പത്തനംതിട്ടയിൽ മത്സരം കടുക്കുന്നു
text_fieldsപത്തനംതിട്ട: ജില്ലയിലെ അഞ്ചു മണ്ഡലത്തിലും മത്സരം കടുക്കുന്നു. മൂന്നു മുന്നണിയും പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമാണ്. വിജയിക്കാൻ നന്നായി വിയർപ്പ് ഒഴുക്കേണ്ട അവസ്ഥയാണിപ്പോൾ.
സ്ഥാനാർഥികളുടെ പഞ്ചായത്തുകളിലെ സ്വീകരണ പരിപാടിയാണ് ഇപ്പോൾ നടക്കുന്നത്. ബാൻഡ് മേളങ്ങളും നാടൻ കലാരൂപങ്ങളുമൊക്കെ ഓരോ സ്വീകരണ കേന്ദ്രങ്ങളെയും ആകർഷമാക്കുന്നു.
പണം വാരിയെറിഞ്ഞുള്ള പ്രചാരണമാണ് നടക്കുന്നത്. സ്ഥാനാർഥികളെ പുകഴ്ത്തുന്ന പാരഡി പാട്ടുകളുമായി വാഹനങ്ങൾ മുക്കിനും മൂലയിലും വരെ എത്തുന്നുണ്ട്. വൈകുന്നേരങ്ങളിലെ മഴ പ്രചാരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
കോന്നി മണ്ഡലത്തിലാണ് ഉശിരൻ പോരാട്ടം നടക്കുന്നത്. നാടും നഗരവും ഇളക്കി മറിച്ചുള്ള പ്രചാരണമാണ് കോന്നിയിൽ നടക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോന്നിയിലേത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിക്കുന്നതിനാൽ ബി.ജെ.പിക്കും അഭിമാനപോരാട്ടമാണ്.
അടൂരിലും മത്സരം കടുത്തു. എൽ.ഡി.എഫും യു.ഡി.എഫും ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങളിലൂടെ ഒപ്പത്തിനൊപ്പം എത്തിയിട്ടുണ്ട്. ആറന്മുളയും എല്ലാവരും ഉറ്റുനോക്കുന്ന മണ്ഡലമായി മാറി. സി.പി.എം-ബി.ജെ.പി ഡീൽ വിവാദത്തിലൂടെയാണ് ആറന്മുള ശ്രദ്ധാകേന്ദ്രമായി മാറിയത്. ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലം കൂടിയായ ആറന്മുളയിൽ അവരുടെ സ്ഥാനാർഥിയുടെ പ്രചാരണ പ്രവർത്തനങ്ങൾ സജീവമായി വരുന്നതേയുള്ളൂ.
ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ളയാളെ സ്ഥാനാർഥിയാക്കി പുത്തൻ പരീക്ഷണമാണ് എൻ.ഡി.എ പയറ്റുന്നത്. എന്നാൽ, എൽ.ഡി.എഫും യു.ഡി.എഫും ഒരേ പോലെ വിജയപ്രതീക്ഷയിലാണ്. മുൻ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി നേടിയ വോട്ടുകൾ അത്രയും അവർ പിടിക്കുമോ അതോ മറ്റ് ഏതെങ്കിലും മുന്നണികളിലേക്ക് മറിയുമോ എന്നതാണ് മണ്ഡലത്തിലെ പ്രധാന സംസാരവിഷയം.
തിരുവല്ലയിലും ഉശിരൻ പോരാട്ടമാണ് നടക്കുന്നത്. യു. ഡി.എഫിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ ചില നേതാക്കൾക്ക് സീറ്റ് ലഭിക്കാഞ്ഞതിനെ തുടർന്ന് ഇപ്പോഴും സജീവമാകാതെ നിൽക്കുന്നു.
എങ്കിലും കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടി നടത്തിയ റോഡ് ഷോയിലൂടെ പ്രവർത്തകർ ആവേശത്തിലാണ്. എൽ.ഡി.എഫിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ പര്യടനത്തോടെ കൂടുതൽ ആത്മവിശ്വാസം വന്നിട്ടുണ്ട്. റാന്നിയിലും മത്സരം കടുത്തിട്ടുണ്ട്. മണ്ഡലം നിലനിർത്താനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്. മണ്ഡലം നഷ്ടപ്പെടരുതെന്ന് ബുധനാഴ്ച മുഖ്യമന്ത്രി സന്ദർശിച്ചപ്പോൾ നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
മുന്നണികളുടെ പ്രധാന സംസ്ഥാന നേതാക്കൾ എല്ലാം ജില്ലയിൽ പ്രചാരണത്തിന് എത്തിത്തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ രാഹുൽ ഗാന്ധി, നരേന്ദ്രമോദി എന്നിവർ കൂടി ജില്ലയിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.