പാക്കിൽ എന്നിവിടങ്ങളിൽ ആധുനിക ഷോപ്പിങ് കോംപ്ലക്സ്,
നെഹ്റു സ്റ്റേഡിയവും ഇന്ദിര ഗാന്ധി സ്റ്റേഡിയവും കൂട്ടിയിണക്കി ലോകോത്തര നിലവാരത്തിൽ സ്പോർട്സ് കോംപ്ലക്സ്, രണ്ട് സ്റ്റേഡിയങ്ങളും ബന്ധിപ്പിച്ച് ഫ്ലൈ ഓവർ, എം.എൽ റോഡിലെ പാർക്കിങ് ഏരിയയിൽ മൾട്ടിലെവൽ പാർക്കിങ് എന്നിവയും ഡി.ബി ഫൂട് വഴി നിർമിക്കും.
‘എന്തിലും ഏതിലും അനാവശ്യ തർക്കം’
കോട്ടയം: എന്തിലും ഏതിലും അനാവശ്യ രാഷ്ട്രീയ തർക്കങ്ങൾ ഉയർത്തി നടപടിക്രമങ്ങളിൽ ഉണ്ടാക്കുന്ന കാലതാമസം നഗരസഭയെ പിന്നോട്ടുവലിക്കുകയാണെന്ന് വൈസ് ചെയര്മാന് ബി. ഗോപകുമാര്‍ ബജറ്റ് പ്രസംഗത്തില്‍ ആരോപിച്ചു. പദ്ധതികൾ മാർച്ചിലേ നിർവഹിക്കൂ എന്നതാണ് സ്ഥിരം സമീപനം. കൗണ്‍സിലിന്റെ ഐക്യമില്ലായ്മ മുതലെടുക്കുന്ന സമീപനം ചില ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഒന്നും നടക്കരുതെന്ന ഇടുങ്ങിയ ചിന്താഗതിയാണ് ചിലർക്കെന്നും ഗോപകുമാര്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.