ചേർമലയുടെ രഹസ്യങ്ങൾ തേടി പുരാവസ്തു വകുപ്പ്; ടൂറിസം സാധ്യത തേടി ഡി.ടി.പി.സിയും
text_fieldsപേരാമ്പ്ര: ചേര്മലയിലെ നരിമഞ്ച സൂക്ഷിച്ചുവെച്ച രഹസ്യങ്ങൾ തേടുകയാണ് പുരാവസ്തു ഗവേഷണ വകുപ്പ്. ഇതിന്റെ ടൂറിസം സാധ്യതകൾ തേടി ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും കൂടെയുണ്ട്. പഴശ്ശി രാജ മ്യൂസിയം ചാര്‍ജ് ഓഫിസര്‍ കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ച്ചയോളമായി പേരാമ്പ്രയിൽ തങ്ങി പരിശോധന നടത്തുകയാണ്. ചേര്മലയിലെ ഏറ്റവും മുകള്‍ ഭാഗത്താണ് നരിമഞ്ചയെന്ന പേരിലുള്ള ചെറിയ ഗുഹയുള്ളത്.
ഇതിന്റെ അകത്ത് നിരവധി പേര്‍ക്ക് ഇറങ്ങി നില്ക്കാന് സൗകര്യമുള്ള സ്ഥലമുണ്ട്. ഉള്‍ഭാഗത്ത് മണ്ണ് മൂടി കിടക്കുന്നതിനാല്‍ ഇപ്പോൾ ഗുഹയുടെ ഉള്ളിലേക്ക് കടക്കാൻ പ്രയാസമാണ്. പഴയ കാലത്ത് ഇവിടെ നരി താമസിച്ചിരുന്നതായും അതുകൊണ്ടാണ് ഈ ഗുഹക്ക് നരിമഞ്ചയെന്ന പേര് വന്നതെന്ന് പഴമക്കാർ പറയുന്നു. ഗുഹയിലെ മണ്ണെടുക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. ശിലായുഗ കാലഘട്ടത്തിലെ എന്തെങ്കിലും ശേഷിപ്പുകൾ കണ്ടെത്തുമോ എന്ന കൗതുകത്തിലാണ് നാട്ടുകാർ.
ചേര്‍മലയില്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനായി ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ അധികൃതര്‍ നേരത്തെ സാധ്യത പരിശോധന നടത്തിയിരുന്നു. ആറ് കോടിയോളം രൂപയുടെ പദ്ധതിയും അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്.ഇതിനൊപ്പമാണ് നരിമഞ്ചയുടെ സാധ്യതയും കൂടി പരിശോധിക്കാന്‍ പുരാവസ്തു വകുപ്പിന് ഡി.ടി.പി.സി. അപേക്ഷ നല്‍കിയത്.ചേർമലയിലെ നരിമഞ്ചയും പുൽപരപ്പുകൾ നിറഞ്ഞ കളരിയെന്ന നിരന്നപാറയും അവിടത്തെ അസ്തമയക്കാഴ്ചകളുമെല്ലാം വർഷങ്ങൾക്കുമുേമ്പ ഒരു പ്രാദേശിക സഞ്ചാരകേന്ദ്രമായി ചേർമലയെ മാറ്റിയിരുന്നു. മിത്തും ചരിത്രവും പാരിസ്ഥിതികമായ സൗന്ദര്യവും ഇന്നും ചേർമലക്ക് നഷ്ടമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.