കവർച്ച: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ
text_fieldsകൊല്ലങ്കോട്: സ്വർണ വ്യാപാരിയെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ ഒളിവിൽപോയ പ്രതി പിടിയിലായി. തൃശൂർ കൊടകര മാനംകുളങ്ങര സ്വദേശി വേണുഗോപാലിനെയാണ് (വേണു -53) കൊല്ലങ്കോട് പൊലീസ് തൃശൂർ കൊടകരയിൽ െവച്ച് ശനിയാഴ്ച രാവിലെ പിടികൂടിയത്.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ രാത്രി വട്ടേക്കാട്ട് െവച്ച് സഹോദരങ്ങളായ സ്വർണ വ്യാപാരികളെ ആക്രമിച്ച് ആറര കിലോ സ്വർണാഭരണങ്ങളും 75,000 രൂപയും തട്ടിയെടുത്ത കേസിലെ നാലാം പ്രതിയാണ് വേണു. അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങി. നെന്മാറയിലെ തൃശൂർ ഫാഷൻ ജ്വല്ലറി ഉടമകളായ മോഹൻരാജും ശെൽവരാജും കടയടച്ച് രാത്രി കാറിൽ കൊല്ലങ്കോട്ടെ വീട്ടിലേക്ക് പോകുമ്പോഴാണ് വട്ടേക്കാട് സ്കൂളിന് മുന്നിൽ തടഞ്ഞു നിർത്തി, വേണു അടക്കം 11 പേരടങ്ങിയ സംഘം വ്യാപാരികളെ ആക്രമിച്ച് കൊള്ള നടത്തിയത്. വേണുവിനായി പാലക്കാട് ജില്ല അഡീഷനൽ സെഷൻസ് കോടതി നിരവധി തവണ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു.
ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് മനഃപൂർവമല്ലാത്ത നരഹത്യക്ക് കൊടുങ്ങല്ലൂർ സ്റ്റേഷനിൽ വേണുവിനെതിരെ കേസ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഈ കേസിൽ എഴ് വർഷം ശിക്ഷ വിധിച്ചിരുന്നെങ്കിലും മേൽകോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്. കൊല്ലങ്കോട് പൊലീസ് ഇൻസ്പെക്ടർ വിപിൻദാസിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐ കെ. ഷാഹുൽ, സീനിയർ സി.പി.ഒമാരായ ഉവൈസ്, കെ. രമേഷ്, സി.പി.ഒ എസ്. ജിജോ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.