പെൻഷൻ ഫണ്ട് തട്ടിപ്പ്; സെക്രട്ടറിയെ സസ്പെൻഡ് ചെയ്യണമെന്ന ശിപാർശ മടക്കി
text_fieldsക്രമക്കേട് കണ്ടെത്തിയ സെക്രട്ടറിയെ സസ്പെൻഡ് ചെയ്യുന്നത് ഉദ്യോഗസ്ഥർക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും ശിപാർശ പുനഃപരിശോധിക്കണമെന്നുമാവശ്യപ്പെട്ടാണ് സർക്കാർ റിപ്പോർട്ട് മടക്കിയത്
കോട്ടയം: നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് വിഷയത്തിൽ സെക്രട്ടറിയെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നൽകിയ ശിപാർശ സർക്കാർ മടക്കി.
തദ്ദേശ ഭരണ ജില്ല ജോയിന്റ് ഡയറക്ടറാണ് പ്രിൻസിപ്പൽ ഡയറക്ടർക്ക് ശിപാർശ നൽകിയത്. ഇത് സർക്കാറിലേക്ക് കൈമാറുകയായിരുന്നു.
ക്രമക്കേട് കണ്ടെത്തിയ സെക്രട്ടറിയെ സസ്പെൻഡ് ചെയ്യുന്നത് ഉദ്യോഗസ്ഥർക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും ശിപാർശ പുനഃപരിശോധിക്കണമെന്നുമാവശ്യപ്പെട്ടാണ് സർക്കാർ റിപ്പോർട്ട് മടക്കിയത്. 2020 മുതൽ മറ്റ് പലരും സെക്രട്ടറിയുടെ ചുമതല വഹിച്ചിട്ടുണ്ട്.
അവർക്കെതിരെ നടപടിയില്ലാതെ ഒരാൾക്കെതിരെ മാത്രം നടപടിയെടുക്കുന്നത് ഇത്തരം തട്ടിപ്പുകൾ മൂടിവെവക്കാനേ ഉപകരിക്കൂ.
സെക്രട്ടറി നഗരസഭയിലെ എല്ലാ ഫയലുകളും കാണണമെന്നില്ല. തദ്ദേശവകുപ്പിന്റെ അന്വേഷണം പുരോഗമിക്കുന്ന സ്ഥിതിക്ക് കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടിയെടുക്കാമെന്നും മടക്കിയ റിപ്പോർട്ടിൽ പറയുന്നു.
ജോയിന്റ് ഡയറക്ടർ ശിപാർശ നൽകിയതിന് പിന്നാലെ സെക്രട്ടറി അവധിക്ക് അപേക്ഷിച്ചിരുന്നെങ്കിലും പിന്നീട് റദ്ദാക്കി ജോലിയിൽ പ്രവേശിച്ചിരുന്നു.
വകുപ്പിന്റെ അന്വേഷണത്തിന്റെ ഭാഗമായി 40ഓളം ഫയലുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ലൈഫ് സർട്ടിഫിക്കറ്റ്, പെൻഷൻ വാങ്ങുന്നവരുടെ വിവരങ്ങൾ തുടങ്ങിയവയുടെ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ പകർപ്പുകളാണ് ആവശ്യപ്പെട്ടത്. ഇത്തരത്തിൽ 3000ത്തിലേറെ പേജുകൾ നഗരസഭ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തിച്ചുനൽകി.
29 ചോദ്യങ്ങളും ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയും നൽകി. സീനിയർ ഫിനാൻസ് ഓഫിസറുടെ നേതൃത്വത്തിൽ നഗരസഭയിലെ രേഖകളുടെ പരിശോധന തുടരുകയാണ്. കഴിഞ്ഞ 30 നാണ് തദ്ദേശവകുപ്പ് സീനിയർ ഫിനാൻസ് ഓഫിസറുടെ നേതൃത്വത്തിൽ ഏഴംഗസംഘം പരിശോധന ആരംഭിച്ചത്. പെൻഷൻ ഫണ്ടിൽനിന്ന് 2.39 കോടി തട്ടിയ പ്രതി അഖിൽ സി. വർഗീസിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഡെപ്യൂട്ടി സെക്രട്ടറി ഫില്ലിസ് ഫെലിക്സ്, അക്കൗണ്ട്സ് വിഭാഗം സൂപ്രണ്ട് എസ്.കെ. ശ്യാം, അക്കൗണ്ട്സ് വിഭാഗത്തിലെ സീനിയർ ക്ലർക്ക് വി.ജി. സന്തോഷ് കുമാർ, പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന കെ.ജി. ബിന്ദു എന്നിവർ നിലവിൽ അന്വേഷണവിധേയമായി സസ്പെൻഷനിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.