തെരുവുനായ് മുഖത്ത് ചാടിക്കടിച്ചിട്ടും പിടിവിട്ടില്ല; നാടിന്റെ രക്ഷകനായി ബാബു
text_fieldsഉള്ള്യേരി: പ്രഭാതസവാരിക്കിടെ അപ്രതീക്ഷിതമായുണ്ടായ തെരുവുനായുടെ ആക്രമണത്തിൽ പതറാതെ നായെ കീഴ്പ്പെടുത്തിയ ബാബുവിന് അഭിനന്ദനപ്രവാഹം. ഉള്ള്യേരി പാലോറ ബസ് സ്സ്റ്റോപ്പിന് സമീപം ഒ.സി റോഡിൽ നാറാങ്കുളങ്ങര ബാബുവിനാണ് (54) നായുടെ കടിയേറ്റത്. തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. നടക്കാനിറങ്ങിയ ബാബുവിനെ റോഡിലൂടെ ഓടിവന്ന നായ് ഒരു പ്രകോപനവുമില്ലാതെ മുഖത്ത് ചാടിക്കടിക്കുകയായിരുന്നു .
കടിയുടെ ശക്തിയിൽ താഴെവീണ ബാബു പക്ഷേ, നായുടെ കഴുത്തിൽ മുറുക്കിപ്പിടിച്ച് ഏറെനേരം റോഡിൽ കിടന്നു. രാവിലെയായിരുന്നതിനാൽ ഇടറോഡിൽ ആരും ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ ബഹളംകേട്ടാണ് പിന്നീട് പരിസരവാസികൾ എത്തിയത്. കഴുത്തിലെ പിടിവിടാതെ ഏറെനേരം നിലത്തുകിടന്നു. ആത്മരക്ഷാർഥം നായെ കൊന്നശേഷമാണ് ബാബു പിടിവിട്ടത്. ഇദ്ദേഹത്തെ നായ് ആക്രമിക്കുന്ന ദൃശ്യം സമീപത്തെ വീട്ടിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. നായ് ചാടിക്കടിക്കുന്നതും ഏറെനേരം നായും ബാബുവും മൽപിടുത്തം നടത്തുന്നതും ദൃശ്യങ്ങളിൽ കാണാം. മുഖത്തും നെഞ്ചിലും കാലിലും കടിയേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സതേടി. നിരവധിപേരെ കടിക്കുമായിരുന്ന തെരുവു നായിൽനിന്നും ജീവൻ പണയംവെച്ച് പ്രദേശത്തെ രക്ഷിച്ച ബാബുവിന് ഇപ്പോൾ അഭിനന്ദനപ്രവാഹമാണ്. തെരുവുനായ് ആക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കടിയേറ്റ വേദനകൾക്കിടയിലും രക്ഷകനാവാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണിപ്പോൾ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന ബാബു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.