മെട്രോ സഫാരി; കോഴിക്കോട്ട് മെട്രോ റെയിൽ, ചക്കിട്ടപ്പാറയിൽ ടൈഗര്‍ സഫാരി പാർക്ക്
text_fieldsകോഴിക്കോട്: ജില്ല ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെട്രോ റെയിൽ പദ്ധതിക്ക് പച്ചക്കൊടി ലഭിച്ച സംസ്ഥാന ബജറ്റിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ചക്കിട്ടപ്പാറ മുതുകാട് ടൈഗര്‍ സഫാരി പാര്‍ക്കും പ്രഖ്യാപിച്ചു. ജില്ലയുടെ വികസനത്തിനും വിനോദസഞ്ചാര മേഖലക്കും ഉണർവാകുന്നതാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ.
കോഴിക്കോട് മെട്രോ റെയിൽ പദ്ധതിക്ക് മേജർ ഇൻഫ്രാസ്ട്രക്ച്ചർ പ്രോജക്ടുകൾക്ക് നീക്കിവെച്ച തുകയിൽനിന്ന് ഫണ്ട് അനുവദിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. ചക്കിട്ടപ്പാറ മുതുകാട് പെരുവണ്ണാമുഴി റെയ്ഞ്ചിൽ 120 ഹെക്ടറിലാണ് ടൈഗര്‍ സഫാരി പാര്‍ക്ക് തുടങ്ങുക.
ആരോഗ്യകരം
കോഴിക്കോട് അടക്കം മൂന്ന് മെഡിക്കൽ കോളജിലെ ഓങ്കോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അർബുദ ചികിത്സ ഉപകരണം വാങ്ങാന്‍ 14 കോടി രൂപ അനുവദിച്ചു. ഇത് സാധാരണക്കാർക്ക് ആശ്വാസമാവും. ആറ് ഡെന്റല്‍ കോളജുകള്‍ക്ക് വികസനത്തിന് 22.79 കോടിയും നഴ്സിങ് കോളജുകള്‍ക്കായി 13.78 കോടി രൂപയും മെഡിക്കൽ കോളജ് ആശുപത്രികളിലെ മാലിന്യ സംസ്കരണ പദ്ധതി 13 കോടിയും നീക്കിവെച്ചതിന്റെ വിഹിതവും ജില്ലക്ക് ലഭിക്കും.
കോഴിക്കോട് ഉള്‍പ്പെടെ 11 ചെറുകിട തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് അഞ്ചുകോടി, തീരസംരക്ഷണ പ്രവര്‍ത്തനങ്ങൾക്ക് 15 കോടി, സംസ്ഥാനത്തെ ഒമ്പത് സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളില്‍ ഇന്റര്‍ ഡിസിപ്ലിനറി റിസര്‍ച്ച് സെന്റര്‍, ഉള്‍നാടന്‍ ജലഗതാഗത മേഖലക്ക് 130.32 കോടി തുടങ്ങിയവയിലും ജില്ലക്കും അര്‍ഹമായ വിഹിതം ലഭിക്കും.
ബജറ്റിലെ കോഴിക്കോട്
- ചാലിയം ഫിഷ് ലാൻഡിങ് സെന്റര്‍ -15 കോടി
- ജെന്‍ഡര്‍ പാര്‍ക്ക് വികസനം -ഒമ്പതു കോടി
- കുറ്റ്യാടി ജലസേചനം അഡീഷനല്‍ എക്സ്റ്റന്‍ഷന്‍ -ഏഴുകോടി
- ഇംഹാന്‍സ് -3.60 കോടി
- കോഴിക്കോടും ബേപ്പൂരും വിപുലമായ കൺവെന്ഷന് സെന്ററുകള്‍
- ബേപ്പൂര്‍ തുറമുഖ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട്
- ബേപ്പൂര്‍ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍, വിശ്രമകേന്ദ്രങ്ങള്‍, റെസ്റ്റോറന്റുകള്‍, മോട്ടലുകള്‍ എന്നിവ ഉള്‍പ്പെടുന്ന മിനി മറീനകളും യാട്ട് ഹബ്ബുകളും
- കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് ഫണ്ട്
- കോഴിക്കോട് റീജനല്‍ ലബോറട്ടറി നവീകരിക്കും
- കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ സ്പോര്‍ട്സ് ഇൻജുറി ട്രീറ്റ്മെന്റ് ഡിവിഷനും സ്പോര്‍ട്സ് പെര്‍ഫോമന്‍സ് ഇംപ്രൂവ്മെന്റ് ഡിവിഷനും
- രാമനാട്ടുകര വ്യവസായ പാക്കിൽ അടിസ്ഥാന സൗകര്യവികസനം
- കുറ്റ്യാടി കനാൽ നവീകരണത്തിന് ഫണ്ട്
മണ്ഡലങ്ങളിലൂടെ
കോഴിക്കോട് നോർത്ത്
- വെള്ളയിൽ മത്സ്യഭവൻ- രണ്ടു കോടി
- സിവിൽ സ്റ്റേഷൻ യു.പി സ്കൂൾ കെട്ടിടം- ഒരു കോടി
- മെഡിക്കൽ കോളജ് ഡോർമെട്രി കം കാന്റീൻ - ഒരു കോടി
- മെഡിക്കൽ കോളജ് കാളാണ്ടിത്താഴം റോഡ്- രണ്ടു കോടി
- കക്കോടി-കണ്ണാടിക്കൽ റോഡ്- 1.25 കോടി
- കണ്ണാടിക്കൽ പകൽവീട്- 25 ലക്ഷം
- എൻ.ജി.ഒ ക്വാട്ടേഴ്സ് സ്കൂൾ -ഒരു കോടി
- സാമൂഹിക ക്ഷേമ കോംപ്ലക്സ് ചുറ്റുമതിൽ -ഒരു കോടി
- കാരപ്പറമ്പ് ജങ്ഷനിൽ കനോലി കനാലിന് പാലം -ഒരു കോടി
കോഴിക്കോട് സൗത്ത്
- തിരുവണ്ണൂര്‍ ചിറ പൈതൃക പദ്ധതി- അഞ്ചു കോടി
- ചാമുണ്ടി വളപ്പ് ഓഡിറ്റോറിയം- അഞ്ചു കോടി
ബേപ്പൂർ
- കടലുണ്ടി, രാമനാട്ടുകര, ഫറോക്ക് കേരഗ്രാം -രണ്ടു കോടി
- ബേപ്പൂർ ഗവ. ആയുർവേദ ആശുപത്രി- ഒരു കോടി
- ചാലിയം ഫിഷ് ലാൻഡിങ് സെന്റർ- 15 കോടി
എലത്തൂര്‍
- നന്മണ്ടയില് മിനി സിവില്‍ സ്റ്റേഷന്- ഒരു കോടി
- കാക്കൂരില്‍ സ്റ്റേഡിയം- ഒരു കോടി
- കൊളത്തൂര്‍ എസ്.ജി.എം.എച്ച്.എസ്.എസ്, പറമ്പില്‍ ജി.എച്ച്.എസ്.എസ് നീന്തല്‍കുളം- 40 ലക്ഷം
- കനോലി കനാല്‍ നവീകരണം -20 ലക്ഷം
- അന്നശ്ശേരി പാടശേഖരം -40 ലക്ഷം
- കാക്കൂർ പൊതുശ്മശാനം -20 ലക്ഷം
കുന്ദമംഗലം
- എക്സൈസ് ഓഫിസ് കെട്ടിടം -1.5 കോടി
- ആർ.ഇ.സി-മുത്തേരി റോഡ് -മൂന്നു കോടി
- പൂവാട്ടുപറമ്പ്-കോട്ടായിതാഴം റോഡ് -മൂന്നു കോടി
- സ്പെഷൽ ബി.ആർ.സി കെട്ടിടം -രണ്ടു കോടി
- കുറ്റിക്കടവ് പാലം -50 ലക്ഷം
കൊടുവള്ളി
- നരിക്കുനി ബൈപാസ് -3.5 കോടി
- കൊടുവള്ളി സിറാജ് ബൈപാസ് നവീകരണം-അഞ്ചുകോടി
- കാപ്പാട് -തുഷാരഗിരി റോഡിൽ ഡ്രൈനേജ്- രണ്ടു കോടി
തിരുവമ്പാടി
- കാരമൂല ജങ്ഷൻ തേക്കുംകുറ്റി മരഞ്ചാട്ടി റോഡ് -4.5 കോടി
- പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് -3.5 കോടി
- ഈങ്ങാപ്പുഴ കാക്കവയൽ റോഡ് -രണ്ടു കോടി
ബാലുശ്ശേരി
- മഞ്ഞപ്പുഴ -രാമൻപുഴ കാട്ടാമ്പള്ളി ടൂറിസം -രണ്ടു കോടി
- കരിയാത്തുംപാറ ടൂറിസം വികസനം -രണ്ടു കോടി
- തലയാട് ആയുർവേദ ആശുപത്രി -രണ്ടു കോടി
- ബാലുശ്ശേരി- കൂട്ടാലിട-കൂരാച്ചുണ്ട് റോഡ് -രണ്ടു കോടി
- എകരൂൽ-കാക്കൂർ റോഡ് -രണ്ടു കോടി
കൊയിലാണ്ടി
- കാപ്പാട് കടല്‍ഭിത്തി -ആറുകോടി
- കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് - ഹാര്‍ബര്‍ - വലിയമങ്ങാട് റോഡ്- 1.40 കോടി
- അരയങ്കാവ് - കൂത്തംവള്ളി റോഡ് -1.10 കോടി
- കോട്ടക്കല്‍ കോട്ടത്തുരുത്തി സംരക്ഷണ ഭിത്തി -1.50 കോടി
പേരാമ്പ്ര
- കൽപത്തൂർ - വെള്ളിയൂർ- കാപ്പുമുക്ക് റോഡ് -10 കോടി
- കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ അഡീഷണൽ എക്സ്റ്റൻഷൻ -ഏഴു കോടി
- പ്ലാന്റേഷൻ ലയം നവീകരിക്കാൻ -10 കോടി
കുറ്റ്യാടി
- കടത്തനാടൻ കല്ല് ഞള്ളോറപ്പള്ളി റോഡ് -3.50 കോടി
- കുന്നുമ്മൽ വോളിബാൾ അക്കാദമി കെട്ടിട നിർമാണം -രണ്ടു കോടി
- തിരുവള്ളൂർ ആയഞ്ചേരി റോഡ് -മൂന്നു കോടി
- മണിയൂർ വാന നിരീക്ഷണകേന്ദ്രം -50 ലക്ഷം
- പുറമേരി ഇൻഡോർ സ്റ്റേഡിയം -രണ്ടു കോടി
വടകര
- വടകര- ഏറാമല ഡിസ്ട്രിബ്യൂട്ടറി കനാൽ -രണ്ടു കോടി
- കാപ്പുഴക്കൽ തോട് ഭിത്തി -ഒരു കോടി
- ഓലപ്പുഴ, പെരുമ്പുഴക്കര തോട് നവീകരണവും ഫുട്പാത്തും -50 ലക്ഷം
- മാടാക്കര തോട് ഭിത്തി -75 ലക്ഷം
- അറക്കൽ ക്ഷേത്രം തെക്കെ കുനിയിൽ ഡ്രൈനേജ് കം ഫുട്പാത്ത് -40 ലക്ഷം
- കുന്നുമ്മക്കര മണപ്പുറം പ്ലേഗ്രൗണ്ടിൽ ഫുട്ബാൾ, വോളിബാൾ കോർട്ട് നിർമാണവും ഗ്രൗണ്ട് നവീകരണം -35 ലക്ഷം
നാദാപുരം
- മുണ്ടകുറ്റി പാലം -3.5 കോടി
- ചോയിതോട് പാലം -രണ്ടു കോടി
- പയന്തോങ്ങ് - ചിയ്യൂർ-നരിപ്പറ്റ റോഡ് -1.5 കോടി
- ഗ്രാമീണ റോഡുകളുടെ നവീകരണം - മൂന്ന് കോടി
ബേപ്പൂരിൽ ‘ചാകര’
സംസ്ഥാന ബജറ്റ് അവതരിപ്പിച്ചപ്പോൾ ബേപ്പൂരിൽ ചാകര. വിനോദ സഞ്ചാര, തുറമുഖ, വ്യവസായ, ഗതാഗതം, ആരോഗ്യം, കാർഷികം മേഖലകളിലെ വികസനങ്ങളിലെല്ലാം ബേപ്പൂരിന് പരിഗണന ലഭിച്ചു.
മത്സ്യബന്ധന മേഖലയിൽ ചാലിയം ഫിഷ് ലാൻഡിങ് സെന്ററിന് 15 കോടിയാണ് വകയിരുത്തിയത്. അതേസമയം കോഴിക്കോട് മെഡിക്കൽ കോളജ്, ബീച്ച് ആശുപത്രി എന്നീ പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ സമഗ്ര വികസനത്തിന് ബജറ്റിൽ തുക വകയിരുത്തിയിട്ടില്ലെന്നത് ആക്ഷേപത്തിന് ഇടയാക്കി.
അത്യാവശ്യങ്ങൾ പടിക്കുപുറത്ത്
കോഴിക്കോട്: സംസ്ഥാന ബജറ്റിൽ ജില്ലയിലേക്കുള്ള വികസനങ്ങൾ മെട്രോ റെയിലിൽ ഒതുങ്ങിയതായി ആക്ഷേപം. കാലങ്ങളായി ജനം ആവശ്യപ്പെടുന്ന പല പദ്ധതികൾക്കും ബജറ്റിൽ പരിഗണന ലഭിച്ചില്ല.
താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദേശിച്ച തുരങ്ക പാതയെക്കുറിച്ച് ബജറ്റിൽ പരാമർശമൊന്നും ഉണ്ടായില്ല.
കനോലി കനാലിലൂടെയുള്ള ജലപാതയിൽ ചർച്ച സജീവമായി നടക്കുമ്പോഴും പദ്ധതി വിഹിതം അനുവദിക്കാത്തതും നിരാശപടർത്തി.
തീപിടിത്ത ഭീഷണി നിലനിൽക്കുന്ന നഗരത്തിൽ അത്യാവശ്യം വേണ്ട ബീച്ച് ഫയർ സ്റ്റേഷൻ കെട്ടിനിർമാണത്തെക്കുറിച്ച് ബജറ്റിൽ പ്രതിപാദിക്കാത്തതും ആശങ്കക്കിടയാക്കുന്നു.
ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മാങ്കാവ്, പാളയം,മീഞ്ചന്ത എന്നിവിടങ്ങളിൽ നിർദേശിക്കപ്പെട്ട മേൽപാലങ്ങൾക്കും ബജറ്റിൽ പരിഗണന ലഭിച്ചില്ല.
കർഷകർക്ക് ആശ്വാസകരമായ പദ്ധതികൾ ഒന്നും ഇല്ലാത്തതും തിരിച്ചടിയായി. കുറ്റ്യാടിയിലെ നിർദിഷ്ട കോക്കനട്ട് പാർക്കും വെളിച്ചം കണ്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.