ഈ തെരുവിൽ ഇനിയും രക്തം വീഴരുത്...
text_fieldsകോഴിക്കോട്: മാനാഞ്ചിറയിൽ എൽ.ഐ.സി ജങ്ഷനിലെ ബസ് സ്റ്റോപ്പിനു മുന്നിൽ കഴിഞ്ഞ ദിവസമാണ് ബൈക്ക് യാത്രക്കാരായ വൃദ്ധ ദമ്പതികൾ കെ.എസ്.ആർ.ടി.സി ബസിനടിയിൽപെട്ട് ദാരുണമായി മരണപ്പെട്ടത്. ഈ ജങ്ഷനിൽ ഒന്നു വന്നുനോക്കിയാലറിയാം ഓരോ ദിവസവും മനുഷ്യർ ഭാഗ്യം കൊണ്ടുമാത്രം രക്ഷപ്പെടുകയാണെന്ന്. നഗരത്തിലെ ഏറ്റവും തിരക്കേറിയ ബസ് സ്റ്റോപ്പിൽ ഒരുക്കേണ്ട ഒരു സംവിധാനവും ഇവിടെയില്ലെന്ന് ഒറ്റനോട്ടത്തിൽ ബോധ്യപ്പെടും.
ബസുകൾ നിർത്തി ആളെ കയറ്റുന്നതിനായി പ്രത്യേകം ബസ് ബേ ഇവിടെയില്ല. പകരം, ഇരുമ്പിന്റെ ബാരിക്കേഡുകൾ കൊണ്ട് പൊലീസ് ഉണ്ടാക്കിയ താൽക്കാലിക ബസ് ബേ മാത്രമാണിവിടെ. തിരക്കേറിയ റോഡിന്റെ ഒരു ഭാഗം വീതിച്ചെടുത്താണ് ബസ് ബേ ഉണ്ടാക്കിയിരിക്കുന്നത്. അതിൽ നിറയെ റോഡിൽ പാലിക്കേണ്ട ഉപദേശങ്ങൾ എഴുതിവെച്ചിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം ദമ്പതികളുടെ മരണത്തിനിടയാക്കിയതിൽ വില്ലനായതും ഇതേ ബാരിക്കേഡാണ്. പിന്നിൽനിന്നു വന്ന കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ തട്ടിയപ്പോൾ ബാരിക്കേഡിനും ബസിനുമിടയിലായിപ്പോയ ദമ്പതികൾ ബാരിക്കേഡിൽ തട്ടി ബസിനടിയിലേക്കു വീഴുകയായിരുന്നു. ഇരുവരുടെയും തലയിലൂടെയാണ് ബസ് കയറിയിറങ്ങിയത്. സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു.
താൽക്കാലികമായുണ്ടാക്കിയ ബസ് ബേയിൽ സിറ്റി ബസുകൾ കയറുമ്പോൾ കെ.എസ്.ആർ.ടി.സി അടക്കമുള്ള മറ്റു ബസുകൾ ബേക്കു പുറത്ത് നിർത്തി ആളെ കയറ്റുകയാണ് പതിവ്. ഏതു ഭാഗത്തേക്കാണ് ബസ് വരുന്നതെന്ന ആശയക്കുഴപ്പത്തിൽ ബസിനു മുന്നിൽനിന്ന് ജീവനും കൊണ്ടോടേണ്ട ഗതികേടാണ് കാൽനടയാത്രക്കാർക്ക്. പിന്നിലൂടെ വരുന്ന വാഹനം ബസ് ബേയിൽ കയറുമോ ഇല്ലയോ എന്ന ശങ്ക ഇരുചക്രവാഹന യാത്രക്കാർക്കുമുണ്ടാകും. പിന്നിൽനിന്ന് ഉച്ചത്തിൽ ഹോണടിക്കുന്ന ബസുകൾ ഇരുചക്രവാഹനക്കാരിൽ പരിഭ്രാന്തിയാണുണ്ടാക്കുക. ആ വെപ്രാളത്തിനിടയിൽ നിയന്ത്രണം നഷ്ടപ്പെടാനും അപകടമുണ്ടാകാനും സാധ്യതയേറെയാണ്.
പട്ടാളപ്പള്ളിയുടെ മുന്നിൽനിന്ന് വാഹനം ബസുകൾ തിരിയുമ്പോൾ മുതലേ അപകടമണി മുഴങ്ങുകയായി. മാനാഞ്ചിറ മൈതാനത്തേക്ക് പ്രവേശിക്കാൻ വരുന്നവരും ബസുകൾക്കു മുന്നിൽനിന്ന് ഓടി രക്ഷപ്പെടുകയാണ്. പട്ടാളപ്പള്ളിയുടെ മുന്നിൽ എൽ.ഐ.സിയുടെ പരസ്യത്തിനായി വലിയൊരു ഭാഗം റൗണ്ട് കെട്ടി അപഹരിച്ചെടുത്തതാണ് ഈ ഭാഗം ഇടുങ്ങിപ്പോകാൻ പ്രധാനകാരണം. ഇതിന്റെ വലിപ്പം കുറച്ചിരുന്നെങ്കിൽ മാനാഞ്ചിറ മൈതാനത്തിന് മുന്നിൽ കുറച്ചുകൂടി സ്ഥലം കിട്ടുമായിരുന്നു.
സന്ധ്യയായാൽ പ്രദേശത്ത് മതിയായ വെളിച്ചമില്ലാത്തതും സ്ഥിതി ഗുരുതരമാക്കും. ജില്ല പൊലീസ് ആസ്ഥാനത്തിന്റെയും ട്രാഫിക് കൺട്രോൾ റൂമിന്റെയും മൂക്കിനു കീഴെയായിട്ടും വേണ്ടത്ര സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല. പട്ടാളപ്പള്ളി, മാനാഞ്ചിറ മൈതാനം, മിഠായിത്തെരുവ്, എൽ.ഐ.സി. ഓഫിസ് തുടങ്ങിയ പ്രത്യേകതകൾ പരിഗണിച്ച് സമഗ്രമായ ട്രാഫിക് പരിഷ്കാരം ഏർപ്പെടുത്തിയില്ലെങ്കിൽ ഈ തെരുവിൽ ഇനിയും രക്തം വീഴും. ജീവൻ പൊലിയും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.